ബാഗ്ദാദ്: സ്ഥാനമൊഴിയാന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാഖ് കോടതി. ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ട്രംപിന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഖാസിം സുലൈമാനിയുടെയും മിലിഷിയകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്‍ദിസിന്റെയും വധവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ബാഗ്ദാദിലെ കുറ്റാന്വേഷണ കോടതിയാണ് ട്രംപിന് വാറന്റ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ബാഗ്ദാദില്‍ സുലൈമാനിയടക്കം ഏഴു പേര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊലപാതകം സംബന്ധിച്ച ഇറാഖിന്റെ അന്വേഷണം നടക്കുകയാണ്. അബു മഹ്ദി അല്‍ മുഹന്‍ദിസിന്റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് കോടതി ട്രംപിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്.
2020 ജനുവരി മൂന്നിന് യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദ് വിമാനത്താവളത്തിന് പുറത്തുവെച്ചാണ് ഖാസിം സുലൈമാനിയും അബു മഹ്ദി അല്‍ മുഹന്‍ദിസും അടക്കംഏഴ് പേര്‍ കൊല്ലപ്പെട്ടത്.മേഖലയില്‍ യുഎസ് സൈന്യത്തിനെതിരെ നടത്തിവരുന്ന ആക്രമണങ്ങളുടെ സൂത്രധാരന്‍ സുലൈമാനിയാണെന്നാന്നാരോപിച്ചായിരുന്നു യുഎസ് അദ്ദേഹത്തെ വധിച്ചത്.