ഡെറാഡൂണ്‍: ട്രാന്‍സ്ഫര്‍ അപേക്ഷയുമായി എത്തിയ അധ്യാപികയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത്. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ജനതാ ദര്‍ബാര്‍ പരിപാടിക്കിടെയാണ് സ്ഥലംമാറ്റം വേണമെന്ന അപേക്ഷയുമായി 57 കാരിയായ അധ്യാപിക എത്തിയത്. എന്നാല്‍ ഉത്തര ഭാഗുഗുണയെന്ന അധ്യാപികയുടെ ആവശ്യം മുഖ്യമന്ത്രി നിരസിച്ചതോടെ അവര്‍ ഉച്ചത്തില്‍ ബഹളംവെച്ച് പരിപാടി അലങ്കോലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു.
നൗഗാവിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപികയാണ് ഉത്തര. കഴിഞ്ഞ 25 വര്‍ഷങ്ങളിലായി ഇത്തരത്തിലുള്ള കുഗ്രാമ സ്ഥലങ്ങളില്‍ മാത്രമാണ് തനിക്ക് നിയമനം ലഭിച്ചിട്ടുള്ളതെന്നും, അതിനാല്‍ തനിക്ക് സ്ഥലം മാറ്റം അനുവദിക്കണമെന്ന് ഉത്തര മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
എന്നാല്‍ മുഖ്യമന്ത്രി ഇത് നിരസിച്ചതോടെ അധ്യാപിക മുഖ്യമന്ത്രിയുടെ നേരെ ആക്രോശിക്കുകയായിരുന്നു.തുടര്‍ന്ന് അധ്യാപികയെ അറസ്റ്റ് ചെയ്യാന്‍ ത്രിവേന്ദ്ര റാവത്ത് മൈക്കിലൂടെ പൊലീസിനോട് ആവശ്യപ്പെട്ടുകയായിരുന്നു. സിആര്‍പിസി 151-ാം വകുപ്പ് പ്രകാരം പൊലീസ് അധ്യാപികയെ കസ്റ്റഡിയില്‍ എടുത്തെങ്കിലും വൈകുന്നേരത്തോടെ വിട്ടയച്ചു. ഇവരെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനും മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.