X
    Categories: columns

അര്‍ണബിന്റെ അറസ്റ്റില്‍ വെപ്രാളപ്പെടുന്ന ബി.ജെ.പി

പ്രകാശ് ചന്ദ്ര

റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫും മാനേജിങ് ഡയറക്ടറുമായ അര്‍ണബ് ഗോസ്വാമിയെ കസ്റ്റഡിയിയിലെടുത്ത സംഭവത്തെ അപലപിച്ച് കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ ബി.ജെ.പി നേതാക്കളുടെ വന്‍ പട രംഗത്തെത്തിയത് കൗതുകംജനിപ്പിക്കുന്നതല്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കര്‍, വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി, ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, ബി.ജെ.പി വക്താവ് സംപീത് പത്ര തുടങ്ങി കേന്ദ്രമന്ത്രിമാരുടെയും ബി.ജെ.പി നേതാക്കളുടെയും നീണ്ടനിരയാണ് അര്‍ണബിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. വെറുമൊരു മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റിലാണ് ഉന്നത നേതാക്കള്‍ രൂക്ഷമായി വികാരം കൊള്ളുന്നത്.

ബി.ജെ.പി ഇതര നേതാക്കളെ ന്യൂസ് റൂമിലിട്ട് അവര്‍ക്ക് അവസരം നല്‍കാതെ വിധി പ്രസ്താവിച്ച് രാജ്യദ്രോഹികളും കുറ്റവാളികളുമാക്കി അലറുന്ന അര്‍ണബ് സംഘ്പരിവാരത്തിന്റെ കണ്ണിലുണ്ണിയാണെന്നതുതന്നെയാണ് ബി.ജെ.പി നേതാക്കളെ വേദനിപ്പിക്കുന്നത്. അര്‍ണബിനെതിരായ നടപടിയെ കടുത്ത ഭാഷയില്‍ അപലപിച്ച മന്ത്രിമാര്‍ മാധ്യമ സ്വാതന്ത്ര്യത്തിന്‌മേലുള്ള കടന്നുകയറ്റം എന്നാണ് പൊലീസ് നടപടിയെ വിശേഷിപ്പിച്ചത്. മാധ്യമ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന കടന്നു കയറ്റത്തെ ചെറുക്കണമെന്നും മഹാരാഷ്ട്ര പൊലീസിന്റെ നടപടി അടിയന്തരാവസ്ഥകാലത്തെ ഓര്‍മ്മിപ്പിക്കുന്നു എന്നും നേതാക്കള്‍ ട്വീറ്റ് ചെയ്തിരുന്നു.

അര്‍ണബ് സംഭവത്തില്‍ രോഷംകൊള്ളുന്ന കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും മറ്റ് മാധ്യമ പ്രവര്‍ത്തകരുടെ കാര്യത്തിലും സമാനരീതി എന്തുകൊണ്ട് തുടരുന്നില്ല എന്ന ചോദ്യത്തിന് മോദിക്കാലത്ത് പ്രസക്തിയൊന്നുമില്ലെങ്കിലും ബി.ജെ.പി സര്‍ക്കാറിന്കീഴില്‍ രാജ്യത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവര്‍ത്തകരും മറ്റു മാധ്യമ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ മാത്രമല്ല എല്ലാ സംസ്ഥാനങ്ങളിലും സ്വതന്ത്ര മാധ്യമങ്ങള്‍ ആവശ്യമാണെന്ന് നിങ്ങള്‍ മനസിലാക്കുമെന്ന് കരുതുന്നു എന്നാണ് മറ്റ് മാധ്യമ പ്രവര്‍ത്തര്‍ ചൂണ്ടിക്കാട്ടുന്നത്. മാധ്യമപ്രവര്‍ത്തകയായ രോഹിണി സിങ് ഇത്തരത്തിലൊരു പട്ടിക തന്നെ മുന്നോട്ട്‌വെക്കുകയാണ്. പൊലീസിന്റെ ഭാഗത്തുനിന്ന് അടുത്തിടെ ഉണ്ടായ പത്തോളം സംഭവങ്ങളാണ് ഉത്തര്‍പ്രദേശില്‍നിന്ന് മാത്രം ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. യു.പി പൊലീസ് അറസ്റ്റ് ചെയ്ത് രാജ്യദ്രോഹക്കുറ്റം ചുമത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരുടെ വിഷയവും മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടുന്നു.

ഹാഥ്‌റസിലേക്കുള്ള യാത്രാമധ്യേ അറസ്റ്റിലാവുകയും പിന്നീട് രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുകയും ചെയ്യുന്ന സിദ്ധീഖ് കാപ്പനെ കാണുന്നതിന് അഭിഭാഷകര്‍ക്ക്‌പോലും ഇപ്പോഴും വിലക്ക് തുടരുകയാണ്. ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും വക്കാലത്ത് ഒപ്പിടീക്കാന്‍പോലും സാധിക്കാത്തതിനാല്‍ അറസ്റ്റിലായി ഒരു മാസം കഴിഞ്ഞിട്ടും സിദ്ദിഖ് ജയില്‍ തുടരുകയാണ്.

ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ കോവിഡ് ക്വാറന്റെയിന്‍ സെന്ററിലെ കൃത്യവിലോപം റിപ്പോര്‍ട്ട് ചെയ്ത ടുഡേ 24 ന്യൂസ് പോര്‍ട്ടലിലെ ജേര്‍ണലിസ്റ്റ് രവീന്ദ്ര സക്‌സേനക്കെതിരായ കേസാണ് മറ്റൊന്ന്. ക്വാറന്റൈയിന്‍ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് മോശം ഭക്ഷണം വിതരണം ചെയ്തു എന്ന വീഡിയോ റിപ്പോര്‍ട്ട് പുറത്ത്‌വിട്ടതിന് പിന്നാലെയായിരുന്നു രവീന്ദ്ര സക്‌സേനക്കെതിരെ യു.പി പൊലീസ് കേസെടുത്തത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ നിന്ദ്യമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് മാധ്യമ പ്രവര്‍ത്തകന്‍ അമിതാഭ് റാവത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസാണ് മറ്റൊന്ന്. ഡിയോറയയിലെ ജില്ലാ ആശുപത്രിയിലെ വനിതാവാര്‍ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി തറ വൃത്തിയാക്കുന്ന വീഡിയോ പുറത്ത് വിട്ടതാണ് കേസിന് കാരണമായത്. മാതാവ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അധികൃതര്‍ പെണ്‍കുട്ടിയെ ഇത്തരത്തില്‍ ജോലിയെടുപ്പിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ട്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി ‘നമക്‌റൊട്ടി’ (ഉപ്പും റൊട്ടിയും) വിതരണം ചെയ്ത ഉത്തര്‍പ്രദേശില്‍ നിന്നുള്ള വീഡിയോ പുറത്ത്‌വിട്ട മാധ്യമ പ്രവര്‍ത്തകന് എതിരായ നടപടിയാണ് മറ്റൊന്ന്. മാധ്യമപ്രവര്‍ത്തകനായ പവന്‍കുമാര്‍ ജയ്‌സ്വാള്‍ മനപ്പൂര്‍വം ഭരണകൂടത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിച്ചത് എന്നാരോപിച്ചായിരുന്നു നടപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാണാസി മണ്ഡലത്തിലെ കോവിഡ് പ്രതിരോധ നടപടികളിലെ വീഴ്ചകളെക്കുറിച്ചും ലോക്ഡൗണിന്റെ ഫലങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്ത സ്‌ക്രോളിന്റെ ലേഖിക സുപ്രിയ ശര്‍മക്കെതിരെയുള്ള കേസാണ് മറ്റൊന്ന്. പ്രധാനമന്ത്രി മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചതിനാണ് പ്രശാന്ത് കനോജിയ എന്ന മാധ്യമ പ്രവര്‍ത്തകനെതിരെ കേസെടുത്തതും പിന്നീട് ഒരു ട്വീറ്റിന്റെ പേരില്‍ മാസങ്ങളോളം ജാമ്യം നല്‍കാതെ ജയിലിലടച്ചതും. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ദിനത്തില്‍ അയോധ്യയില്‍ രാമ നവമി ആഘോഷത്തില്‍ പങ്കെടുത്ത യോഗി ആദിത്യനാഥിനെ പരാമര്‍ശിച്ച് എഴുതിയ ലേഖനം ഷെയര്‍ ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്ത ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന് എതിരായ നിയമ നടപടിയും ഇത്തരത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റത്തിന് ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടുന്നു.

അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അടക്കമുള്ളവര്‍ പ്രതികരിച്ചതിന് പിന്നാലെ ബി. ജെ.പിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി കോണ്‍ഗ്രസ ്‌രംഗത്തെത്തി. മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ ഇപ്പോള്‍ വാചാലരാകുന്ന ബി.ജെ.പിയുടെ ഈ നിലപാട് ലജ്ജാകരമാണെന്നും പക്ഷപാതിത്വപരമായ രോഷപ്രകടനമാണ് ഇതെന്നുമായിരുന്നു കോണ്‍ഗ്രസ് പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബി.ജെ.പി സര്‍ ക്കാര്‍ കൈക്കൊണ്ട പ്രതികാര നടപടികള്‍ എണ്ണിയെണ്ണിപ്പറഞ്ഞാണ് കോണ്‍ഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനെറ്റ് രംഗത്തെത്തിയത്. യു.പിയിലെ മിര്‍സാപൂരില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി നല്‍കുന്നത് ഉപ്പും ചപ്പാത്തിയുമാണെന്നും ഭക്ഷ്യവകുപ്പില്‍ നടക്കുന്നത് വലിയ അഴിമതിയാണെന്നുമുള്ള വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെ മാസങ്ങളോളം സര്‍ക്കാരും യു.പി പൊലീസും ചേര്‍ന്ന് ജയിലിടച്ചു. അന്ന് എന്തുകൊണ്ടാണ് ഇക്കൂട്ടര്‍ മൗനം പാലിച്ചത്? ലോക്ഡൗണ്‍ കാലത്ത് മോദിയുടെ സ്വന്തം മണ്ഡലമായ വരാണാസിയിലെ ഗ്രാമം പട്ടിണിയിലാണെന്ന റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക സുപ്രിയ ശര്‍മക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുമ്പോള്‍ ഇവര്‍ എവിടെയായിരുന്നു.

അന്ന് ബി.ജെ.പി നിശബ്ദത പാലിച്ചത് എന്തുകൊണ്ടാണ്? ഉത്തര്‍പ്രദേശിലെ പി.പി.ഇ കിറ്റ് കുംഭകോണം തുറന്നുകാട്ടിയ റിപ്പോര്‍ട്ടര്‍ ജയിലിലടയ്ക്കപ്പെടുകയും അഴിമതിക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന്പകരം മാധ്യമപ്രവര്‍ത്തകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ജയിലിലടക്കുകയും ചെയ്തപ്പോഴും ഇവര്‍ വാ തുറക്കുന്നത് കേട്ടില്ലല്ലോ? ഇപ്പോള്‍ ഇവര്‍ അര്‍ണബിന്റെ അറസ്റ്റിനെതിരെ മുറവിളികൂട്ടുന്നു. അങ്ങേയറ്റം അപമാനമാണ് ഇത്. ലജ്ജാകരമാണ്, ഇങ്ങനെ പറയുന്നതില്‍ അവര്‍ സ്വയം ലജ്ജിക്കണം. രണ്ട് പതിറ്റാണ്ടായി പത്രപ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് താന്‍. പത്രപ്രവര്‍ത്തകര്‍ക്ക് തന്നെ അപമാനമാണ് അര്‍ണബ് ഗോസ്വാമിയെന്ന വ്യക്തി. അദ്ദേഹത്തെ മാധ്യമപ്രവര്‍ത്തകനായി കണക്കാക്കുന്നത്തന്നെ ലജ്ജാകരമാണ്. മാധ്യമപ്രവര്‍ത്തകനെന്ന പേരില്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം ചെയ്യുന്നത് ബി.ജെ.പിക്കു വേണ്ടിയുള്ള പണികളല്ലേ. ആളുകളെ കുറ്റപ്പെടുത്തുക, അധിക്ഷേപിക്കുക, ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുക, തോന്നുന്ന ഭാഷയില്‍ എന്തെങ്കിലും വിളിച്ചുപറയുക. അദ്ദേഹം വിധികര്‍ത്താവാണോ അതോ ജൂറിയോ? മാധ്യമപ്രവര്‍ത്തകനെന്ന കുപ്പായമണിഞ്ഞ് ടി.വി ചാനലില്‍ വന്നിരുന്ന് എന്തുതരം പത്രപ്രവര്‍ത്തനമാണ് നടത്തുന്നത്? തങ്ങളുടെ ചൊല്‍പ്പടിക്ക് വഴങ്ങാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും നിയന്ത്രിക്കുന്നവരാണ് ബി.ജെ.പിയെന്നും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ഏറ്റവും അവസാനം മാത്രം സംസാരിച്ച പാര്‍ട്ടിയായിരിക്കും ബി.ജെ.പിയെന്നും സുപ്രിയ പരിഹസിക്കുന്നു.

2018ല്‍ ഒരു ഇന്റീരിയര്‍ ഡിസൈനറായ വ്യക്തിയും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ കേസെടുത്തിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അര്‍ണബ് നിസ്സഹകരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 53 കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും 2018ല്‍ ആത്മഹത്യ ചെയ്തിരുന്നു. കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എം. ഡിയായിരുന്നു അന്‍വായ് നായിക്. അദ്ദേഹവും അമ്മയും അലിഭാഗിലെ ഫാം ഹൗസില്‍ മെയ് 2018ലാണ് ആത്മഹത്യ ചെയ്തത്.

അര്‍ണബ് ഗോസ്വാമിയും ഫിറോസ് ഷെയ്ഖ്, നിതീഷ് സാര്‍ധ എന്നിവരും ചേര്‍ന്ന് തന്റെ കയ്യില്‍ നിന്ന് 5.4 കോടി രൂപ വാങ്ങിയിരുന്നുവെന്ന് അന്‍വായ് നായിക് ആത്മഹത്യാകുറിപ്പില്‍ എഴുതിയിരുന്നു. സ്റ്റുഡിയോ ഡിസൈന്‍ ചെയ്ത വകയില്‍ അര്‍ണബ് ഗോസ്വാമി നല്‍കാനുള്ള 83 ലക്ഷം രൂപ അന്‍വായ് നായികിന് നല്‍കാനുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പണമെല്ലാം കൊടുത്തു തീര്‍ത്തെന്നാണ് റിപ്പബ്ലിക്ക് ടി.വി പിന്നീട് പ്രതികരിച്ചത്. സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ആണ് അന്വേഷണം പ്രഖ്യാപിച്ചത്. അലിഭാഗ് പൊലീസ് സംഭവത്തില്‍ വേണ്ട അന്വേഷണം നടത്തിയില്ലെന്ന് അന്‍വായ് നായികിന്റെ ഭാര്യ അദന്യ നായിക് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം അര്‍ണബിനെതിരെ സോണിയ ഗാന്ധിക്കും അതിഥി തൊഴിലാളികള്‍ക്കുമെതിരായ വിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ കേസും ടി.ആര്‍.പി തട്ടിപ്പ് കേസും നിലവില്‍ ഉണ്ട്. റിപ്പബ്ലിക് ടി.വി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിങില്‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പൊലീസിന്റെ കണ്ടെത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക്ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപ്പബ്ലിക് ടി.വി കാണാന്‍ പണം വാഗ്ദാനം ചെയ്‌തെന്നാണ് മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. റിപ്പബ്ലിക് ടി.വി കാണാന്‍വേണ്ടി ആളുകള്‍ക്ക് മാസം 400 രൂപ വീതം വാഗ്ദാനം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Test User: