ഡല്‍ഹി: റിപ്പബ്ലിക് ടിവിയുടെ ഇന്റീരിയര്‍ ഡിസൈനര്‍ ജീവനൊടുക്കിയ കേസില്‍ അറസ്റ്റിലായ ചാനല്‍ ഉടമ അര്‍ണബ് ഗോസ്വാമിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയ ബിജെപി നേതാക്കള്‍ അറസ്റ്റില്‍. രാജ്ഘട്ടില്‍ ധര്‍ണ സംഘടിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാക്കളായ കപില്‍ മിശ്ര, തജീന്ദര്‍ പാല്‍ സിങ് ബാഗ എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് നിര്‍ദേശം മറിക്കടന്ന് ധര്‍ണ സംഘടിപ്പിച്ചതിനാണ് അറസ്റ്റ്.
രാജ്ഘട്ടില്‍ സമരം നടത്തുന്നതിന് നിലവില്‍ വിലക്കുണ്ട്. ഇതു മറികടന്നതിനാണ് മിശ്രയും തജീന്ദര്‍ പാലും ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസെന്ന് പൊലീസ് വ്യക്തമാക്കി. അതിനിടെ സുരക്ഷാ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അര്‍ണബിനെ നവിമുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. നിലവില്‍ പാര്‍പ്പിച്ചിരുന്ന റായ്ഗഡ് ജില്ലയിലെ അലിബാഗിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. അലിബാഗിലെ ജയിലിലാക്കപ്പെട്ടവര്‍ക്കുള്ള ക്വാറന്റീന്‍ കേന്ദ്രമായ സ്‌കൂളില്‍നിന്നാണ് അര്‍ണബിനെ മാറ്റിയത്. റിപ്പബ്ലിക് ടിവിയുടെ ഇന്റീരിയര്‍ ഡിസൈനര്‍ ജീവനൊടുക്കിയ കേസിലാണ് ഇക്കഴിഞ്ഞ ബുധനാഴ്ച അര്‍ണബ് ഗോസ്വാമിയെ മഹാരാഷ്ട്ര െപാലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 18 വരെ ജുഡിഷ്യല്‍ കസ്റ്റഡിയിലേക്കു മാറ്റി.
അര്‍ണബിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതു ബോംബെ ഹൈക്കോടതി മാറ്റിവച്ചിരുന്നു, കീഴ്‌ക്കോടതിയെ സമീപിക്കാനാണ് നിര്‍ദേശം. ജാമ്യാപേക്ഷ നല്‍കിയാല്‍ നാല് ദിവസത്തിനുള്ളില്‍ വിധി പറയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മജിസ്‌ട്രേട്ട് കോടതിയിലോ സെഷന്‍സ് കോടതിയിലോ ജാമ്യാപേക്ഷ നല്‍കുകയും തള്ളിയാല്‍ മാത്രം ഹൈക്കോടതിയെ സമീപിക്കുകയുമാണു സാധാരണ കീഴ്‌വഴക്കമെന്ന് വെള്ളിയാഴ്ച തന്നെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.