X
    Categories: Newsworld

ബംഗ്ലാദേശില്‍ കോവിഡ് അഴിമതി പുറത്തുവിട്ട മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍

ധാക്ക: കോവിഡ് കാലത്തെ ബംഗ്ലാദേശ് ആരോഗ്യ മന്ത്രാലയത്തിലെ അഴിമതി പുറത്തുവിട്ട അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍. ബംഗ്ലാദേശില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പ്രോതോം അലോ പത്രത്തിന്റെ ലേഖിക റോസിന ഇസ്‌ലാമിനെയാണ് അറസ്റ്റ് ചെയ്തത്. റോസിന പുറത്തുവിട്ട അഴിമതി രേഖകള്‍ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഔദ്യോഗിക രഹസ്യ നിയമ പ്രകാരമാണ് കേസെടുത്തത്.

രേഖകള്‍ മോഷ്ടിച്ച കേസില്‍ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ റോസിനയുടെ വിചാരണ വ്യാഴാഴ്ച ആരംഭിക്കും. കുറ്റം തെളിഞ്ഞാല്‍ റോസിനക്ക് 14 വര്‍ഷം തടവുശിക്ഷയോ വധശിക്ഷയോ ലഭിച്ചേക്കാം. റോസിനയുടെ അറസ്റ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ ധാക്ക പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധിച്ചു. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ആക്രമണം വര്‍ധിച്ചതായും പ്രതിഷേധക്കാര്‍ ആരോപിച്ചു.
റോസിനയെ ഉടന്‍ മോചിപ്പിക്കണമെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഒരു പത്രപ്രവര്‍ത്തകയെ കസ്റ്റഡിയിലെടുക്കുകയും കൊളോണിയല്‍ കാലഘട്ടത്തിലെ നിയമം ചുമത്തി കേസെടുക്കുന്നതും ചെയ്യുന്നത് ക്രൂരനടപടിയാണെന്ന് മുതിര്‍ന്ന ഏഷ്യ ഗവേഷകയായ അലിയ ഇഫ്തിഖര്‍ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

അടിയന്തര മെഡിക്കല്‍ ഉപകരണങ്ങള്‍ മാസങ്ങളായി ധാക്ക വിമാനത്താവളത്തില്‍ കിടക്കുന്നതും ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള കൈക്കൂലിയും ആരോഗ്യ മന്ത്രാലയം നടത്തുന്ന സംഭരണങ്ങളിലെ അഴിമതിയുമാണ് റോസിന ഇസ്‌ലാം പുറത്തുവിട്ടത്. കോവിഡ് കാലത്ത് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടായ പാളിച്ചകള്‍ റോസിനയുടെ റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ടെന്ന് ലോ ആന്‍ഡ് മെഡിറ്റേഷന്‍ സെന്റര്‍ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.

Test User: