X
    Categories: columns

തൊഴില്‍ മേഖല തകര്‍ത്ത പിണറായി കാലം

അഹമ്മദ്കുട്ടി ഉണ്ണികുളം

നാലേമുക്കാല്‍ വര്‍ഷത്തെ പിണറായി ഭരണം കേരളത്തിലെ തൊഴില്‍-വ്യവസായ മേഖലകളെ പൂര്‍ണമായും തകര്‍ത്തു. ഈ സര്‍ക്കാറിന്റെ ആരംഭകാലത്ത് വ്യവസായ- തൊഴില്‍ വകുപ്പ് മന്ത്രിമാര്‍ ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗത്തില്‍ ചില ഉറപ്പുകള്‍ നല്‍കിയിരുന്നു. പല കാരണങ്ങള്‍കൊണ്ട്, കേരളത്തില്‍ അടച്ചിട്ട വ്യവസായ സ്ഥാപനങ്ങളെല്ലാം തുറക്കാന്‍ നടപടി എടുക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം. അടച്ചിട്ട സ്ഥാപനങ്ങളുടെ നീണ്ട ലിസ്റ്റ് തയ്യാറാക്കി. കോഴിക്കോട്ട് മാവൂരില്‍ പുതിയ വ്യവസായം, സ്റ്റീല്‍ കോംപ്ലക്‌സ് അടക്കമുള്ള സ്ഥാപനങ്ങളുടെ പുനരുജ്ജീവനം, കോംട്രസ്റ്റ് വിഷയങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ പരിഹാരം ഉണ്ടാക്കാമെന്ന വാഗ്ദാനം കിട്ടി. കാസര്‍കോട്ട് ഭെല്‍ പോലുള്ള സ്ഥാപനങ്ങളുടെ സംരക്ഷണം, എറണാകുളത്ത് അരൂരിലെ ബാര്‍മര്‍ ലാറി, ഫാക്ടിന്റെ യൂറിയ – കാപ്രോലാക്റ്റം പ്ലാന്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍, പൂട്ടിയിട്ട എച്ച്.എം.ടി പ്രിന്റിങ് ഡിവിഷന്‍, കറുകുറ്റി പ്രീമിയര്‍ കേബ്ള്‍സ്, ബോംബേ ഓയില്‍ മില്‍സ് അങ്കമാലി, പെരുമ്പാവൂര്‍ റയേണ്‍സ് കോതമംഗലം, റാഡോ ടയേഴ്‌സ്, ആലുവ അശോക മില്‍സ്, കാത്തായി മില്‍സ്, ട്രാവന്‍കൂര്‍ വയര്‍ റോപ്‌സ്, നെടുമ്പാശ്ശേരി തോഷിബ, കളമശ്ശേരി തോഷിബ, ടി.സി.എം, ചാക്കോള മില്‍സ്, ശ്രീചിത്ര മില്‍സ്, ഒഗലേ ഗ്ലാസ്, ആള്‍സ്‌റ്റോം, ഇടപ്പള്ളി പൊയ്ശ, എടയാര്‍ പെരിയാര്‍ കെമിക്കല്‍സ്, മെര്‍ക്കം, ബിനാനി സിങ്ക്, ശ്രീശക്തി പേപ്പര്‍ മില്‍സ്, മുളന്തുരുത്തി ആര്‍ടെക്, ഹിന്റാല്‍കോ സ്മാര്‍ട്ട് പ്ലാന്റ് എന്നിവയൊക്കെ തുറന്ന് പ്രവര്‍ത്തിപ്പിക്കും എന്നൊരു പ്രതീക്ഷയും നല്‍കി.

അടഞ്ഞ്കിടന്ന് തോട്ടങ്ങളുടെ കാര്യത്തിലും യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പുനല്‍കി. മേത്താനത്ത് എസ്റ്റേറ്റ്, കോട്ടമല എം.എം.ജെ പ്ലാന്റേഷന്‍സ്, ബോണാമി, പീരുമേട് ടി കമ്പനി, കരിമല, വാഴക്കുണ്ട്, ശിങ്കാരച്ചോല, ബിയാട്രിസ്, റോസറി, കള്ളിയറ, ബോണക്കാട്, ഗോകുല്‍ എസ്റ്റേറ്റ്, മണലാരു കാര്‍ഡമം ഡിവിഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍. അവിടെ പട്ടിണി കിടക്കുന്ന തൊഴിലാളികള്‍. പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കശുവണ്ടി, കൈത്തറി എന്നിവയുടെ പുനരുദ്ധാരണം. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ സംരക്ഷണം. അന്ന് ട്രേഡ് യൂണിയനുകള്‍ ഉയര്‍ത്തിയ മിക്ക ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍ ആവശ്യങ്ങളെല്ലാം പിന്നീട് വെള്ളത്തില്‍ വരച്ച വര പോലെയായി. എന്തെങ്കിലും തുടര്‍ നടപടിയോ അവലോകന യോഗങ്ങളോപോലും ഉണ്ടായില്ല. തുടര്‍ന്ന് കണ്ടത് പിണറായി ഗവണ്‍മെന്റിന്റെ കയ്യിട്ടുവാരലായിരുന്നു. പിണറായിതന്നെ അഴിമതികള്‍ക്ക് നേതൃത്വം കൊടുക്കുന്ന അവസ്ഥവന്നു. മയക്കുമരുന്ന്, സ്വര്‍ണക്കടത്ത് എന്നിവയിലെല്ലാം ആരോപണം തുടരെത്തുടരെ വന്നു. എതിരായി പറയുന്നവരെ ഇരുമ്പുദണ്ഡുപയോഗിച്ച് നിശബ്ദരാക്കി. എതിരാളികളെ വിജിലന്‍സിനെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കി. ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ പോലും വെറുതെ വിട്ടില്ല. ന്യായമായും പാര്‍ട്ടി സെക്രട്ടറി സ്ഥാനം കിട്ടേണ്ട എം.എ ബേബി കുതറി. ആനത്തലവട്ടം ആനന്ദന്‍ ശബ്ദമുയര്‍ത്തി. ഒതുങ്ങിക്കൂടിയ അച്യുതാനന്ദനും ഉശിരും പുളിയും വരുമെന്ന് അടക്കംപറച്ചില്‍വന്നു. എല്ലാംകൂടി ഒരു വെടിക്കെട്ടിന്റെ സാഹചര്യമാണ് സി.പി.എമ്മില്‍ ഉരുണ്ടുകൂടുന്നത്.

ലാവ്‌ലിന്‍, ഓഖി, പ്രളയം, പെന്‍ഷന്‍, ബാര്‍, ബ്ലൂവെറി, ഡിഷ്‌ലറി, ഭൂമി, ഡാറ്റ, മാര്‍ക്ക്ദാനം, സ്പ്രിംഗഌ, പി.എസ്.സി, ഓണക്കിറ്റ്, ശര്‍ക്കര, മസാല ബോണ്ട് എന്നീ തട്ടിപ്പുകളില്‍ മുഴുകിയ പിണറായി സര്‍ക്കാറിന് തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ശ്രദ്ധപതിപ്പിക്കാന്‍ സമയം കിട്ടിയില്ല. കായല്‍ നികത്താനും പിന്‍വാതില്‍ നിയമനത്തിനും ഹെലികോപ്റ്റര്‍, കിഫ്ബി, കഞ്ചാവ്, സ്വര്‍ണക്കടത്ത്, മയക്കുമരുന്ന്കടത്ത് എന്നിവയില്‍ എല്ലാമാണ് സര്‍ക്കാര്‍ ശ്രദ്ധിച്ചത്. അതോടെ തൊഴിലാളികളുടെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായി. അവസാനം, പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ലേ എന്നൊരു മറു ചോദ്യമാണ് തൊഴിലാളികളോട് സര്‍ക്കാര്‍ ചോദിച്ചത്. യഥാര്‍ത്ഥത്തില്‍ നിലവിലുണ്ടായിരുന്ന പെന്‍ഷന്‍ വെട്ടിക്കുറച്ച് ഏഴു കോടി രൂപ പിണറായി സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍കൂട്ടുകയാണ് ചെയ്തത്. നിയമാനുസൃതം രണ്ട് പെന്‍ഷന്‍ വാങ്ങിയവരുടെ ഓരോ പെന്‍ഷനും 600 രൂപയായി കുറച്ചു. വികലാംഗര്‍, വിധവകള്‍, വാര്‍ധക്യ – അവശത ബാധിച്ചവര്‍, അംഗപരിമിതര്‍, ഓട്ടിസം ബാധിച്ചവര്‍ തുടങ്ങിയവര്‍ക്ക് സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ നിയമപരമായി സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ക്ഷേമ പെന്‍ഷന്‍ എന്നതിന്റെ അടിസ്ഥാനം സര്‍ക്കാര്‍ വിഹിതമേ അല്ല. ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിഹിതവും തൊഴിലുടമയുടെ വിഹിതവുമായി അംശാദായം അടച്ചുകിട്ടുന്ന പെന്‍ഷന്‍ സൗജന്യമായി ലഭിക്കുന്നതല്ല. അത് തൊഴിലാളികളുടെ അവകാശമാണ്. അഞ്ചേമുക്കാല്‍ ലക്ഷം തൊഴിലാളികളുടെ പെന്‍ഷന്‍ ആനുകൂല്യത്തില്‍നിന്ന് ഏഴ് കോടി രൂപ സര്‍ക്കാറിലേക്ക് മാറ്റുകയാണ് ചെയ്തത്.

കേന്ദ്രത്തിന്റെ വ്യവസായത്തില്‍നിന്ന് കേരളത്തിന് മൂന്നു ശതമാനം ഓഹരി ന്യായമായും ലഭിക്കേണ്ടതുണ്ട്. കേരളത്തില്‍ പുതിയൊരു വ്യവസായവും കൊണ്ടുവരാന്‍ ശ്രമിക്കാത്ത പിണറായി സര്‍ക്കാര്‍ കേന്ദ്രത്തോട് വ്യവസായം ചോദിച്ച്‌വാങ്ങിയില്ലെന്ന് മാത്രമല്ല അതിപ്പോള്‍ മൂന്നു ശതമാനത്തിനുപകരം 1.50 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. കേരളത്തില്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ കാലത്ത് കുതിച്ചുചാടിയ ഐ.ടി മേഖല ഇപ്പോള്‍ ഊര്‍ധശ്വാസം വലിക്കുന്നു. നാലര വര്‍ഷമായി പൂട്ടിയിട്ട കശുവണ്ടി കോര്‍പറേഷന്‍ കമ്പനികളെ സര്‍ക്കാര്‍ കാപ്പക്‌സിനെകൊണ്ട് ഏറ്റെടുപ്പിക്കുമെന്ന് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. ഒന്നും നടന്നില്ല. കയര്‍, കശുവണ്ടി, കൈത്തറി, ഈറ്റ-ബാംബു, കളിമണ്‍ പാത്ര നിര്‍മാണം, പായ നെയ്ത്ത്, തയ്യല്‍ എന്നീ മേഖലകളെല്ലാം കനത്ത ദുരിതത്തിലാണ്. തോട്ടം മേഖലയിലാവട്ടെ പലയിടത്തും മാസത്തില്‍ പകുതി രേഖകളോടുകൂടിയ ജോലിയും മറ്റു പകുതി വൗച്ചര്‍ ജോലിയുമാണ്. ക്ഷേമബോര്‍ഡുകളുടെ പ്രവര്‍ത്തനത്തെപറ്റി പരാതികള്‍ കുന്നുകൂടുകയാണ്. മോട്ടോര്‍ രംഗമാകെ തളര്‍ന്നു.

ഈ ഗവണ്‍മെന്റിന്റെ കാലത്ത് അംഗീകൃത കടവുകളില്‍ മണല്‍വാരല്‍ അനുമതി ലഭിക്കാത്തത്‌കൊണ്ട് ആയിരങ്ങള്‍ പട്ടിണിയിലാണ്. ചുമട്ടുമേഖലയിലാവട്ടെ സ്വകാര്യ വ്യക്തികള്‍ക്ക് ഗോഡൗണ്‍ തുറക്കാന്‍ സര്‍ക്കാര്‍ സ്വകാര്യ സമ്മതം നല്‍കുന്നു. സംസ്ഥാനത്ത് വിലക്കയറ്റം തടയാനോ സാമൂഹ്യ സുരക്ഷ സാര്‍വത്രികമാക്കാനോ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ല. തൊഴിലാളികള്‍ക്കും റേഷന്‍ ഷാപ്പിലൂടെ കിറ്റ് കൊടുത്തില്ലേ എന്ന അവകാശവാദവും സര്‍ക്കാറിനുണ്ട്. സര്‍ക്കാറിന്റെ ഫണ്ട് ഉപയോഗിച്ച് സ്വാഭാവികമായും ചെയ്യേണ്ട കാര്യം ഇതിനേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ് നടപ്പാക്കേണ്ടിയിരുന്നത്. കെ.എം.സി.സിയെപ്പോലുള്ള സംഘടനകള്‍ നല്‍കുന്ന കോടിക്കണക്കിന് രൂപയുടെ സൗജന്യ കിറ്റുകള്‍ക്ക് മുന്നില്‍ ഇതൊക്കെ കേവലം രാഷ്ട്രീയ സ്റ്റണ്ടുകളാണ്. തൊഴിലാളികള്‍ക്കോ ജീവനക്കാര്‍ക്കോ ന്യായമായ ഒരാനുകൂല്യവും പിണറായി ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. കേന്ദ്ര ഗവണ്‍മെന്റ് അര്‍ഹരായ ഓരോ വ്യക്തിയുടെയും അക്കൗണ്ടിലേക്ക് 7500 രൂപ വീതം നിക്ഷേപിക്കുന്നതിനോട് കേരള സര്‍ക്കാറും യോജിക്കുന്നു. എന്നാല്‍ കോവിഡ് മൂലം പട്ടിണിയിലായ, അങ്ങേയറ്റം കഷ്ടപ്പെടുന്ന, പാവങ്ങളായ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് എന്തെങ്കിലും തുക എത്തിക്കാനുള്ള സൗമനസ്യംപോലും പിണറായി സര്‍ക്കാര്‍ കാണിച്ചില്ല. ഈ സാഹചര്യത്തില്‍ യു.ഡി.എഫിനും അതിനൊപ്പം നില്‍ക്കുന്നവരുമായ സ്ഥാനാര്‍ത്ഥികളെ വര്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കേണ്ട ചരിത്രപരമായ കടമയാണ് തൊഴിലാളികള്‍ അടക്കം എല്ലാവരും നിര്‍വഹിക്കേണ്ടത്.
(എസ്.ടി.യു സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)

Test User: