ഹരിയാന: ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടണമെന്ന് വിവാദ പ്രസ്താവന നടത്തിയ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട്. ഹരിയാന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരീഷ് ഗോയലാണ് വാറന്റ് അയച്ചത്.
2016 ഏപ്രിലില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച സദ്ഭാവന സമ്മേളനത്തിനിടെയാണ് ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിക്കുന്നവരുടെ തലവെട്ടുമെന്ന് യോഗ ഗുരു രാംദേവ് പറഞ്ഞത്. താന്‍ ഭരണഘടന അനുസരിക്കുന്നുണ്ടെന്നും ഇല്ലായിരുന്നുവെങ്കില്‍ നിശ്ചയമായും താനത് ചെയ്യുമായിരുന്നെന്നും രാംദേവ് പറഞ്ഞിരുന്നു.
സംഭവം വിവാദമായിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ഹരിയാന മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുഭാഷ് ഭദ്ര കോടതിയെ സമീപിക്കുകയായിരുന്നു. പരാതി പ്രകാരം കേസെടുത്ത് കോടതിയല്‍ ഹാജറാവാന്‍ സമന്‍സ് അയച്ചിട്ടും ഹാജറാവാന്‍ തയാറാവാത്തതിനെത്തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ഏപ്രില്‍ 29നും ശേഷം ജൂണ്‍ 14നും കോടതിയില്‍ ഹാജറാവാന്‍ ആവശ്യപ്പെട്ടിട്ടും രാംദേവ് അനുസരിച്ചിരുന്നില്ല.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504 (സമാധാനം ലംഘിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമം), 506 (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.
”ഭാരത മാതാവിനെ ആദരിക്കില്ലെന്ന ഏതെങ്കിലും ഒരു മതം നിലപാട് സ്വീകരിക്കുകയാണെങ്കില്‍ അത്തരമൊരു മതത്തിന് രാജ്യത്തോട് താല്‍പര്യമില്ലെന്നാണ് കാണിക്കുന്നത്. ചില തൊപ്പി വെച്ച ആളുകള്‍ എഴുന്നേറ്റ് നിന്ന് പറയും നിങ്ങള്‍ തലയറുത്താലും ഞാന്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ തയാറല്ലെന്ന്. ഈ രാജ്യത്ത് ഒരു നിയമ വ്യവസ്ഥയുണ്ട്. നമ്മള്‍ രാജ്യത്തെ നിയമ വ്യവസ്ഥയെ അംഗീകരിക്കുന്നവരാണ്. അല്ലെങ്കില്‍, ഭാരത് മാതാവിനോട് അനാദരവ് പ്രകടിപ്പിക്കുന്ന ഒരാളെയല്ല ലക്ഷക്കണക്കിന് ആളുകളുടെ തല നമുക്ക് അറുത്തെടുക്കാമായിരുന്നു. ആരെങ്കിലും ഇത്തരത്തില്‍ പറയാനുള്ള ധൈര്യം കാണിക്കുകയാണെങ്കില്‍ അത് അരാജകവാദികള്‍ക്ക് വളരാനുള്ള തണലാകും” -എന്നായിരുന്നു രാംദേവ് സദ്ഭാവന സമ്മേളനത്തില്‍ പറഞ്ഞത്. ഇതിന്റെ പേരിലാണ് ഇപ്പോള്‍ അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.