കോഴിക്കോട്: അതിരുകളില്ലാത്ത ലോകം സ്വപ്‌നംകാണുന്ന സ്ത്രീജീവിതങ്ങളെ ക്യാന്‍വാസില്‍ പകര്‍ത്തി ഷബ്‌ന സുമയ്യയുടെ ചിത്രപ്രദര്‍ശനം ”ബികമിങ്” ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ തുടങ്ങി. കെട്ടുബന്ധനങ്ങളില്‍ നില്‍ക്കുന്ന സ്ത്രീയുടെ ആകുലതകള്‍, അകലെയുള്ള പട്ടംകൈപിടിയിലൊതുക്കാനുള്ള ശ്രമം, അനവധി പ്രശ്‌നങ്ങള്‍ക്ക് നടുവിലും പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നവള്‍, ട്രാന്‍സ് ജെന്‍ഡര്‍ ജീവിതങ്ങള്‍, ബാല പീഢനം, വര്‍ത്തമാന കാലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇങ്ങനെ സന്തോഷത്തിനും സങ്കടങ്ങള്‍ക്കും നടുവിലുള്ള അവളുടെ ലോകമാണ് ഷബ്‌ന സുമയ്യയുടെ ചായകൂട്ടുകളില്‍ ഇതള്‍വിരിഞ്ഞത്.
35 ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുള്ളത്. ആര്‍ട്ടിസ്റ്റ് കബിത മുഖോപാധ്യായ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
ഷബ്‌ന രചിച്ച കനല്‍കുപ്പായം എന്ന പുസ്തകത്തിന്റെ പ്രകാശനം സംവിധായകന്‍ പ്രജേഷ്‌സെന്‍ നിര്‍വ്വഹിച്ചു. ഭര്‍ത്താവ് ഫൈസല്‍ ഹസൈനാരാണ് പുസ്തകം ഡിസൈന്‍ ചെയ്ത്. റഹീസ് ഹിദായ ആദ്യപ്രതി ഏറ്റുവാങ്ങി. ആലുവ സ്വദേശിയായ ഷബ്‌ന ഭര്‍ത്താവ് ഫൈസലിനൊപ്പം കാരപ്പറമ്പിലാണ് താമസം. രാവിലെ 11മുതല്‍ വൈകുന്നേരം ഏഴുവരെയാണ് പ്രദര്‍ശനം. 25ന് സമാപിക്കും.
വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന ഹാദിയയെ കാണാന്‍ വീട്ടിലേക്ക് പോയ വനിതാ കൂട്ടായ്മയിലെ അംഗമായിരുന്നു ഷബ്‌ന സുമയ്യ. ഷബ്‌നക്ക് കൂട്ട് പോയ ഭര്‍ത്താവ് ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്തത് നേരത്തെ വിവാദമായിരുന്നു.