മുംബൈ: രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായതോടെ ജി.എസ്.ടിയില്‍ പൊളിച്ചെഴുത്തിന് തയാറായ കേന്ദ്ര സര്‍ക്കാറിനെതിരെ നിശിത വിമര്‍ശവുമായി എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. ധിക്കാരികളായ ഭരണാധികാരികള്‍ കാരണം ജനങ്ങള്‍ നിസ്സഹായരായതാണ് ജി.എസ്.ടിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതരാക്കിയതെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ പറഞ്ഞു. സര്‍ക്കാറിന്റെ നികുതി പിരിവ് കാരണം ജനങ്ങളുടെ നടുവൊടിയുകയാണെന്നും ജനങ്ങളുടെ ഉള്ളില്‍ തീ കത്തുമ്പോഴും ധിക്കാരികളായ നേതാക്കള്‍ അവരുടെ നടുവൊടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജി.എസ്.ടിയില്‍ കണ്ണില്‍ പൊടിയിട്ടാല്‍ മാത്രം പോര, പണപ്പെരുപ്പം കുറക്കാനും എണ്ണ വില കുറക്കാനും തയാറാവണം അതു വഴി ജനങ്ങള്‍ക്ക് ആല്‍പം ആശ്വാസം നല്‍കാന്‍ കേന്ദ്രം ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദീപാവലി അടുത്തെത്തി, പക്ഷേ ജനങ്ങളുടെ കയ്യില്‍ പണമില്ല, പണമെല്ലാം പുതിയ നികുതികള്‍ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പിടിച്ചു പറിച്ചെന്നും അദ്ദേഹം ആരോപിച്ചു. ജി.എസ്.ടിയില്‍ വരുത്തിയ കുറവ് ദീപാവലിക്കു മുമ്പ് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണെന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ സത്യം അതല്ല ജനങ്ങളെ ദുരിതത്തിലാക്കിയാണോ ദീപാവലി സമ്മാനം നല്‍കലെന്നും താക്കറെ ചോദിച്ചു. ജി.എസ്.ടിയില്‍ ഇതുവരെ ഈടാക്കിയ ഉയര്‍ന്ന നികുതി ജനങ്ങള്‍ക്കു തന്നെ തിരിച്ചു കൊടുക്കാന്‍ കേന്ദ്രം തയാറാകൂമോ എന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ഭരണത്തില്‍ പങ്കാളിയായ ശിവസേന കഴിഞ്ഞ ഏതാനും നാളുകളായി ബി.ജെ.പിക്കെതിരെ ശക്തമായ വിമര്‍ശനമാണ് അഴിച്ചു വിടുന്നത്.
- 7 years ago
chandrika