മുംബൈ: നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് റിപ്പബ്ലിക്ക് ടീവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വാറണ്ടുമായി മുംബൈയിലെ വീട്ടിലെത്തിയ തങ്ങളോട് അര്‍ണബും ഭാര്യയും അപമര്യാദയായാണ് പെരുമാറിയതെന്ന് പൊലീസ് പറഞ്ഞു. അര്‍ണബിന്റെ ഭാര്യ അറസ്റ്റ് വാറണ്ട് കീറിയെറിഞ്ഞു എന്നും പൊലീസ് പറഞ്ഞു.
2018ലെ 53കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ ആന്‍വിനായിക്കിന്റേയും അദ്ദേഹത്തിന്റെ അമ്മയുടേയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഗോസ്വാമിയും മറ്റ് രണ്ട് പേരും തനിക്ക് നല്‍കാനുള്ള 5.40 കോടി രൂപ നല്‍കിയില്ലെന്നും ഇതാണ് സാമ്പത്തിക പ്രയാസത്തിലേക്ക് തന്നെ നയിച്ചത് എന്നും ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു.ശിവസേന സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ കേസ് വീണ്ടും അന്വേഷിക്കുകയായിരുന്നു.
മരിച്ച ആന്‍വി നായിക്കിന്റെ മകള്‍ അദ്‌ന്യ നായിക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. പണം മടക്കി നല്‍കാതിരുന്ന വിഷയത്തെക്കുറിച്ച് അലിബാഗ് പൊലീസ് അന്വേഷണം നടത്തിയിരുന്നില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.
സ്റ്റുഡിയോ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമി, സ്‌കൈ മീഡിയ ഉടമ ഫിറോസ് ഷെയ്ഖ്്, സ്മാര്‍ട്ട് വര്‍ക്ക് കമ്പനി ഉടമ നിതീഷ് സര്‍ദ എന്നിവരാണ് നായിക്കിന് പണം നല്‍കാനുള്ളത്. ഗോസ്വാമി 83 ലക്ഷം രൂപയാണ് നല്‍കാനുള്ളത്. ഫിറോസ് ഷെയ്ഖ് നാല് കോടിയും നിതീഷ് 55 ലക്ഷവും നല്‍കാനുണ്ടെന്ന് നായിക്കിന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ പ്രതികളായ മറ്റു രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്.