X

കര്‍ഷകരുടെ ശവപ്പറമ്പായി മറാത്ത്‌വാഡ; ജീവനൊടുക്കിയത് 900 കര്‍ഷകര്‍

മുംബൈ: മഹാരാഷ്ട്ര മറാത്ത്‌വാഡയിലെ കാര്‍ഷിക നിലങ്ങള്‍ കര്‍ഷകരുടെ ശവപറമ്പായി തുടരുന്നു. പൊന്നു വിളയേണ്ട ഭൂമിയില്‍ വിളയുന്നതു കര്‍ഷകരുടെ കണ്ണീര്‍ മാത്രമാണ്. മഹാരാഷ്ട്രയിലെ മറാത്ത് വാഡയില്‍ പത്തു മാസത്തിനിടെ ജീവനൊടുക്കിയതു 900 കര്‍ഷകരാണ്. എട്ട് ജില്ലകള്‍ ഉള്‍പ്പെടുന്ന മറാത്ത് വാഡയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മരണത്തിനു കീഴടങ്ങിയ കര്‍ഷകരുടെ എണ്ണം പരിശോധിച്ചാല്‍ ഞെട്ടിപ്പോകും. അത്രയ്ക്കു ഭീകരമാണ് കാഴ്ചകള്‍.

കാര്‍ഷിക മേഖലയിലെ തളര്‍ച്ചയാണ് കര്‍ഷകര്‍ ജീവനൊടുക്കാന്‍ കാരണമെന്നു കര്‍ഷകരും സന്നദ്ധ സംഘടനകളും ആരോപിക്കുന്നു. വരള്‍ച്ചയും വിളനാശവുമാണ് കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നത്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടു പോകുന്നതാണ് ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കാനുള്ള കാരണമെന്നും കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 2006 മുതല്‍ 2012 വരെ 400 കര്‍ഷകരാണ് മറാത്തവാഡയില്‍ ജീവനൊടുക്കിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം മുന്‍പുണ്ടായിരുന്നതിന്റെ ഇരട്ടിയിലധികമായി. 2013-14ല്‍ 600 പേരാണ് ആത്മഹത്യ ചെയ്തത്. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്നത് 2015ല്‍ ആണ്. 1133 പേരാണ് ആ വര്‍ഷം ജീവനൊടുക്കിയത്.

മാറി മാറി വരുന്ന സര്‍ക്കാരുകളുടെ വികലമായ കാര്‍ഷിക നയങ്ങളാണ് ആത്മഹത്യയിലേക്കു തള്ളിവിടുന്നതിനു കാരണമായി കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കോണ്‍ഗ്രസ്-എന്‍സിപി, ബിജെപി-ശിവസേന സഖ്യമാണ് സംസ്ഥാനം ഭരിച്ചത്. ഓരോ വര്‍ഷവും കര്‍ഷക ആത്മഹത്യകള്‍ കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഫലവത്തായില്ല. ആത്മഹത്യയില്‍ നിന്നും കര്‍ഷകരെ മോചിപ്പിക്കുന്നതിനായി ഒരു വര്‍ഷം മുന്‍പു ‘സീറോ സൂയിസൈഡ്’ പദ്ധതി നടപ്പാക്കിയിരുന്നു.

പദ്ധതി പ്രാബല്യത്തില്‍ വന്നെങ്കിലും മരണനിരക്ക് ഉയരുകയാണുണ്ടായത്. പദ്ധതി പരാജയമായതിനു പിന്നില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. സര്‍ക്കാരിന്റെ ദീര്‍ഘവീഷണമില്ലാത്ത നിലപാടുകളാണ് കര്‍ഷക ആത്മഹത്യ പെരുകാന്‍ കാരണമെന്നും കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു. രണ്ട് വര്‍ഷത്തിനിടെ ആയിരത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതു സര്‍ക്കാരിന്റെ പൂര്‍ണമായ പരാജയമാണെന്നു മുന്‍ മുഖ്യമന്ത്രി പൃഥിരാജ് ചൗഹാന്‍ പറഞ്ഞു. പദ്ധതികള്‍ പൂര്‍ത്തായാക്കാന്‍ എടുക്കുന്ന കാലതാമസമാണ് കര്‍ഷക ആത്മഹത്യകള്‍ പെരുകാന്‍ കാരണമായതെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കര്‍ഷകര്‍ക്കായി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയതായി ബീഡ് ജില്ലാ കലക്ടര്‍ നവാല്‍ കിഷോര്‍ റാം പറഞ്ഞു. കര്‍ഷകര്‍ക്ക് രണ്ട് രൂപയ്ക്കും മൂന്നു രൂപയ്ക്കും അരിയും ഗോതമ്പും നല്‍കി. കൂടാതെ ഹെല്‍ത്ത് കെയര്‍ പദ്ധതി, കാര്‍ഷിക വിളകള്‍ക്ക് ഇന്‍ഷ്വുറന്‍സ്, കര്‍ഷകര്‍ക്കായി കൗണ്‍സലിങ് പരിശീലനവും നല്‍കി. ഹൃദയ-കിഡ്‌നി രോഗികള്‍ക്ക് സൗജന്യ ശസ്ത്രക്രിയകളും ചികിത്സയും സര്‍ക്കാര്‍ ആസ്പത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആസ്പത്രികളിലും നടത്തിയെന്നും കിഷോര്‍ പറഞ്ഞു.

കര്‍ഷകര്‍ക്കായി മെഗാ കൗണ്‍സിലിങും മാര്‍ഗ നിര്‍ദേശ ക്ലാസുകളും നടത്തിയെന്നു ഉസ്മാനാബാദ് ജില്ലാ കലകടര്‍ പ്രശാന്ത് നര്‍ണാവരേ വ്യക്തമാക്കി. മികച്ച ഡോക്ടര്‍മാരുടെ സേവനം കര്‍ഷകര്‍ക്കായി ലഭ്യമാക്കി. വിവിധ കാരണങ്ങളാല്‍ മാനസീക സംഘര്‍ഷം നേരിടുന്ന കര്‍ഷകരെ കണ്ടെത്തുകയും അവര്‍ക്ക് കൗണ്‍സലിങ് നടപ്പാക്കി. കാര്‍ഷിക മേഖലയിലെ തളര്‍ച്ചയല്ല കര്‍ഷകരുടെ ആത്മഹത്യയ്ക്കു പിന്നില്‍. മറ്റു കാരണങ്ങളുമുണ്ട്. രോഗബാധിതരും കുടുബപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരും കര്‍ഷകര്‍ക്കിടയിലുണ്ടെന്നും കലകടര്‍ പറഞ്ഞു.

chandrika: