പത്തനംതിട്ട: ശബരിമല കേസില്‍ റിമാന്‍ഡിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം ലഭിച്ചാലും ഇന്ന് പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. തലശ്ശേരി ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് മാര്‍ച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ കോടതി സുരേന്ദ്രന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അതുകൊണ്ടുതന്നെ നിലക്കലില്‍ നിന്ന് അറസ്റ്റിലായ സുരേന്ദ്രന് പത്തനംതിട്ട മുന്‍സിഫ് കോടതി ജാമ്യം അനുവദിച്ചാലും പൊലീസ് കണ്ണൂരിലേക്ക് കൊണ്ടുപോയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കണ്ണൂരില്‍ കഴിഞ്ഞവര്‍ഷം നടന്ന പൊലീസ് മാര്‍ച്ചിനിടെയാണ് സംഭവം. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തി എന്നതാണ് കേസിന് ആധാരം. കോടതിയില്‍ കേസ് നടന്നുവരികയാണ്. കോടതിയില്‍ ഹാജരാകാന്‍ രണ്ടുതവണ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് കണ്ണൂര്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സുരേന്ദ്രനെ ഹാജരാക്കാനുളള വാറന്റ് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിന് കൈമാറി. കണ്ണൂരിലേക്കുളള യാത്രയ്ക്ക്, വേണ്ടി വന്നാല്‍ പൊലീസ് സുരക്ഷയ്ക്ക് സുപ്രണ്ട് അപേക്ഷ നല്‍കി. കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥര്‍ ഇന്ന് കണ്ണൂര്‍ കോടതിയില്‍ ഹാജരായി വിവരമറിയിക്കും.