തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിലായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി
ഹാത്രസിലേക്കു പോയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ യു.പി. പൊലിസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ സംഭവത്തില്‍ സര്‍ക്കാറിന് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നായിരുന്നു, മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എന്നാല്‍ ഒന്നും ചെയ്യാനില്ലെന്ന ഉത്തരമായിരുന്നു മുഖ്യമന്ത്രിയുടേയുടേത്. കേസില്‍ സുപ്രീം കോടതി ഇടപെട്ടത് ആശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കേസ് കോടതിയിലെത്തിയിരിക്കെ മാധ്യമപ്രവര്‍ത്തകന്റെ അവകാശങ്ങള്‍ നേടിയെക്കുന്നതിനായി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും എന്തു നടപടിയുണ്ടായി എന്നതില്‍ മുഖ്യമന്ത്രി മൗനം പൂണ്ടു.
സിദ്ദീഖിന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹരജിയില്‍ കേസില്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. ഉത്തര്‍പ്രദേശിലെ ഒരു കോടതിയും ഹരജിക്കാരന് ജാമ്യം അനുവദിക്കില്ലെന്നും അതിനാല്‍ ഭരണഘടനയുടെ 32ാം വകുപ്പ് പ്രകാരം സുപ്രിംകോടതി തന്നെ കേസ് കേള്‍ക്കണമെന്നും കേരളാ പത്രപ്രവര്‍ത്തക യൂണിയനു വേണ്ടി ഹാജരായ കപില്‍സിബല്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ശരിയല്ലാത്ത കാര്യങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അക്കാര്യം നോക്കാന്‍ തങ്ങള്‍ ഇവിടെത്തന്നെയുണ്ടല്ലോ എന്നായിരുന്നു സുപ്രിംകോടതിയുടെ മറുപടി. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി നാലാഴ്ച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.