X

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിന് സമീപത്തുനിന്നും നാല് ലക്ഷത്തോളം രൂപ കണ്ടെടുത്തു

വയനാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിന് സമീപത്തെ പുഴക്കരയില്‍ നിന്ന് അഗ്നിരക്ഷാ സേന പണം കണ്ടെടുത്തു. നാല് ലക്ഷത്തോളം രൂപയാണ് ഇവിടെനിന്നും കണ്ടെടുത്തത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് അഞ്ഞൂറിന്റെയും നൂറിന്റെയും കെട്ടുകള്‍ കണ്ടെത്തിയത്. സ്‌കൂളിന്റെ പിറകില്‍ നിന്നുമാണ് പണം കണ്ടെത്തിയതെന്ന് ഫയര്‍ ഓഫീസര്‍ റജീഷ് പറഞ്ഞു. അഞ്ഞൂറിന്റെ ഏഴ് കെട്ടുകളും നൂറിന്റെ അഞ്ച് കെട്ടുമാണ് ഉള്ളത്. പണം പിന്നീട് പോലീസിന് കൈമാറി.

ദുരന്തത്തില്‍ അകപ്പെട്ടവരുടെ നിരവധി പേരുടെ പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമായിരുന്നു. ഇത്തരത്തില്‍ ഏതെങ്കിലും വീട്ടിൽ സൂക്ഷിച്ചിരുന്ന പണമായിരിക്കാം കണ്ടെടുത്തെന്നാണ്‌ കരുതുന്നത്. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം ദുരന്ത മേഖലകളില്‍ പരിശോധന ഇന്ന് അവസാനിപ്പിക്കും.

ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ദുരന്തബാധിത പ്രദേശങ്ങളും അനുബന്ധ മേഖലകളും പരിശോധിക്കുന്നത്. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും ചൊവ്വാഴ്ച സംഘം പരിശോധിച്ചു. പ്രദേശത്തെ മണ്ണിന്റേയും പാറകളുടെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ വിശദമായ പരിശോധനക്ക് വിധേയമാക്കും. ദുരന്തം സംഭവിച്ചതെങ്ങനെയെന്നും ഉരുള്‍പൊട്ടലില്‍ സംഭവിച്ച പ്രതിഭാസങ്ങളും സംഘം വിലയിരുത്തും.

webdesk14: