X
    Categories: CultureSports

എ.സി മിലാനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ആര്‍സനല്‍

മിലാന്‍: തുടര്‍ തോല്‍വികളുമായി ആരാധകരുടെ വിമര്‍ശനങ്ങളുടെ ശരശയ്യയില്‍ കിടന്ന ആര്‍സനലിന് യുവേഫ യൂറോപ്പ ലീഗില്‍ നിര്‍ണായക ജയം. പ്രീക്വാര്‍ട്ടറില്‍ എ.സി മിലാനെ അവരുടെ തട്ടകത്തില്‍ നേരിട്ട ഗണ്ണേഴ്‌സ് എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയം നേടി. ആദ്യ പകുതിയില്‍ ഹെന്റിക് മിഖിതാറിയന്‍, ആരോണ്‍ റാംസി എന്നിവര്‍ നേടിയ ഗോളുകളിലാണ് സമീപ കാലത്ത് മികച്ച ഫോമിലുള്ള മിലാനെ ആര്‍സനല്‍ മറികടന്നത്.

റഷ്യന്‍ ക്ലബ്ബ് ലോകോമോട്ടീവിനെ സ്വന്തം ഗ്രൗണ്ടില്‍ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച് അത്‌ലറ്റികോ മാഡ്രിഡും അത്‌ലറ്റിക് ബില്‍ബാവോയെ 3-1 ന് വീഴ്ത്തി ഒളിംപിക് മാഴ്‌സേയും കരുത്തു കാട്ടിയപ്പോള്‍ ജര്‍മന്‍ കരുത്തരായ ബൊറുഷ്യ ഡോട്മുണ്ട് ഓസ്ട്രിയന്‍ ക്ലബ്ബായ സല്‍സ്ബര്‍ഗിനോട് സ്വന്തം തട്ടകത്തില്‍ തോല്‍വിയറിഞ്ഞു. ഇറ്റാലിയന്‍ കരുത്തരായ ലാസിയോയെ ഡൈനാമോ കീവ് 2-2 സമനിലയില്‍ തളച്ചു.

ഇതിനു മുമ്പ് കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചും തോറ്റ് വന്‍ പ്രതിസന്ധിയിലായിരുന്ന ആര്‍സനലിനെ 15-ാം മിനുട്ടിലാണ് മിഖിതാറിയന്‍ മുന്നിലെത്തിച്ചത്. മസൂദ് ഓസില്‍ ഉയര്‍ത്തി നല്‍കിയ പാസ് ബോക്‌സില്‍ സ്വീകരിച്ച മിഖിതാറിയന്‍ ഡിഫന്ററെ വെട്ടിച്ച് തൊടുത്ത ഷോട്ട് എതിര്‍ താരത്തിന്റെ കാലിലുരസി വല കുലുക്കുകയായിരുന്നു. ജനുവരി ട്രാന്‍സ്ഫറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നെത്തിയ താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്. 559 മിനുട്ടുകള്‍ക്കു ശേഷമാണ് മിലാന്‍ ഗോള്‍ വഴങ്ങുന്നത്.

45-ാം മിനുട്ടില്‍ മസൂദ് ഓസിലിന്റെ പാസ് സ്വീകരിച്ച് ഗോള്‍കീപ്പറെ വെട്ടിയൊഴിഞ്ഞ് ആരോണ്‍ റാംസി ലീഡുയര്‍ത്തി. ആദ്യ പകുതിയില്‍ കൂടുതല്‍ സമയം പന്ത് കാലില്‍ വെച്ചിട്ടും മിലാന് ഒരു തവണ പോലും ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ക്കാനായില്ല. രണ്ടാം പകുതിയില്‍ ആതിഥേയര്‍ ആഞ്ഞു പിടിച്ചെങ്കിലും ആര്‍സനല്‍ ഗോള്‍ വഴങ്ങാതെ കാത്തു. ഫെബ്രുവരി പത്തിനു ശേഷം ഇതാദ്യമായാണ് ആര്‍സനല്‍ ഗോള്‍ വഴങ്ങാതിരിക്കുന്നതും ഒരു മത്സരം ജയിക്കുന്നതും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: