X
    Categories: columns

മാവോ വേട്ട: സര്‍ക്കാര്‍ ഉന്നംവെക്കുന്നതാരെ

കെ.എസ് മുസ്തഫ

രാജാവിനെതിരെ
ജനവികാരം ഉയരുമ്പോള്‍
അതിര്‍ത്തിയില്‍
യുദ്ധമുണ്ടാവുക എന്നത്
രാജതന്ത്രമാണ്
(ധര്‍മ്മപുരാണം: ഒ.വി വിജയന്‍)

ഭരണകൂടം പ്രതിസന്ധിയിലാകുമ്പോള്‍ ജനശ്രദ്ധ തിരിച്ച് പ്രതിരോധമുയര്‍ത്തുക എന്നത് ലോകത്തെ പല ഭരണാധികാരികളും കാലാകാലങ്ങളായി തുടര്‍ന്ന്‌പോരുന്നതാണ്. ഇത്തരം ഭരണകൂട ഭീകരതയുടെ ഭീതിപ്പെടുത്തുന്ന കാഴ്ചകള്‍ക്ക് ലോകം പലതവണ സാക്ഷിയായതുമാണ്. ഫാഷിസ്റ്റ് ഭരണകൂടങ്ങളുടെ പൊതുസ്വഭാവംതന്നെ അത്തരത്തില്‍ നിര്‍വ്വചിക്കപ്പെട്ടുപോരുന്നുമുണ്ട്. എന്നാല്‍ കമ്യൂണിസ്റ്റ് എന്നവകാശപ്പെടുന്ന ഒരു സര്‍ക്കാര്‍ ഭരണകൂടത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ പൊലീസിനെ ഉപയോഗിച്ച് വ്യക്തികളെ വെടിവെച്ച് കൊല്ലുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ആശങ്കയും ഭയവുമുളവാക്കുന്നതാണ്്. ജനാധിപത്യം അത്രമേല്‍ ഭരണസംവിധാനങ്ങളെ ആശ്ലേഷിക്കുന്ന കേരളത്തില്‍ പ്രത്യേകിച്ചും.

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പു മന്ത്രിയുമായ ഭരണത്തിന്‍കീഴില്‍ നാല് വര്‍ഷത്തിനിടെ എട്ട് മാവോയിസ്റ്റുകളാണ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. 2016 നവംബറിലാണ് സംസ്ഥാനത്ത് ആദ്യമായി മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് വെടിവെച്ച് കൊല്ലുന്നത്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കരുളായി വനമേഖലയില്‍ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജ്, അജിത എന്നിവരാണ് കൊല്ലപ്പെട്ടത്. 2019 മാര്‍ച്ച് 7ന് വയനാട് ജില്ലയിലെ വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ നടന്ന വെടിവെപ്പില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീലിനെ വെടിവെച്ച് കൊന്നു. 2019 ഒക്ടോബര്‍ 28ന് പാലക്കാട് ജില്ലയിലെ അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ നാല് മാവോയിസ്റ്റുകളെയും ഇടതുസര്‍ക്കാരിന്റെ പൊലീസ് കൊന്നു. മണിവാസന്‍, കാര്‍ത്തി, അരവിന്ദ്, രമ എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. 2020 നവംബര്‍ 3ന് വയനാട് ജില്ലയിലെ പടിഞ്ഞാറത്ത കാപ്പംകൊല്ലി തോണിക്കുഴിയില്‍ മാവോയിസ്റ്റ് വേല്‍മുരുകനെയും പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി.

മുഴുവന്‍ കൊലപാതകങ്ങളും ഏകപക്ഷീയവും ഏറ്റുമുട്ടലാണെന്ന പൊലീസ് ഭാഷ്യം വ്യാജവുമാണെന്നും പരാതിപ്പെട്ടവരില്‍ ഭരണത്തിലെ രണ്ടാം കക്ഷിയായ സി.പി.ഐയും ഉള്‍പ്പെടുന്നുണ്ട്. ആദ്യ വെടിവെപ്പ് നടന്ന കരുളായിയില്‍ സി.പി.ഐ നേതാക്കള്‍ സന്ദര്‍ശനം നടത്തുകയും പൊലീസിനെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. കേരളം മുഴുവന്‍ ഈ രക്തത്തില്‍ സര്‍ക്കാരിനാണ് പൂര്‍ണ്ണ പങ്കെന്ന് വിലയിരുത്തുകയും ചെയ്തു. എന്നിട്ടും പിണറായിയുടെ പൊലീസ് രക്തദാഹികളായി വേട്ട തുടരുകയായിരുന്നു. മരണമടഞ്ഞവരോടും അവരുടെ കുടുംബാംഗങ്ങളോടും പുലര്‍ത്തേണ്ട പ്രാഥമിക നീതി നിഷേധിച്ചും സുപ്രീംകോടതി നിര്‍ദ്ദേശങ്ങളെ വെല്ലുവിളിച്ചും ഒരു ജനാധിപത്യ സര്‍ക്കാര്‍ തുടരെ മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്നതെന്തിനായിരിക്കും?. ആ ചോദ്യം സര്‍ക്കാരിന്റെ നിഗൂഢമായ മറ്റ് ചില ലക്ഷ്യങ്ങളിലേക്കാണ് വെളിച്ചംവീശുന്നത്. സായുധധാരികളായ മാവോയിസ്റ്റുകള്‍ പൊലീസുമായി ഏറ്റുമുട്ടിയപ്പോള്‍ സ്വയരക്ഷക്കായി വെടിയുതിര്‍ത്തു എന്നാണ് ഓരോ കൊലപാതകങ്ങള്‍ക്ക് പിന്നാലെയും സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം. എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളോട് ഒട്ടുമേ ഒത്തുപോകാത്തതാണ് ഈ വാദഗതികളെന്ന് ഓരോ കൊലയുടെയും പിന്നാലെയുള്ള സര്‍ക്കാരിന്റെയും പൊലീസിന്റെയും നിലപാടുകള്‍ വ്യക്തമാക്കുന്നു.

കരുളായിയില്‍ വെടിവെപ്പ് നടന്ന പ്രദേശത്തേക്ക് ദിവസങ്ങളോളം മാധ്യമപ്രവര്‍ത്തകരെയോ മനുഷ്യാവകാശ പ്രവര്‍ത്തകരെയോ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്ന പൊലീസ്, മാവോവാദികള്‍ വെടിവെപ്പ് നടത്തിയതിന്റെ ഏതെങ്കിലും തെളിവ് കാണിക്കാന്‍ തയ്യാറായുമില്ല. പിന്‍ഭാഗത്ത്‌നിന്ന് വെടിയേറ്റ് ആന്തരികാവയവങ്ങള്‍ തകര്‍ന്നാണ് രണ്ട് മാവോയിസ്റ്റുകളും മരിച്ചതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുമ്പോള്‍, ഏറ്റുമുട്ടല്‍ എന്ന പൊലീസ് നാടകം പൊളിഞ്ഞടങ്ങുകയാണ് ചെയ്യുന്നത്.

മറ്റ് മൂന്ന് ‘ഏറ്റുമുട്ടലുകളുടെ’ സ്വഭാവവും ഭിന്നമല്ല. വൈത്തിരിയിലും മഞ്ചക്കണ്ടിയിലും ഒടുവില്‍ തോണിക്കുഴിയിലും വെടിവെപ്പ് നടന്നിടത്തേക്ക് മാധ്യമപ്രവര്‍ത്തകരെ വിലക്കാന്‍ മാത്രം ഭയപ്പാടിലായിരുന്നു പൊലീസ്. സംഭവസ്ഥലത്തെ തെളിവുകള്‍ നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിനു പിന്നിലെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം നേതാക്കള്‍ ആരോപണമുന്നയിക്കുന്നുണ്ട്. സി.പി ജലീല്‍ കൊല്ലപ്പെട്ട വൈത്തിരി റിസോര്‍ട്ടില്‍ സംഭവസമയത്തും പിറ്റേദിവസവും അജ്ഞാതനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സംശയകരമായ സാന്നിധ്യം മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ പുറത്തു വന്നിരുന്നു. തോണിക്കുഴിയില്‍ മണിക്കൂറുകളോളം കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരെ പറഞ്ഞ്പറ്റിച്ച് അതിദുര്‍ഘടമായ മറ്റൊരു വഴിയിലൂടെ മൃതദേഹം കൊണ്ടുപോവുകയും ചെയ്തു. ഇവയെല്ലാം സംഭവസ്ഥലത്തെ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കന്നത്. പോരാട്ടം സംസ്ഥാന കണ്‍വീനര്‍ ഷാന്റോലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ആരോപണം കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചു.

സുപ്രീംകോടതിയുടെ പി.യു.സി.എല്‍ കേസിലെ മാര്‍ഗനിര്‍ദ്ദേശങ്ങളെ അട്ടിമറിക്കുന്ന തരത്തിലുള്ള അന്വേഷണ പ്രഹസനമാണ് കഴിഞ്ഞ മൂന്നു വ്യാജ ഏറ്റുമുട്ടലിലും ഉണ്ടായത്. സുപ്രീംകോടതി വിധി പ്രകാരമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിരന്തരം ലംഘിക്കുന്ന നിലപാടാണ് ഇടതുസര്‍ക്കാര്‍ സ്വീകരിക്കുന്നത്. സി.പി ജലീല്‍ പൊലീസിനെതിരെ വെടിയുതിര്‍ത്തില്ലെന്നും മണിക്കൂറുകള്‍ നീണ്ടുനിന്ന വെടിവെപ്പ് നടന്നു എന്നു പൊലീസ് അവകാശപ്പെടുന്ന സംഭവ സ്ഥലത്തുനിന്നും മാവോയിസ്റ്റുകള്‍ ഉതിര്‍ത്തതായി പറയുന്ന ഒരു വെടിയുണ്ട പോലും കണ്ടെടുത്തില്ല എന്നതും കോടതിയില്‍ പൊലീസിന്തന്നെ സമ്മതിക്കേണ്ടിവന്നു. മഞ്ചിക്കണ്ടിയില്‍ നടന്ന ഏറ്റുമുട്ടല്‍ സംബന്ധിച്ചു അന്വേഷണം നടത്താന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒരു വര്‍ഷമായിട്ടും ഈ കേസിന്റെ അന്വേഷണം എവിടെയും എത്തിയില്ല.
സര്‍ക്കാര്‍ നിലപാടിലെ ദുരൂഹതകള്‍ കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഇപ്പോഴും ഫയലിലുറങ്ങുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് കീഴടങ്ങുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനുമായുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതി. 2018 മെയ് ഒമ്പതിന് മന്ത്രിസഭ അംഗീകാരം നല്‍കിയ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത്‌നിന്നുണ്ടായില്ല. മാവോയിസ്റ്റുകളുടെ സ്വാധീനത്തില്‍ കുടുങ്ങിയവരെ തീവ്രവാദത്തില്‍നിന്ന് മോചിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു പദ്ധതി ആവിഷ്‌കരിച്ചത്. കീഴടങ്ങുന്നവര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്ന സര്‍ക്കാരിന്റെ പദ്ധതിയില്‍ വിശ്വസിച്ച് കീഴടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു മഞ്ചക്കണ്ടിയിലെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളെന്ന വാര്‍ത്തയും സര്‍ക്കാരിനെ പ്രതിസ്ഥാനത്ത്തന്നെ നിര്‍ത്തുന്നു.

സര്‍ക്കാരിനെതിരെ ആരോപണങ്ങളും വിമര്‍ശനങ്ങളും കനക്കുമ്പോഴായിരുന്നു ഏതാണ്ടെല്ലാ വെടിവെപ്പുകളും. വാളയാറില്‍ സഹോദരിമാര്‍ പീഡിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന്് ആത്മഹത്യ ചെയ്ത കേസിലെ മൂന്ന് പ്രതികളെ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുണ്ടായ ഗുരുതര പിടിപ്പുകേടുകള്‍ കൊണ്ട് കോടതി വെറുതെവിട്ടത് 2019 ഒക്ടോബര്‍ 26നാണ്. ഇതിനെതിരെ കേരളീയ പൊതുസമൂഹം ശക്തമായ പ്രതിഷേധമുയര്‍ത്തുന്നതിനിടെ ഒക്ടോബര്‍ 28ന് മഞ്ചക്കണ്ടിയില്‍ വെടിവെപ്പുണ്ടാവുന്നു. പൊലീസിന്റെ ഗുരുതര വീഴ്ച മറക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു മഞ്ചക്കണ്ടി വെടിവെപ്പെന്ന് അന്നേ ആരോപണമുയരുകയും ചെയ്തു. സ്വര്‍ണ്ണക്കടത്തും ബംഗലൂരു മയക്കുമരുന്ന് കേസുമുള്‍പ്പെടെ സര്‍ക്കാര്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിനില്‍ക്കുന്നതിനിടെയാണ് തോണിക്കുഴിയിലെ വെടിവെപ്പും. 2019 ഫെബ്രുവരി 14ന് കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വസന്തകുമാറിന്റെ വീട്ടില്‍നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണ് 21 ദിവസങ്ങള്‍ക്ക്‌ശേഷം പി.സി ജലീല്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. രാജ്യത്തിനായി വീരമൃത്യു മരിച്ച ജവാന്റെ വീടിന് സമീപംപോലും മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തുക എന്ന ഗൂഢോദ്ദേശ്യം വെടിവെപ്പിന് പിന്നിലുണ്ടെന്ന് അന്ന് വിമര്‍ശനങ്ങളുണ്ടായി. മാവോയിസ്റ്റ് വേട്ടക്കായി കേന്ദ്രത്തില്‍നിന്ന് കിട്ടാനിടയുള്ള കോടികള്‍ സര്‍ക്കാരിനെ അരുംകൊലക്ക് പ്രേരിപ്പിക്കുന്നുവെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു.

ഒരു വീഴ്ച മറികടക്കാന്‍, ഒരു അഴിമതി ആരോപണത്തെ നേരിടാന്‍, ആരെയെങ്കിലും വ്യാജ ഏറ്റുമുണ്ടലുണ്ടാക്കി കൊലപ്പെടുത്തുക എന്നത് ജനാധിപത്യ സംവിധാനത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നടന്ന നാല് മാവോ വേട്ടയിലും എട്ട് കൊലകളിലും ഇത്തരം സാധ്യതകള്‍ തള്ളിക്കളയാന്‍ സാഹചര്യം അനുവദിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു തെറ്റിനെ മറികടക്കാന്‍ വലിയൊരു തെറ്റും പാപവും ചെയ്യുന്ന ഭരണകൂടത്തിന് തങ്ങള്‍ ജനങ്ങള്‍ക്ക്‌വേണ്ടി നിലകൊള്ളുന്നവരാണെന്ന് പറയാന്‍ കഴിയുമോ? മാവോയിസ്റ്റുകളെ പിന്നില്‍നിന്ന് കൊന്നുതള്ളുന്ന പൊലീസിനെ ഭരിക്കുന്ന ആഭ്യന്തരമന്ത്രിക്ക് മലയാളിയെ മുഖം താഴ്ത്തിയല്ലാതെ ഇനി അഭിമുഖീകരിക്കാനാവുമോ?

Test User: