മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള ടലോജ ജയിലിലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അര്‍ണബിനെ നേരത്തെ അലിബാഗ് ജയിലിന്റെ ഭാഗമായ കോവിഡ് കെയര്‍ സെന്ററിലാണ് താമസിപ്പിച്ചിരുന്നത്. ഇവിടെ വെച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അര്‍ണബിനെ ജയില്‍ മാറ്റിയത്.
നവംബര്‍ നാലിന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും പിടിച്ചെടുത്തിരുന്നു. എന്നാല്‍ അതിന് ശേഷവും അര്‍ണബ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. മറ്റാരുടെയോ ഫോണ്‍ അദ്ദേഹം ഉപയോഗിച്ചുവെന്നാണ് പൊലീസ് നിഗമനം. ഇതിനെ തുടര്‍ന്നാണ് ജയില്‍ മാറ്റിയത്.
ജയില്‍ മാറ്റുന്നതിനിടെ അര്‍ണബ് പൊലീസ് വാഹനത്തില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. പൊലീസ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അലിബാഗ് ജയിലിലെ വാര്‍ഡന്‍മാര്‍ തന്നെ മര്‍ദിച്ചെന്നും അര്‍ണബ് ആരോപിച്ചിരുന്നു.
റിപ്പബ്ലിക് ടിവി സ്റ്റുഡിയോയില്‍ ഇന്റീരിയര്‍ വര്‍ക് ചെയ്ത ആന്‍വി നായ്ക് എന്ന വ്യക്തിയും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണബിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്റീരിയര്‍ വര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് അര്‍ണബ് വന്‍ തുക നല്‍കാനുണ്ടെന്നും അത് കിട്ടാത്തതിനാലുള്ള ബാധ്യതമൂലമാണ് ആത്മഹത്യയെന്നും ആന്‍വിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു.