ന്യൂഡല്‍ഹി: കഠ്‌വ മാനഭംഗക്കേസില്‍ ഇരയുടെ കുടുംബത്തിന് വേണ്ടി സുപ്രിംകോടതിയില്‍ വാദിച്ച ദീപിക സിങ് രജാവത്തിനെതിരെ സംഘ് പരിവാര്‍ സൈബര്‍ ആക്രമണം. ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്ത ദീപികയെ അറസ്റ്റു ചെയ്യണമെന്നാണ് സംഘ്പരിവാര്‍ ബന്ധമുള്ള അക്കൗണ്ടുകളുടെ ആവശ്യം. അറസ്റ്റ് ദീപിക രജാവത്ത് എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രന്‍ഡിങാണ്.
ഐറണി (വിരോധാഭാസം) എന്ന തലക്കെട്ടോടെ ഒരാള്‍ ദേവതയുടെ കാലില്‍ വന്ദിക്കുന്നതാണ് ചിത്രം. ഇതേയാള്‍ തന്നെ പിന്നീട് ഒരു സ്ത്രീയുടെ രണ്ട് കാലുകള്‍ വിടര്‍ത്തി വച്ച് പിടിക്കുന്ന ചിത്രവും കാണാം. മാനഭംഗത്തെ സൂചിപ്പിക്കുന്നതാണ് ചിത്രം. നേരത്തെ, കഠ്‌വയിലെ പെണ്‍കുട്ടി ദേവാലയത്തില്‍ വച്ചാണ് പീഡിപ്പിക്കപ്പെട്ടത് എന്ന പൊലീസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതു സൂചിപ്പിച്ചാണ് ദീപികയുടെ ചിത്രം.
ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തിയ ദീപികയെ അറസ്റ്റു ചെയ്യണമെന്നാണ് ആവശ്യം. മതപരമായ ആഘോഷങ്ങളെ ഇത്തരത്തില്‍ അപമാനിക്കരുത് എന്നും അവര്‍ ആവശ്യപ്പെട്ടു.