X
    Categories: CultureViews

ആവേശപ്പോരില്‍ ആര്‍സനല്‍; പ്രീമിയര്‍ ലീഗ് സീസണിന് തുടക്കമായി

ലണ്ടന്‍: ആദ്യന്തം ആവേശം മുറ്റിനിന്ന വാശിയേറിയ പോരാട്ടത്തില്‍ ആര്‍സനല്‍ ലെസ്റ്റര്‍ സിറ്റിയെ തകര്‍ത്തതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2017-18 സീസണിന് തുടക്കമായി. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ മൂന്നിനെതിരെ നാലു ഗോളിനായിരുന്നു ഗണ്ണേഴ്‌സിന്റെ നാടകീയ വിജയം. ആതിഥേയര്‍ക്കു വേണ്ടി അലക്‌സാന്ദ്രെ ലാകസെറ്റ്, ഡാനി വെല്‍ബെക്ക്, ആരോണ്‍ റംസി, ഒലിവര്‍ ഗിരൂദ് എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ജാമി വാര്‍ഡിയുടെ ഇരട്ട ഗോളും ഷിന്‍ജി ഓകസാകിയുടെ ഗോളുമായിരുന്നു ലെസ്റ്ററിന്റെ മറുപടി.

വേനല്‍ ട്രാന്‍സ്ഫറില്‍ ഒളിംപിക് ലിയോണില്‍ നിന്നെത്തിയ ലാകസെറ്റ് അരങ്ങേറ്റ മത്സരത്തില്‍ ഒന്നര മിനുട്ട് പിന്നിട്ടപ്പോള്‍ തന്നെ തന്റെ കന്നി പ്രീമിയര്‍ ലീഗ് ഗോള്‍ നേടി. ബോക്‌സിനു പുറത്തുനിന്നുള്ള മുഹമ്മദ് എല്‍നേനിയുടെ ആര്‍ച്ചിങ് പാസ് ക്ലോസ് റേഞ്ചില്‍ നിന്ന് വലയിലെത്തിച്ചായിരുന്നു ഫ്രഞ്ച് താരത്തിന്റെ ഗോള്‍. ഗണ്ണേഴ്‌സിന്റെ ആഹ്ലാദം അധികം നീണ്ടില്ല. 5-ാം മിനുട്ടില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഓകസാകി സന്ദര്‍ശകരെ ഒപ്പമെത്തിച്ചു. 29-ാം മിനുട്ടില്‍ പ്രതിരോധപ്പിഴവ് ആര്‍സീന്‍ വെങറുടെ ടീമിന് വിനയായി. സ്വന്തം ഹാഫില്‍ പാസ് ചെയ്ത് കളിക്കുന്നതിനിടെ ആര്‍സനല്‍ ഡിഫന്‍സില്‍ നിന്ന് പന്ത് റാഞ്ചിയ അല്‍ബ്രൈറ്റന്‍ ഇടതുവിങില്‍ നിന്ന് തൊടുത്ത ക്രോസ് ജാമി വാര്‍ഡി വലയില്‍ അടിച്ചുകയറ്റുകയായിരുന്നു. ഇടവേളക്ക് പിരിയുന്നതിനു തൊട്ടുമുമ്പ് ആര്‍സനല്‍ ഒപ്പമെത്തി. ബോക്‌സിനുള്ളിലെ ചെറുപാസുകള്‍ക്കൊടുവില്‍ ഗോള്‍കീപ്പറുടെ മുന്നില്‍ നിന്ന് കൊലാഷിനാക്ക് നല്‍കിയ പാസ് ഡാനി വെല്‍ബക്ക് വലയിലാക്കുകയായിരുന്നു.

ആര്‍സനലിന്റെ പൊസഷന്‍ ഗെയിമിനെ ക്ഷമയോടെ നേരിട്ട ലെസ്റ്ററിന് 56-ാം മിനുട്ടില്‍ ഫലം ലഭിച്ചു. റിയാദ് മെഹ്‌റസിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന്, ഗണ്ണേഴ്‌സിന്റെ പ്രതിരോധ ദൗര്‍ബല്യം തുറന്നുകാട്ടി വാര്‍ഡി ഗോള്‍ നേടി.

67-ാം മിനുട്ടില്‍ വെങര്‍ നടത്തിയ ഇരട്ട സബ്‌സ്റ്റിറ്റിയൂഷനാണ് ആര്‍സനലിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. എല്‍നേനിക്ക് പകരം ആരോണ്‍ റംസിയും ഹോള്‍ഡിങിന് പകരം ഒലിവര്‍ ജിറൂഡും കളത്തിലെത്തിയതോടെ ആര്‍സനലിന്റെ നീക്കങ്ങള്‍ക്ക് മൂര്‍ച്ച കൂടി. ഭാഗ്യവും ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്മിഷേലിന്റെ മികവും കൊണ്ട് ലെസ്റ്റര്‍ പിടിച്ചു നിന്നെങ്കിലും 83-ാം മിനുട്ടില്‍ അവരുടെ പ്രതിരോധം പൊട്ടി. കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ലഭിച്ച പന്ത് ബോക്‌സിനു പുറത്തുനിന്ന് ഗ്രനിത് ഷാക്ക മുന്നോട്ടുനല്‍കിയപ്പോള്‍ ഇടതുപോസ്റ്റിനടുത്തു നിന്ന് റംസി ലക്ഷ്യം കണ്ടു. 85-ാം മിനുട്ടില്‍ ഷാക്കയുടെ കോര്‍ണര്‍ കിക്കില്‍ ജിറൂഡ് ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കിയതോടെ ആര്‍സനല്‍ അര്‍ഹിച്ച ജയം സ്വന്തമാക്കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: