X
    Categories: columns

ഓഖി ബാധിതരുടെ വേദനയറിയാത്ത ഭരണകൂടം

വിശാല്‍ ആര്‍

ഓഖിയില്‍നിന്ന്, അതുണ്ടാക്കിയ കണ്ണീരില്‍നിന്ന്, കെടുകാര്യസ്ഥതയുടെ അപ്പോസ്തലരായ ഇടതു സര്‍ക്കാറിന് കിട്ടിയ കൂക്കുവിളിയില്‍നിന്ന് വ്യക്തമാണ് പിണറായി സര്‍ക്കാറിന്റെ പിടിപ്പുകേടിന്റെ ആഴം. ഓഖി ദുരന്തം ഇടതുപക്ഷ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ വന്ന പാളിച്ച അവരുടെ കഴിവില്ലായ്മ വിളിച്ചോതുന്നതാണ്. ദുരന്തം സൃഷ്ടിച്ച ആഘാതത്തില്‍നിന്ന് തീരദേശഗ്രാമങ്ങള്‍ ഇനിയും മോചനം നേടിയിട്ടില്ലെന്നുതന്നെ പറയാം. ഇപ്പോഴും നഷ്ടപരിഹാര തുക ലഭിക്കാത്തവര്‍ നിരവധിയാണ്. ബോട്ടുകള്‍ നഷ്ടപ്പെട്ട പലര്‍ക്കും നാമമാത്രമായ തുക മാത്രമാണ് ലഭിച്ചത്. ഓഖി ദുരിതാശ്വാസ ഫണ്ടില്‍ ലഭിച്ച എത്ര രൂപ ചെലവഴിച്ചു, മത്സ്യത്തൊഴിലാളികള്‍ക്ക് എത്ര കിട്ടി തുടങ്ങിയ കാര്യങ്ങളൊന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കിട്ടിയ തുകയുടെ കാര്യത്തില്‍ പോലും വ്യക്തതയില്ല.

ഓഖി ദുരിതാശ്വാസനിധിയില്‍നിന്ന് സര്‍ക്കാര്‍ 46 കോടി രൂപ വൈദ്യുതി വകുപ്പിന് വകമാറ്റിചെലവഴിച്ചതും വിവാദമായിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഓഖി ദുരന്തനിധിയില്‍ നിന്ന് ചെലവാക്കിയ തുകയുടെ കണക്കിനെപ്പറ്റിയുള്ള അന്വേഷണത്തിലാണ്ഫണ്ടിലെ തുക വകമാറ്റിയ വിവരം വ്യക്തമായത്. വിവരാവകാശ നിയമമനുസരിച്ച് ലഭിച്ച മറുപടി പ്രകാരം കെ.എസ്.ഇ.ബിക്കുണ്ടായ നാശനഷ്ടം പരിഹരിക്കുന്നതിന് 46.11 കോടി രൂപ അനുവദിച്ചതായാണ് കാണുന്നത്. ഓഖി ചുഴലിക്കാറ്റില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി ആകെ എട്ടു കോടി രൂപയുടെ നാശനഷ്ടമാണ് വൈദ്യുതി ബോര്‍ഡിനുണ്ടായത്. എട്ട് കോടിക്ക്പകരം 46 കോടി രൂപ വൈദ്യുതി വകുപ്പിന് നല്‍കിയതെന്തിനെന്നും രേഖകളില്‍ വ്യക്തമല്ല.

ദുരിതാശ്വാസത്തിനായി വിനിയോഗിക്കേണ്ട ഫണ്ട്, മുഖ്യമന്ത്രി തൃശൂരിലെ സി.പി.എം സമ്മേളനവേദിയില്‍നിന്നു തലസ്ഥാനത്തേക്ക് ഹെലികോപ്റ്ററില്‍ പറന്നതിന്റെ ചെലവിനായി നല്‍കാന്‍ നിര്‍ദേശിച്ചതും വിവാദമായതാണ്. എട്ട് ലക്ഷം രൂപയാണ് തൃശൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് പറക്കാന്‍ മുഖ്യമന്ത്രിക്ക് ചെലവായത്. ഓഖി കേന്ദ്ര സംഘത്തെ കാണാനാണ് മുഖ്യമന്ത്രി തൃശൂരില്‍നിന്ന് തലസ്ഥാനത്തേക്ക് ഹെലികോപ്റ്ററില്‍ എത്തിയതെന്നും അതിനാല്‍ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് പണം നല്‍കണമെന്നും റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരം ജില്ലാ കലക്ടറോടാണ് ഫണ്ട് നല്‍കാന്‍ നിര്‍ദേശിച്ചിരുന്നത്.

ഖജനാവില്‍ പണമില്ലെന്ന് സര്‍ക്കാര്‍ പരിതപിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിലെ കറക്കം. സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് തിരുവനന്തപുരത്ത് എത്താനാണ് ബംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ വാടകക്കെടുത്ത് തിരുവനന്തപുരത്തേക്ക് പറന്നത്. തിരുവനന്തപുരത്തെ പരിപാടിക്കുശേഷം അതേ ഹെലികോപ്റ്ററില്‍ വീണ്ടും തൃശൂരിലെ സമ്മേളന സ്ഥലത്തേക്ക് പറന്നു. പാര്‍ട്ടി സമ്മേളനത്തില്‍ പ്രവര്‍ത്തകരോട് സര്‍ക്കാറിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പരിതപിച്ചതിനുശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ആകാശ യാത്ര.
ഈ യാത്രക്ക് ബംഗളൂരുവിലെ ചിപ്സന്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 13.09 ലക്ഷം രൂപയുടെ ബില്ലാണ് ഡി.ജി.പിക്ക് നല്‍കിയത്. ഡി.ജി.പി ഇത് ദുരന്ത നിവാരണ വകുപ്പിന്റെ ചുമതലയുള്ള റവന്യുവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന് കൈമാറി. കമ്പനിയുമായി ‘വിലപേശി’ കുര്യന്‍ ഇത് എട്ടു ലക്ഷം രൂപയായി കുറയ്ക്കുകയും തുക അനുവദിച്ച് ഉത്തരവിറക്കുകയും ചെയ്യുകയായിരുന്നു.

ഓഖി ദുരന്ത മേഖല സന്ദര്‍ശിക്കുന്ന കേന്ദ്ര സംഘത്തെ കാണാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ വാടകക്കെടുത്തതെന്നാണ് റവന്യു സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ അന്നേദിവസം കേന്ദ്ര സംഘവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നില്ല എന്നതാണ് വസ്തുത. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ടു മാത്രമേ തുക അനുവദിക്കാവൂ എന്നിരിക്കേയാണ് മുഖ്യമന്ത്രിയുടെ ധൂര്‍ത്തിന് പണം അനുവദിച്ചത്. ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നല്‍കി സഹായിക്കണമെന്ന് നിരന്തരം അഭ്യര്‍ത്ഥിക്കുന്ന മുഖ്യമന്ത്രിയാണ്, ഈ തുക പാര്‍ട്ടി സമ്മേളനയാത്രക്കായി വകമാറ്റിയത്.
സാധാരണ മുഖ്യമന്ത്രിയുടെ ചെലവുകള്‍ വഹിക്കുന്നത് പൊതു ഭരണവകുപ്പാണ്. എന്നാല്‍ അന്നേദിവസം തൃശൂരില്‍ മുഖ്യമന്ത്രിക്ക് ഔദ്യോഗിക പരിപാടികള്‍ ഉണ്ടായിരുന്നില്ല. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രം പോയതിനാല്‍ ഹെലികോപ്റ്റര്‍ വാടക നല്‍കാന്‍ കഴിയില്ലെന്ന് ഡി.ജി.പിയെ പൊതു ഭരണ വകുപ്പ് അറിയിച്ചു. ഇതോടെയാണ് ദുരന്ത നിവാരണ വകുപ്പിനെ ഡി.ജി.പി സമീപിച്ചത്.

ഓഖി മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാര്‍ കാട്ടിയ അലംഭാവം വന്‍ വിമര്‍ശനത്തിനാണ് ഇട വരുത്തിയത്. വൈകി നല്‍കിയ മുന്നറിയിപ്പും ഫലപ്രദമായി വിവരങ്ങള്‍ കൈമാറാതിരുന്നതും ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചു. കാലാവസ്ഥാനിരീക്ഷണത്തിന് ലോകമെങ്ങും ഏറെക്കുറെ കുറ്റമറ്റ സംവിധാനങ്ങളുണ്ട്. ഈ രംഗത്ത് വിവിധ രാജ്യങ്ങള്‍ തമ്മില്‍ വിപുലമായ അന്താരാഷ്ട്ര സഹകരണവുമുണ്ട്. സുനാമി ദുരന്തത്തിന്‌ശേഷം കോടികള്‍ മുടക്കി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങള്‍ വിപുലപ്പെടുത്തിയിട്ടുമുണ്ട്. രാജ്യത്തെ കാലാവസ്ഥാവകുപ്പിന് ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും കുറ്റമറ്റ മുഴുവന്‍ സമയ നിരീക്ഷണ സംവിധാനങ്ങളുണ്ട്. ആ സംവിധാനങ്ങളിലൂടെ ഓഖി ചുഴലിക്കാറ്റിന്റെ വിവരങ്ങള്‍ കൃത്യമായി സംസ്ഥാനത്തിന് മുന്‍കൂട്ടി നല്‍കിയിട്ടുമുണ്ട്. കേന്ദ്ര കാലാവസ്ഥാവകുപ്പിന് കീഴില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പിന് മാത്രമായി പ്രവര്‍ത്തിക്കുന്ന വിഭാഗം നവംബര്‍ 29 ന് വിശദമായ മുന്നറിയിപ്പ് നല്‍കിരുന്നു. കടല്‍ക്ഷോഭം മുതല്‍ ഭീകര കൊടുങ്കാറ്റുവരെ ആയേക്കാവുന്ന ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്ന കാര്യവും കേരളം, തമിഴ്‌നാട് തീരങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ അവശ്യകതയുമെല്ലാം അവര്‍ അറിയിച്ചതാണ്. പക്ഷേ, അതിനനുസരിച്ചു കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഭരണ സംവിധാനം പിണറായി സര്‍ക്കാറിന് ഇല്ലാതെ പോയി.

580 കിലോമീറ്റര്‍ കടല്‍ത്തീരവും 222 തീരദേശ ഗ്രാമങ്ങളും അവിടെ മീന്‍പിടുത്തം ഉപജീവനമാക്കിയ ലക്ഷക്കണക്കിന് മനുഷ്യരുമുള്ള സംസ്ഥാനമായിട്ടും അടിയന്തിര സാഹചര്യം നേരിടേണ്ടത് എങ്ങനെയെന്ന അടിസ്ഥാനധാരണ പോലും ഭരണകൂടത്തിന് ഇല്ല. ശക്തമായ കൊടുങ്കാറ്റ് കേരളതീരത്തു സംഭവിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി കേന്ദ്ര മുന്നറിയിപ്പ് വരുമ്പോഴും അതൊന്നും അറിയാതെ കടലിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍.

അതിശക്തമായ കൊടുങ്കാറ്റില്‍ തെക്കന്‍ ജില്ലകള്‍ ആടിയുലയുമ്പോള്‍ ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ സ്‌കൂളിലായിരുന്നു. ഒരവധി പ്രഖ്യാപിക്കല്‍ സംവിധാനംപോലും പ്രവര്‍ത്തിച്ചില്ല. സ്‌കൂളുകളുടെ മരങ്ങളും പന്തലുകളും മതിലുകളുമൊക്കെ പൊളിഞ്ഞിട്ടും ഭാഗ്യത്തിന് കുഞ്ഞുങ്ങള്‍ സുരക്ഷിതരായി വീടുകളില്‍ എത്തി. മിക്കയിടത്തും ഉപജില്ലാ കലോത്സവം നടക്കുന്ന സമയംകൂടിയായിരുന്നു എന്നോര്‍ക്കണം. ഒരു കണ്‍ട്രോള്‍ റൂം പോലും സമയത്തു തുറന്നില്ല. കൃത്യമായ ഏകോപനം ഉണ്ടായില്ല. ജനങ്ങളുടെ ആശങ്ക ശമിപ്പിക്കാന്‍ കാര്യമായ നടപടി ഉണ്ടായില്ല.

ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയടക്കം മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ തടഞ്ഞിരുന്നു. ഉറ്റവരുടെ പ്രാണന്‍ നടുക്കടലിലെവിടെയോ മുങ്ങിത്താഴുമ്പോള്‍ ലോകത്തെ ഏതു ജനതയും കാണിക്കുന്ന വികാര വിക്ഷോഭം മാത്രമാണ് തീരദേശങ്ങളില്‍ ഉണ്ടായത്. ജനങ്ങള്‍ മുഖ്യമന്ത്രിയുടെ വാഹനം തടയുകയും വാഹനത്തിനുപുറത്ത് അടിച്ച് രോഷംപ്രകടിപ്പിക്കുകയും ചെയ്തു. ദുരിതബാധിത മേഖലകളില്‍ എത്താന്‍ വൈകിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മൂന്നുമിനിറ്റോളം വാഹനം തടഞ്ഞുവെച്ചു. പ്രതിഷേധം ശക്തമായതോടെ ഒന്നാം നമ്പര്‍ കാര്‍ ഉപേക്ഷിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാറിലാണ് മുഖ്യമന്ത്രി മടങ്ങിയത്. വാഹനത്തിന് നീങ്ങാന്‍ വഴിയൊരുക്കുന്നതിന് പൊലീസിന് വളരെ പണിപ്പെടേണ്ടിവന്നു. വിഴിഞ്ഞം സെന്റ് മേരീസ് പള്ളിയില്‍ ദുരിതബാധിതരെ കണ്ട് മടങ്ങുമ്പോഴാണ് പ്രതിഷേധം ഉണ്ടായത്. പൂന്തുറയിലും മുഖ്യമന്ത്രി സന്ദര്‍ശനത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് റദ്ദാക്കി. കനത്ത പൊലീസ് വലയത്തിലാണ് മുഖ്യമന്ത്രിയെ പുറത്തിറക്കിയത്. മുഖ്യമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്കുമാറ്റുന്നതിനിടെ പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ജില്ലാ കലക്ടറും മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പമുണ്ടായിരുന്നു. ഇവരുടെ കാറുകളും മല്‍സ്യത്തൊഴിലാളികള്‍ തടഞ്ഞിരുന്നു. ഈ സംഭവം മാത്രംമതി ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ പിണറായി സര്‍ക്കാര്‍ എത്രമാത്രം പരാജയമായിരുന്നുവെന്ന് തെളിയിക്കാന്‍.

Test User: