X

പരിശീലക രംഗത്തെ ഇതിഹാസം ആഴ്‌സന്‍ വെംഗര്‍ വിരമിക്കുന്നു

ലണ്ടന്‍: 2017-18 സീസണ്‍ അവസാനത്തില്‍ ക്ലബ്ബ് വിടുമെന്ന് ആര്‍സനല്‍ മാനേജര്‍ ആഴ്‌സന്‍ വെംഗര്‍ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തുള്ള ആര്‍സനലിന് അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗിന് നേരിട്ട് യോഗ്യത ലഭിക്കില്ലെന്നുറപ്പായ സാഹചര്യത്തിലാണ് 68-കാരനായ വെംഗറുടെ പടിയിറക്കം. കഴിഞ്ഞ സീസണില്‍ ഒപ്പുവെച്ച കരാറില്‍ ഒരു വര്‍ഷം കൂടി ബാക്കിയിരിക്കെയാണ് വെംഗറുടെ തീരുമാനം.

മൂന്ന് പ്രീമിയര്‍ ലീഗ് കിരീടവും ഏഴ് എഫ്.എ കപ്പുമടക്കം ആര്‍സനലിനെ 17 കിരീട നേട്ടങ്ങളിലേക്കു നയിച്ച വെംഗര്‍, സമീപകാലത്തെ ടീമിന്റെ പ്രകടനത്തിന്റെ പേരില്‍ ഏറെ പഴികേട്ടിരുന്നു. ആക്രമണാത്മക ഫുട്‌ബോള്‍ കളിച്ചിട്ടും പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്നതോടെ ആര്‍സനലിന്റെ മത്സരങ്ങള്‍ക്കിടെ ഗാലറിയില്‍ ‘വെംഗര്‍ ഔട്ട്’ ബാനറുകള്‍ പ്രത്യക്ഷപ്പെടുന്നത് പതിവായിരുന്നു.

‘നിരവധി അവിസ്മരണീയ വര്‍ഷങ്ങളില്‍ ഈ ക്ലബ്ബിനെ സേവിക്കാനുള്ള ബഹുമതി ലഭിച്ചതില്‍ ഞാന്‍ അനുഗൃഹീതനാണ്. പൂര്‍ണമായ സമര്‍പ്പണത്തോടെയും ആത്മാര്‍ത്ഥതയോടെയുമാണ് ഞാന്‍ ക്ലബ്ബിനെ പരിശീലിപ്പിച്ചത്. എല്ലാ ആര്‍സനല്‍ ആരാധകരോടും എനിക്ക് പറയാനുള്ളത്, ക്ലബ്ബിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നാണ്.’ – വെംഗര്‍ പറഞ്ഞു. 68-കാരന് പകരക്കാരനെ ഉടന്‍ തീരുമാനിക്കുമെന്ന് ആര്‍സനല്‍ മാനേജ്‌മെന്റ് അറിയിച്ചു.

1996 ഒക്ടോബര്‍ ഒന്നിന് നിയമിതനായ വെംഗര്‍ പ്രീമിയര്‍ ലീഗില്‍ നിലവിലുള്ള കോച്ചുമാരില്‍ ഏറ്റവുമധികം കാലം ഒരു ടീമിനെ പരിശീലിപ്പയാളാണ്. 823 മത്സരങ്ങളില്‍ അദ്ദേഹം ആര്‍സനലിനെ പരിശീലിപ്പിച്ചു. കഴിഞ്ഞയാഴ്ച ലീഗില്‍ ന്യൂകാസിലിനോട് തോറ്റതോടെ അദ്ദേഹത്തെ പുറത്താക്കാനുള്ള മുറവിളി ശക്തമായിരുന്നു. വെംഗറുടെ കരിയറിലെ ഏറ്റവും മോശം സീസണാണിത്. വെംഗര്‍ ടീമിലെത്തിയ ശേഷം ഇതാദ്യമായിട്ടായിരിക്കും ടീം ആദ്യ നാലിനു പുറത്ത് ഫിനിഷ് ചെയ്യുന്നത്. 2003-04 ല്‍ വെംഗറുടെ കീഴില്‍ ആര്‍സനല്‍ സീസണ്‍ മുഴുവന്‍ അപരാജിതരായിരുന്നു. 1888-89 സീസണിനു ശേഷം ഇതാദ്യമായിട്ടായിരുന്നു ഒരു ടീം ഇംഗ്ലണ്ടില്‍ തോല്‍ക്കാതെ സീസണ്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായി 49 മത്സരങ്ങള്‍ തോല്‍ക്കാതെ മുന്നേറിയ ശേഷമാണ് അന്ന് ആര്‍സനല്‍ ഒരു പരാജയമറിഞ്ഞത്.

ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ എട്ട് വര്‍ഷങ്ങള്‍ക്കിടെയായിരുന്നു വെംഗര്‍ക്കു കീഴില്‍ ആര്‍സലിന്റെ മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങളും. 1998, 2002, 2004 വര്‍ഷങ്ങളിലായിരുന്നു ഇത്. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ആറ് തവണ വീതം ടീം ഫിനിഷ് ചെയ്തു.
2005 എഫ്.എ കപ്പ് നേടിയതിനു ശേഷം അടുത്ത കിരീടത്തിന് ഒമ്പത് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു. 2014-ല്‍ എഫ്.എ കപ്പ് നേടിയാണ് ആ ക്ഷാമം തീര്‍ത്തത്. തൊട്ടടുത്ത സീസണിലും ആര്‍സനല്‍ എഫ്.എ കപ്പ് നേടി. കഴിഞ്ഞ സീസണില്‍ ചെല്‍സിയെ തോല്‍പ്പിച്ച് എഫ്.എ കപ്പ് നേടിയെങ്കിലും ആരാധകരെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല.ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പ്രധാന എതിര്‍ ടീമുകളേക്കാള്‍ കുറഞ്ഞ പണം ചെലവഴിച്ച് മികച്ച ടീം കെട്ടിപ്പടുക്കുന്നതില്‍ വിദഗ്ധനാണ് വെംഗര്‍. കഴിഞ്ഞ വേനലില്‍ ക്ലബ്ബിന്റെ ട്രാന്‍സ്ഫര്‍ റെക്കോര്‍ഡ് തകര്‍ത്ത് മികച്ച ടീമിലെത്തിച്ചിട്ടും പ്രതീക്ഷിച്ച ഫലം ഉണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല.

chandrika: