ഗുജറാത്ത് കലാപത്തില്‍ ഇരകള്‍ക്ക് വേണ്ടി സംസാരിച്ചവരെ അറസ്റ്റ് ചെയ്തത് ജനാധിപത്യത്തിന് നിരക്കാത്ത നടപടിയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ടീസ്ത സെതല്‍വാദ്, ആര്‍.ബി ശ്രീകുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇരകള്‍ക്കുവേണ്ടി കോടതി കയറുകയും നിരന്തരം അവര്‍ക്കുവേണ്ടി ശബ്ദിക്കുകയും ചെയ്തവരെയാണ് വേട്ടയാടുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അധിക ചെലവുകള്‍കൊണ്ട് പൊറുതിമുട്ടുന്ന പൊതുജനത്തിന് കേരള സര്‍ക്കാര്‍ സമ്മാനിച്ച ഇരുട്ടടിയാണ് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാധാരണക്കാരന്റെ പ്രയാസങ്ങളെ ഒരു നിലക്കും പരിഗണിക്കാത്ത ഈ നടപടിക്കെതിരില്‍ ജനരോഷം ഉയരുക തന്നെ ചെയ്യും. അധിക ചെലവുകള്‍ കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളെ വീണ്ടും ഞെരുക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് സൗജന്യം കൊടുക്കുമെന്ന് പറഞ്ഞവരാണ് പോക്കറ്റിലുള്ളത് പിടിച്ചുവാങ്ങുന്നത്. കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്ന അതേ മാതൃകയിലാണ് കേരളവും ജനത്തെ ദ്രോഹിക്കുന്നത്.- അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കാനെങ്കിലും എല്‍.ഡി.എഫ് തയ്യാറാവണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.