X
    Categories: Article

പൗരത്വ വിവേചനത്തിന് കുറുക്കുവഴി

 സാനിയ ദിന്‍ഗ്ര

അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിന് ഗുജറാത്ത്, ഛത്തീസ്ഗഡ്്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിലെ അധികൃതരെ അധികാരപ്പെടുത്തി നരേന്ദ്രമോദി സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ സംസ്ഥാന ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നത് ഇതാദ്യമല്ല. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെ കലക്ടര്‍മാര്‍ക്കും ആഭ്യന്തര സെക്രട്ടറിമാര്‍ക്കും 2018 ല്‍ മോദി സര്‍ക്കാര്‍ ഇത്തരത്തില്‍ അധികാരം നല്‍കിയിരുന്നു. വിവാദമായ പൗരത്വ ഭേദഗതി നിയമം (സി.എ.എ) ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നതിന് കേന്ദ്രം ഈ മാസം ആദ്യം കൂടുതല്‍ സമയം തേടിയ അവസരത്തിലാണ് പുതിയ നീക്കം നടന്നിരിക്കുന്നത്.

വിജ്ഞാപനം അനുസരിച്ച്, നിര്‍ദ്ദിഷ്ട ജില്ലകളിലെ കലക്ടര്‍മാര്‍ക്കും പഞ്ചാബിലെയും ഹരിയാനയിലെയും ആഭ്യന്തര സെക്രട്ടറിമാര്‍ക്കും മുകളില്‍ സൂചിപ്പിച്ച മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മത വിഭാഗങ്ങളില്‍പെട്ട അപേക്ഷകള്‍ അംഗീകരിക്കാനും സ്ഥിരീകരിക്കാനും ആത്യന്തികമായി പൗരത്വം നല്‍കാനും അധികാരമുണ്ടാകും. ഏറ്റവും പുതിയ നിയമത്തിനുള്ള ചട്ടങ്ങള്‍ ഇനിയും രൂപപ്പെടുത്തിയിട്ടില്ലാത്തതിനാല്‍, 1955ലെ പൗരത്വ നിയമം, സിറ്റിസണ്‍ഷിപ് റൂള്‍സ് 2009 എന്നിവ പ്രകാരം, അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനാണ് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിയത്. കോവിഡ് മഹാമാരി കാരണം സി.എ.എ നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിന് മൂന്നാം തവണയും മോദി സര്‍ക്കാര്‍ ഈ മാസമാദ്യം സാവകാശം തേടിയിരുന്നു. പശ്ചിമ ബംഗാളിലും അസമിലും അടുത്തിടെ നടന്ന സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന പോയിന്റായിരുന്നു സി.എ.എ.

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ അവസാനിച്ചുകഴിഞ്ഞാല്‍ നിയമം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഈ വര്‍ഷമാദ്യം പറഞ്ഞിരുന്നു. വിവാദ നിയമം 2019 ഡിസംബറില്‍ പാര്‍ലമെന്റില്‍ പാസാക്കുകയും 2020 ജനുവരിയില്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തപ്പോള്‍, നിയമം നടപ്പാക്കുന്നതിന് അത്യന്താപേക്ഷിതമായ ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍ ഇതുവരെയായിട്ടില്ല.

സാധാരണയായി, പാര്‍ലമെന്റില്‍ പാസാക്കിയ ഒരു നിയമത്തിന്റെ ചട്ടങ്ങള്‍, നിയമം പാസായി ആറു മാസത്തിനുള്ളില്‍ രൂപീകരിക്കേണ്ടതുണ്ട്. മാനുവല്‍ ഓണ്‍ പാര്‍ലമെന്ററി വര്‍ക്ക് അനുസരിച്ച്, പ്രസക്തമായ ചട്ടം പ്രാബല്യത്തില്‍ വന്ന തീയതി മുതല്‍ ആറു മാസത്തിനുള്ളില്‍ നിയമപരമായ ചട്ടങ്ങളും വ്യവസ്ഥകളും ഉപനിയമങ്ങളും രൂപപ്പെടുത്തേണ്ടതുണ്ട്. ആറുമാസത്തിനുള്ളില്‍ നിര്‍ദ്ദിഷ്ട നിയമങ്ങള്‍ രൂപീകരിക്കാന്‍ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും കഴിയുന്നില്ലെങ്കില്‍, എന്തുകൊണ്ട് സാധിച്ചില്ലെന്ന് വ്യക്തമാക്കി സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റിയില്‍നിന്ന് സാവകാശം നേടിയെടുക്കേണ്ടതുണ്ട്. ഇത് മൂന്നു മാസത്തില്‍ കൂടുതലാകാനും പാടില്ല. പാക്കിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ എന്നീ ആറ് മതങ്ങളില്‍ നിന്നുള്ളവര്‍ 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ എത്തിയാല്‍ അവര്‍ക്ക് പൗരത്വം ലഭിക്കുമെന്നാണ് സി.എ.എ വ്യക്തമാക്കുന്നത്.

2019 ഡിസംബറില്‍ പാസാക്കിയ ഈ ഭേദഗതി മതാടിസ്ഥാനത്തില്‍ ആളുകളെ വേര്‍തിരിക്കുന്നതാണെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ഭരണഘടനാ ലംഘനമാണെന്നും വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് വന്‍ പ്രതിഷേധങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയത്. കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്ക് ശമനമായത്.
(കടപ്പാട്: heprint.in)

Test User: