X
    Categories: Video Stories

സ്‌നേഹ സാന്ത്വനമായി പാലിയേറ്റീവ് കെയര്‍

മുഹമ്മദ് കക്കാട്

ജനകീയ ആരോഗ്യമേഖലയില്‍ വന്ന നിര്‍ണായകമായ വളര്‍ച്ചയും വികാസവുമാണ് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍, അഥവാ സാന്ത്വന പരിചരണം. സന്നദ്ധ സംഘടനകളിലൂടെ കടന്നുവന്ന് സമൂഹം ഏറ്റുപിടിച്ച സംവിധാനം കലാലയങ്ങളില്‍വരെ സുപരിചിതവും സജീവവുമാകാന്‍ അധികകാലം വേണ്ടിവന്നില്ല. ഇതിനിടെ സംസ്ഥാന സര്‍ക്കാരും പാലിയേറ്റീവ് കെയര്‍ സംവിധാനത്തെ ഔദ്യോഗികമായി അംഗീകരിച്ച് തദ്ദേശ സ്ഥാപനങ്ങളിലൂടെ നടപ്പാക്കിത്തുടങ്ങി.
ചികിത്സാസംവിധാനങ്ങള്‍ പരാജയപ്പെട്ടും കുഴങ്ങിയും അധികപേരുടെയൊന്നും കണ്ണും കാതും മനസ്സുമെത്താതെയുമൊക്കെ കഴിയുന്നിടത്താണ് പാലിയേറ്റീവ് കെയര്‍ ഏറെ പ്രവര്‍ത്തന സജ്ജമാകുന്നത്. നിസ്സഹായനായ ഡോക്ടര്‍,ഇനി ഇവിടെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല, വീട്ടിലേക്കു കൊണ്ടുപൊയ്‌ക്കോളൂ എന്നു പറയുമ്പോള്‍, രോഗിയുടെയും ബന്ധുക്കളുടെയും മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന കാരുണ്യത്തിന്റെ മാലാഖമാരാണ് പാലിയേറ്റീവ് കെയര്‍. എന്നാല്‍ ഇവിടെമാത്രം ഒതുങ്ങിനിന്നില്ല, കാലഘട്ടത്തിന്റെ അനിവാര്യതയെന്നോണം വികാസവും പരിണാമങ്ങളുമുണ്ടായി. മരണം സുഖകരമാക്കുക എന്നതില്‍നിന്നും ജീവിതത്തിലേക്കു കൈപ്പിടിക്കുന്ന മാനസികരോഗീ പരിചരണത്തില്‍വരെ എത്തിയിരിക്കുകയാണ് പാലിയേറ്റീവ് കെയര്‍ സംവിധാനം. പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സ് മുറ്റത്തുകണ്ടാല്‍ അയല്‍വാസികള്‍ മരണം വിധിയെഴുതുമായിരുന്നു, അതുകൊണ്ടുതന്നെ മരണാസന്നമായ അവസ്ഥയില്‍പോലും തന്റെ ബന്ധുവിനെ പാലിയേറ്റീവ് കെയര്‍ ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്യുന്നതും പരിചരണത്തിന്നായി പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സില്‍ ഡോക്ടറും നഴ്‌സും വളണ്ടിയര്‍മാരും വീട്ടിലേക്കു വരുന്നതും ഭയത്തോടും ദുഃഖത്തോടുംകൂടിയായിരുന്നു പലരും കണ്ടിരുന്നത്. ഈ മാനസികാവസ്ഥയില്‍നിന്നു സമൂഹത്തെ മാറ്റിയെടുത്തുവെന്നതാകും ഈ രംഗത്തുണ്ടായ പ്രഥമവും പ്രധാനവുമായ വികാസത്തിന്റെ ചുവടുവെപ്പ്.
അഡ്മിറ്റു ചെയ്ത ആസ്പത്രിയും ചികിത്സിച്ച ഡോക്ടറും കയ്യൊഴിയുമ്പോള്‍ തളരുന്ന രോഗിയുടെ മാനസികാവസ്ഥക്കും തകരുന്ന ശാരീരികവും സാമ്പത്തികവും സാമൂഹികവുമായ സന്തുലിതാവസ്ഥക്കും താങ്ങാവുന്ന ചാലക ശക്തിയാണ് പാലിയേറ്റീവ് കെയര്‍ എന്ന് സമൂഹം തിരുത്തിയെഴുതി. ഹോം കെയര്‍ നഴ്‌സും വളണ്ടിയര്‍മാരും സ്‌നേഹത്തിന്റെയും ആശ്വാസത്തിന്റെയും മാലാഖമാരാണെന്ന് തെളിയിക്കപ്പെട്ടു.
ഭക്ഷണം കഴിപ്പിക്കാന്‍, വെള്ളം കുടിപ്പിക്കാന്‍, മലമൂത്ര വിസര്‍ജനം സുഗമമാക്കാന്‍, വ്രണങ്ങള്‍ വരാതിരിക്കാന്‍, മുറിവുകള്‍ ചീഞ്ഞുനാറാതെ സുഖപ്പെടുത്താന്‍ സര്‍വ്വോപരി രോഗിയുടെയും ബന്ധുക്കളുടെയും ചുണ്ടില്‍ ആശ്വാസത്തിന്റെ പുഞ്ചിരി വിരിയിക്കാന്‍ ഈ സംവിധാനത്തിന് സാധ്യമാകുമെന്ന് നാടും നഗരവും കുടിലും കൊട്ടാരവും ഒരുപോലെ തിരിച്ചറിഞ്ഞു. പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കമ്മ്യൂണിറ്റി വളണ്ടിയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് സാന്ത്വന പരിചരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ സംഘം ചികിത്സാസംബന്ധമായ സജ്ജീകരണങ്ങളുമായി രോഗിയെ വീട്ടില്‍ചെന്ന് പരിചരിക്കുന്നതാണ് ഹോം കെയര്‍.
ഹോം കെയറില്‍ രോഗിയുടെ പരിചാരകര്‍ക്കുള്ള പരിശീലനവും ഇപ്പോള്‍ നടന്നുവരുന്നു. തന്റെ മാതാവിന്റെയോ പിതാവിന്റെയോ ഭാര്യയുടെേേയാ ഭര്‍ത്താവിന്റെയോ സഹോദരങ്ങളുടെയോ മലമൂത്ര വിസര്‍ജ്യം എടുത്തുകളയാനും വൃത്തിയാക്കാനും മുറിവ് കെട്ടാനും നഖം മുറിക്കാനുമെല്ലാം പാലിയേറ്റീവ് നഴ്‌സിനെ കാത്തിരിക്കുന്ന സാഹചര്യം മാറ്റിയെടുത്തതും ഈ മേഖലയിലെ വികസനമാണ്. മൂത്രമൊഴിക്കാനും ഭക്ഷണം കഴിക്കാനും ഉപയോഗിച്ചിരുന്ന റ്റിയൂബ് പെട്ടെന്ന് എടുത്തുമാറ്റേണ്ടിവന്നാല്‍ ഡോക്ടറെയോ നഴ്‌സിനെയോ കാത്തിരിക്കേണ്ട അവസ്ഥയില്‍നിന്നും വീട്ടുകാരെ മാറ്റിയെടുക്കുന്ന പരിശീലനംകൂടി ഹോംകെയര്‍ നഴ്‌സുമാര്‍ നിര്‍വ്വഹിച്ചുവരുന്നു.
പ്രായംകൊണ്ടും മാരകരോഗംകൊണ്ടുമല്ലാതെ വീട്ടില്‍ തളക്കപ്പെടേണ്ടവരിലേക്കും പാലിയേറ്റീവ് കെയര്‍ കടന്നുചെല്ലാന്‍ തുടങ്ങിയത് കുറച്ചുകാലം മുമ്പാണ്. നട്ടെല്ലിനു ക്ഷതമേറ്റും ജന്മനാലും മറ്റുമായി ശാരീരിക വെല്ലുവിളികള്‍ നേരിട്ടവരും വൃക്കരോഗംപോലെ ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളവരുമെല്ലാം ഇതില്‍പെടുന്നു. നാടാകെ ഓടിക്കൊണ്ടിരിക്കുന്നതിനിടെയാകും വീട്ടിനകത്തെ കട്ടിലില്‍ അമര്‍ന്നത്.
ഉദാരമനസ്‌കരുടെയോ പാലിയേറ്റീവ് കെയറിന്റെയോ സൗജന്യ റേഷന്‍ കിറ്റിനേക്കാളും മരുന്നിനേക്കാളും ഇവര്‍ക്കാവശ്യം സഹജീവികളെ കാണാനുള്ള അവസരമാണ്. നാടും റോഡും അങ്ങാടിയും സ്‌കൂളും പുഴയും ഓഫീസുമകളുമൊക്കെ കാണാതെ എത്രനാള്‍ കഴിയും? ഇവിടെയാണ് പാലിയേറ്റീവ് കെയറുകള്‍ക്കു കീഴില്‍ ആരംഭിച്ച രോഗികളുടെയും പരിചാരകരുടെയും സംഗമം ‘പകല്‍വീടി’ന്റെ പ്രസക്തി. പുറത്തിറങ്ങാതെ വീട്ടില്‍ കഴിയുന്നവര്‍ക്ക് ഇടയ്ക്ക് ഒരുമിച്ചുകൂടാനുള്ള സംഗമത്തില്‍ നാട്ടുകാരും പങ്കാളികളാകുന്നതോടെ അത് വല്ലാത്തൊരനുഭൂതിയാണ് പകരുന്നത്.ഇവരെയുംകൊണ്ട് വിനോദയാത്രയും പാലിയേറ്റീവ് ക്ലിനിക്കുകള്‍ സംഘടിപ്പിക്കുന്നു.
കുടുംബനാഥന്‍ കിടപ്പിലാകുന്നതോടെ ജീവിത മാര്‍ഗം താളം തെറ്റിയ കുടുംബങ്ങളുണ്ട്. അടുത്തിടപഴകുന്നവര്‍ക്കേ ഇവരുടെ അടുക്കളകാര്യം അറിയൂ. മാസാന്ത കിറ്റുകള്‍കൊണ്ട് തീരുന്നതല്ല ഇവരുടെ പ്രശ്‌നങ്ങള്‍. സ്ഥിരവരുമാനം അതെത്ര ചെറുതായാലും അതാണവരുടെ സന്തോഷം.
ഇതിനായി കിടപ്പുരോഗികള്‍ക്കും പരിചാരകര്‍ക്കും വീട്ടുകാര്‍ക്കും ചെയ്യാവുന്ന കൈതൊഴിലുകള്‍ പാലിയേറ്റീവ് ക്ലിനിക്കുകള്‍ പലയിടത്തും നടത്തിവരുന്നു. കുട, ബാഗ്, ആഭരണങ്ങള്‍, കവറുകള്‍,ഉടുപ്പുകള്‍, സോപ്പ് തുടങ്ങിയവയുടെ നിര്‍മ്മാണമാണ് കാര്യമായി നടക്കുന്നത്. വീടുകളില്‍വെച്ചുതന്നെയാണ് അധികപേരുടെയും ജോലി നടക്കുക. സാമഗ്രികള്‍ എത്തിച്ചുകൊടുത്തു സഹായിച്ചാല്‍മതി. പക്ഷേ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന പരിഹാരം തേടുന്ന വെല്ലുവിളിയായി അവശേഷിക്കുന്നുണ്ട്. വീടുനിര്‍മ്മാണം, പുനരുദ്ധാരണം, കുടിവെള്ള സൗകര്യം, കക്കൂസ് നിര്‍മ്മാണം തുടങ്ങിയവും പാലിയേറ്റീവ് ക്ലിനിക്കുകള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. നാട്ടുകാരുടെയും ഉദാരമതികളുടെയും സഹായത്തോടെ ഇതും നിര്‍വ്വഹിച്ചുപോരുന്നു. വൃക്കരോഗികളും ശാരീരിക വെല്ലുവിളി നേരിടുന്നവരും വര്‍ധിച്ചുവരികയാണ്. ചെലവേറിയ ചികിത്സയ്ക്ക് ഒട്ടേറെ പാവങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാലിയേറ്റീവ് ക്ലിനിക്കുകള്‍ ഡയാലിസിസും ഫിസിയോ തെറാപ്പിയും ആരംഭിച്ചത്.
ഡയാലിസിസ് ക്ലിനിക്കുകള്‍ സ്വന്തമായി നടത്തുക എളുപ്പമല്ല, അതിനാല്‍ ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് മരുന്നും സാമഗ്രികളും നല്‍കി സഹായിക്കുകയാണ് ചെയ്യുന്നത്. ഫിസിയോ തെറാപ്പി സെന്ററുകള്‍ പല ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്. ജീവിതം താളം തെറ്റിയവരെ ബോധപൂര്‍വ്വമായ ജീവിതത്തിലേക്ക് കൈപ്പിടിക്കുന്ന മാനസിക രോഗീ പരിചരണം പാലിയേറ്റീവ് കെയറിന്റെ വികാസ പരിണാമത്തിലെ പുതിയ മേഖലയാണ് ഗൗരവവും പ്രാധാന്യവുമര്‍ഹിക്കുന്നതും എന്നാല്‍ നമ്മുടെ ആരോഗ്യമേഖല അര്‍ഹിക്കുന്നവിധം കടന്നുചെന്നിട്ടില്ലാത്തതുമായ മാനസിക രോഗീ പരിചരണത്തിലേക്ക് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടെ പ്രവേശം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: