മുംബൈ: റിപ്പബ്ലിക് ടിവി ഉള്‍പ്പെടെയുള്ള ചില ചാനലുകള്‍ വ്യാജ ടിആര്‍പി റേറ്റിങ് സൃഷ്ടിക്കുന്നതായി മുംബൈ പൊലീസിന്റെ വെളിപ്പെടുത്തല്‍. റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമി അറസ്റ്റിലാകുമെന്നും സൂചനയുണ്ട്. സംഭവത്തില്‍ രണ്ട് മറാത്താ ചാനല്‍ മേധാവികളെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുംബൈ പൊലീസ് കമ്മിഷണര്‍ പരംബിര്‍ സിങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റിപ്പബ്ലിക് അടക്കം മൂന്നു ചാനലുകളുടെ അക്കൗണ്ടുകളെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. മരവിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകളുടെ ഉടമസ്ഥരാണ് അറസ്റ്റിലായിട്ടുള്ളത്. റിപ്പബ്ലിക് ടിവിയുടെ ഡയറക്ടര്‍മാരും പ്രൊമോട്ടര്‍മാരും ടിആര്‍പി റാക്കറ്റില്‍ ഉള്‍പ്പെട്ടതായാണ് കരുതുന്നത്. ഇവര്‍ക്കെതിരെ അന്വേഷണമുണ്ടാകും- സിങ് മാധ്യമങ്ങളോട് പറഞ്ഞു.
റിപ്പബ്ലിക് ടിവി, റിപ്പബ്ലിക് ഭാരത് ചാനലുകളുടെ പ്രൊമോട്ടറായ അര്‍ണബ് ഗോസ്വാമി അറസ്റ്റിലാകുമെന്ന സൂചനയാണ് കമ്മിഷണര്‍ നല്‍കിയത്. ഹിന്ദി ചാനലുകളില്‍ ആജ് തകിനെ പിന്തള്ളി ടിആര്‍പി റേറ്റിങില്‍ ഒന്നാമതെത്തിയെന്ന് ഈയിടെ റിപ്പബ്ലിക് ഭാരത് അവകാശപ്പെട്ടിരുന്നു.
അതിനിടെ, മുംബൈ പൊലീസ് കമ്മിഷണറുടെ പ്രസ്താവനയ്‌ക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്ന് അര്‍ണബ് ഗോസ്വാമി വ്യക്തമാക്കി. തന്റെ ചാനലിന് എതിരെയുള്ളത് തെറ്റായ ആരോപണമാണ് എന്നും രാജ്യത്തെ ജനങ്ങള്‍ക്ക് സത്യമറിയാമെന്നും ഗോസ്വാമി വ്യക്തമാക്കി.