വിശാല്‍ ആര്‍
സി.പി.എമ്മുകാരെ ആക്രമിക്കാന്‍ വരുന്നവര്‍ വെറും കൈയോടെ മടങ്ങില്ലെന്നും പാടത്ത് ജോലി ചെയ്താല്‍ വരമ്പത്ത് കൂലി കൊടുക്കുമെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. അക്രമ രാഷ്ട്രീയത്തിന് സി.പി.എം എത്രമാത്രം കോപ്പുകൂട്ടുന്നുവെന്നതിന്റെ നേര്‍തെളിവായി ഇതിനെ കാണാം. ഭരണപാര്‍ട്ടിക്കാര്‍തന്നെ അക്രമത്തിനും അരാജകത്വത്തിനും പരസ്യമായി ആഹ്വാനം ചെയ്യുന്ന കാഴ്ചയും കാണാനാവുക ഈ പാര്‍ട്ടിയിലാണ്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് നാലര വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തില്‍ നടന്നത് അന്‍പതിനടുത്ത രാഷ്ട്രീയ കൊലപാതകങ്ങളാണ്. ഇതില്‍ ഇരുപത്തിയഞ്ചിലും പ്രതികള്‍ ഭരണ കക്ഷിയായ സി.പി.എമ്മുകാര്‍ തന്നെയാണെന്നറിയുമ്പോഴാണ് അക്രമ രാഷ്ട്രീയവുമായി ആ പാര്‍ട്ടിക്കുള്ള ബന്ധം കൂടുതല്‍ വ്യക്തമാവുക. പിണറായി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ മെയ് 26ന് കേരളത്തിലെല്ലായിടത്തും രാഷ്ട്രീയ സംഘട്ടനങ്ങളും കൊള്ളയും കൊള്ളിവെപ്പും നടന്ന ദിനമായിരുന്നു. പിണറായി മുഖ്യമന്ത്രിയായതിലുള്ള ആഘോഷപ്രകടനങ്ങളാണ് പലയിടത്തും അഴിഞ്ഞാട്ടമായി മാറിയത്.
ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2016 മെയ് മാസ്ത്തിനുശേഷം നടന്നത് പത്ത് കൊലപാതകങ്ങളാണ്. ഇതില്‍ ഏഴെണ്ണത്തിലും പ്രതികള്‍ സി.പി.എമ്മുകാരാണ്. 2017ല്‍ പതിമൂന്ന് രാഷ്ട്രീയ കൊലകളാണ് നടന്നത്. ഇതില്‍ പന്ത്രണ്ടു പേരെയും കൊലപ്പെടുത്തിയത് സി.പി.എമ്മുകാര്‍ തന്നെ. 2018ല്‍ ഏഴ് കൊലപാതകങ്ങളില്‍ മൂന്നിലും പ്രതികല്‍ ഭരണകക്ഷിക്കാര്‍. 2019ല്‍ ഏഴില്‍ അഞ്ചിലും പ്രതികള്‍ സി.പി.എമ്മുകാര്‍ തന്നെയാണ്. ഈ വര്‍ഷം ഏഴ് കൊലപാതകങ്ങളില്‍ ഒരെണ്ണത്തില്‍ സി.പി.എമ്മാണ് പ്രതി. വെട്ടിനുറുക്കപ്പെട്ട ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം ചോദ്യങ്ങളാണ് ഉയരുന്നത്. കൊലപാതകങ്ങളില്‍ പങ്കില്ല എന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കുന്ന സി.പി.എമ്മിനും സര്‍ക്കാരിനും ഇക്കാര്യത്തിലെ പങ്ക് വ്യക്തമാണ്. വിമര്‍ശനങ്ങളെ നിശബ്ദമാക്കാന്‍ രാഷ്ട്രീയ എതിരാളികളെ അരിഞ്ഞുവീഴ്ത്തുന്ന സി.പി.എം നയം പിണറായി സര്‍ക്കാര്‍ നന്നായി നടപ്പാക്കുന്നു.
കേരളത്തിലെ പൊതു സമൂഹത്തിനു മുന്നില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് കൊലപാതങ്ങള്‍ മാത്രമാണ്. എന്നാല്‍ അതിന്റെ എത്രയോ മടങ്ങാണ് വെട്ടും കുത്തുമേറ്റ് മരിക്കാതെ മരിക്കുന്നവരുടെ എണ്ണം. വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും എതിരെയുള്ള അക്രമങ്ങളും നിരവധിയാണ്. എത്രയെത്ര കുടുംബങ്ങളാണ് അനാഥരായത്. നിലയ്ക്കാത്ത നിലവിളികളുടെ നാടായി കേരളം മാറി. നിരവധി യുവതികള്‍ വിധവകളായി, അനാഥരായ കുട്ടികള്‍, മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാര്‍. ഇവയെന്നും ചര്‍ച്ച ചെയ്യപ്പെടുന്നില്ലന്നു മാത്രമല്ല ഭരണകൂടം അക്രമങ്ങളെ വെള്ളപൂശുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇരകളുടെ കുടുംബത്തിന്റെ കണ്ണീരൊപ്പാനോ അവര്‍ക്ക് കൈത്താങ്ങാകാനോ വൈകാരിക പിന്തുണ നല്‍കാനോ ഭരണപക്ഷം എത്താറില്ല.
സ്വന്തം പ്രവര്‍ത്തകന്റെ നെഞ്ചില്‍ എസ്.എഫ്.ഐക്കാര്‍ തന്നെ കഠാര കുത്തിയിറക്കുകയും പെണ്‍കുട്ടികളുള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി നടുറോഡിലിറങ്ങുകയും കാമ്പസും പരിസരവും സംഘര്‍ഷഭരിതമാകുകയും ചെയ്തത് തിരുവനന്തപുരം യൂനിവാഴ്‌സിറ്റി കോളജിലാണ്. അഖില്‍ എന്ന എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ നെഞ്ചിലേക്കാണ് അതേ പാര്‍ട്ടിയിലെ ഗുണ്ടകള്‍ കഠാര കുത്തിയിറക്കിയത്. കോളജില്‍ മുമ്പ് പലപ്പോഴും അക്രമം ഉണ്ടാകുകയും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുകയും ചെയ്‌തെങ്കിലും സര്‍ക്കാരോ പൊലീസോ അനങ്ങിയിരുന്നില്ല. അഖില്‍ വധശ്രമക്കേസിലെ പ്രതി പൊലീസ് നിയമനത്തിനുള്ള റാങ്ക് പട്ടികയിലുള്ളയാളാണെന്നതോര്‍ക്കണം. ആണ്‍ സുഹൃത്തുമായി രണ്ട് വിദ്യാര്‍ത്ഥിനികള്‍ കോളജിനുള്ളില്‍ വെച്ച് സംസാരിച്ചതിന്റെ പേരില്‍ മുമ്പും എസ്.എഫ്.ഐക്കാര്‍ കാമ്പസില്‍ അക്രമം അഴിച്ചുവിട്ടിരുന്നു. കോളജ് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ എ. ഐ.എസ്.എഫ് ജോയിന്റ് സെക്രട്ടറിയെ മുണ്ടുരിഞ്ഞ് ഓടിച്ചുവിട്ടിരുന്നു. കാമ്പസില്‍ പണപ്പിരിവ് ചോദ്യംചെയ്ത അന്ധ വിദ്യാര്‍ത്ഥിക്കുനേരെയും ഭീഷണിയുണ്ടായി. പാര്‍ട്ടി ഗ്രാമങ്ങളിലെ വിദ്യാലയങ്ങളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളെ സി.പി.എമ്മുകാര്‍ സ്‌കൂളില്‍ കയറി മര്‍ദ്ദിക്കുന്ന സംഭവവും ഈ ഭരണത്തിലുണ്ടായി. സിനിമാനടിപോലും അക്രമത്തിന് ഇരയായ കാലമായിരുന്നു പിണറായിയുടേത്. 2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് ഷൂട്ടിംഗിനായി വരികയായിരുന്ന നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകര്‍ത്തിയത്.
ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. തങ്ങളുടെ ഭരണ കാലത്ത് നടക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളെ നിയമപരമായി കൈകാര്യം ചെയ്യാന്‍ ഒരു തടസ്സവും അവര്‍ക്കുണ്ടാകില്ല. എന്നിട്ടും അവരുടെ അണികള്‍ കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തുവെങ്കില്‍ നിയമവാഴ്ചയെ അവര്‍ അംഗീകരിക്കുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്. നിയമ നടപടിക്ക്പകരം ഏരിയാ കമ്മിറ്റി ഓഫീസിലോ ജില്ലാ കമ്മിറ്റി ഓഫീസിലോ ഇരുന്നു നേതാക്കള്‍ വിധിക്കുന്നതനുസരിച്ച് സായുധമായി കാര്യങ്ങള്‍ നടപ്പാക്കുന്ന രീതിയാണ് ഭരണകക്ഷിതന്നെ സ്വീകരിക്കുന്നതെന്നു വന്നാല്‍ എന്താണ് അതിനര്‍ത്ഥം. അവര്‍ നിയമ വ്യവസ്ഥ അംഗീകരിക്കാത്ത മിലിറ്റന്റ് വിഭാഗമാണ് എന്നല്ലേ കരുതേണ്ടത്.
എന്നൊക്കെ കേരളത്തില്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി അധികാരത്തില്‍ എത്തിയിട്ടുണ്ടോ അന്നൊക്കെ കേരളത്തെ ചോരക്കളമാക്കി മാറ്റുന്ന പ്രവര്‍ത്തികളാണ് നടത്തിയിട്ടുള്ളത്. അത് പിണറായി വിജയനും തുടരുന്നു എന്നു മാത്രം. കേരള ജനതയുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കേണ്ട സര്‍ക്കാര്‍, ഭരണത്തിന്റെ തണലില്‍ അക്രമികളുടെ ആയുധങ്ങള്‍ക്ക് മൂര്‍ച്ഛ കൂട്ടിക്കൊടുക്കുകയായിരുന്നു.