മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി കൂടുതല്‍ കുരുക്കിലേക്ക്. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സന്യാസിമാര്‍ കൊലചെയ്യപ്പെട്ട സംഭവത്തെക്കുറിച്ച് ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് അര്‍ണബ് ഗോസ്വാമിക്കെതിരെ മുംബൈ പോലീസിന്റെ നോട്ടീസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 108ാം വകുപ്പുപ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പോലീസിന്റെയും മുമ്പാകെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പാല്‍ഘര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 21ന് ‘പൂഛ്താ ഹേ ഭാരത്’ എന്ന പേരില്‍ അര്‍ണബ് ഗോസ്വാമി ചാനലില്‍ ഒരു പരിപാടി നടത്തിയിരുന്നു. ഈ പരിപാടിക്കിടയില്‍ ഹിന്ദുവായിയിരിക്കുന്നതും, കാവി വസ്ത്രം ധരിക്കുന്നതും കുറ്റമാണോയെന്നും ഇരകള്‍ ഹിന്ദുക്കളല്ലായിരുന്നെങ്കില്‍ ആളുകള്‍ നിശബ്ദരായിരിക്കുമോയെന്നും ചോദിച്ചിരുന്നു.
കലാപത്തിന് പ്രകോപനം നല്‍കുക, വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക തുടങ്ങി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളാണ് അര്‍ണബിനെതിരെ ചുമത്തിയിരിക്കുന്നത്. അര്‍ണബിന്റെ പരാമര്‍ശം ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുളള സാമുദായിക സ്പര്‍ദയ്ക്ക് ഇടയാക്കാവുന്നതാണെന്നും ആ യുട്യൂബ് വീഡിയോ ശക്തമായ പ്രതികരണങ്ങളാണ് ഉണ്ടാക്കിയതെന്നും നോട്ടീസില്‍ പറയുന്നു. ടെലിവിഷന്‍ റേറ്റിങ്ങുകളില്‍ കൃത്രിമം കാണിച്ചു എന്നാരോപിച്ച് റിപ്പബ്ലിക് ടിവി ഉള്‍പ്പടെ ചില ചാനലുകള്‍ക്കെതിരെ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ലോക്ഡൗണ്‍ കാലത്ത് ബാന്ദ്ര റെയില്‍വേ സ്‌റ്റേഷന് പുറത്ത് തടിച്ചുകൂടിയ കുടിയേറ്റ തൊഴിലാളികളെ കുറിച്ച് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അര്‍ണബ് നടത്തിയതായി നോട്ടീസില്‍ പറയുന്നുണ്ട്. ഈ സംഭവത്തിലും അര്‍ണബിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയിതിട്ടുണ്ട്.