X

അഹങ്കാരികളെ രാമന്‍ 240ല്‍ നിര്‍ത്തി; ബി.ജെ.പിക്കെതിരെ ആർ.എസ്.എസ് നേതാവ്

ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. അഹങ്കാരമാണ് ഭരണകക്ഷിയുടെ മോശം പ്രകടനത്തിന് കാരണമായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജയ്പൂരിനടുത്തുള്ള കനോട്ടയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഭഗവാനെ ആരാധിക്കുന്നവര്‍ ക്രമേണ അഹങ്കാരികളായി മാറി. ഏറ്റവും വലിയ പാര്‍ട്ടിയായിരുന്നെങ്കിലും അവരുടെ അഹങ്കാരം മൂലം രാമന്‍ അവരെ 240 സീറ്റില്‍ നിര്‍ത്തി” ഇന്ദ്രേഷ് പറഞ്ഞു. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും ഭരിക്കാനുള്ള മാന്ത്രിക സംഖ്യ ഒറ്റക്ക് നേടിയ ബി.ജെ.പി ഇത്തവണ സഖ്യകക്ഷികളുടെ സഹായത്തോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഇതിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ആര്‍.എസ്.എസ് നേതാവിന്റെ പരിഹാസം. 2014ന് ശേഷമുള്ള പാര്‍ട്ടിയുടെ ഏറ്റവും മോശം പ്രകടനം കൂടിയായിരുന്നു 2024ലെ തെരഞ്ഞെടുപ്പ്.

ശ്രീരാമ വിരുദ്ധര്‍ എന്ന് ആക്ഷേപിച്ച് ഇന്ദ്രേഷ് കുമാര്‍ ഇന്ത്യ മുന്നണിയെയും വെറുതെ വിട്ടില്ല. പ്രതിപക്ഷ സഖ്യത്തിന്റെ പേരെടുത്ത് പറയാതെ ആയിരുന്നു പരാമര്‍ശം. ‘രാമനില്‍ വിശ്വാസമില്ലാത്തവരെ ഒരുമിച്ച് 234 ല്‍ നിര്‍ത്തി. ദൈവത്തിന്റെ നീതി സത്യവും ആസ്വാദ്യകരവുമാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി 234 സീറ്റുകളാണ് നേടിയത്.

യഥാര്‍ഥ സേവകന് അഹങ്കാരമുണ്ടാകില്ലെന്നും ആരെയും വേദനിപ്പിക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുകയെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞതിനു ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന. രേഷിംബാഗിലെ ഡോ. ഹെഡ്ഗേവാര്‍ സ്മൃതിഭവനില്‍ സംഘടിപ്പിച്ച ആര്‍.എസ്.എസ്. പരിശീലനപരിപാടിയിലായിരുന്നു ഭാഗവത് ഇങ്ങനെ പറഞ്ഞത്. ‘യഥാര്‍ഥ സേവകന്‍ പ്രവര്‍ത്തനത്തില്‍ എപ്പോഴും മാന്യതപുലര്‍ത്തും. അത്തരത്തിലുള്ളവര്‍ അവരുടെ ജോലിചെയ്യുമ്പോള്‍ തന്നെ അതില്‍ അഭിരമിക്കില്ല. താനത് ചെയ്തുവെന്ന് അഹങ്കരിക്കില്ല. അത്തരത്തിലുള്ള ആളുകള്‍ മാത്രമേ സേവകനെന്ന് വിളിക്കപ്പെടാന്‍ യോഗ്യനാകൂ’, മോഹന്‍ ഭാഗവത് പറഞ്ഞു.

തെരഞ്ഞെടുപ്പെന്നാല്‍ മത്സരമാണ്, യുദ്ധമല്ല. ഇരുവിഭാഗവും തെരഞ്ഞെടുപ്പിനിടെ പരസ്പരം ആക്ഷേപം ചൊരിഞ്ഞു. അവരുടെ പ്രവൃത്തികളാല്‍ സമൂഹത്തില്‍ ഭിന്നതയുണ്ടാകുമെന്ന് ആരും ചിന്തിച്ചില്ല. ഒരുകാരണവുമില്ലാതെ സംഘപരിവാറിനേയും ഇതിലേക്ക് വലിച്ചിഴച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ അസത്യങ്ങള്‍ പ്രചരിപ്പിച്ചു. ഇതിനാണോ സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടത്? ഇങ്ങനെയെങ്കില്‍ രാജ്യം എങ്ങനെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

പ്രതിപക്ഷം ശത്രുപക്ഷമല്ല. അവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് മനസിലാക്കിയാല്‍, തെരഞ്ഞെടുപ്പില്‍ പാലിക്കേണ്ട മര്യാദകള്‍ താനെ പാലിക്കപ്പെടും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അതുണ്ടായില്ലെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറും രംഗത്തെത്തിയിരുന്നു. മോദി പ്രഭാവത്തെയും ചില ദേശീയ നേതാക്കളുടെ സാന്നിധ്യത്തെയും മാത്രം ആശ്രയിച്ച് തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് കരുതിയതില്‍ പാളിച്ചയുണ്ടായി. നേതാക്കള്‍ സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന് സ്വന്തംലോകത്ത് ഒതുങ്ങി. താഴെത്തട്ടിലെ ജനങ്ങളുടെ ശബ്ദംകേള്‍ക്കാന്‍ ശ്രമിക്കുന്നില്ല. പാര്‍ട്ടിക്കായി സ്വയം സമര്‍പ്പിച്ച മുതിര്‍ന്നനേതാക്കളെ തഴഞ്ഞ് പുതുതലമുറയിലെ സെല്‍ഫി കേന്ദ്രിത ആക്ടിവിസ്റ്റുകളെ ഉയര്‍ത്തിയത് പ്രതികൂല സ്വാധീനമാണുണ്ടാക്കിയതെന്നും ലേഖനങ്ങളില്‍ ആരോപിച്ചിരുന്നു.

മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാവ് രത്തന്‍ ശാരദ എഴുതിയ ലേഖനത്തിലും ഹേമാംഗി സിന്‍ഹ, സന്തോഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ ലേഖനത്തിലുമാണ് ബി.ജെ.പിയുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയത്. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആര്‍.എസ്.എസ്. നേതാവ് രാംമാധവ് തുടങ്ങിയവര്‍ നേരത്തേ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തി പാര്‍ട്ടിയെ വിമര്‍ശിച്ചിരുന്നു.

 

webdesk13: