മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കെതിരെ മുംബൈ അലിബാഗ് പൊലീസ് കേസെടുത്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്. അലിബാഗില്‍ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അര്‍ണാബിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
അര്‍ണാബിനു പുറമെ ഐകാസ്റ്റ് എക്‌സ്/സ്‌കൈ മീഡിയയിലെ ഫിറോസ് ഷെയ്ക്, സ്മാര്‍ട്ട് വര്‍ക്ക്‌സ് മേധാവി നിതീഷ് സര്‍ധ എന്നിവര്‍ക്കെതിരെയും പൊലീസ്് കേസെടുത്തിട്ടുണ്ട്.
നായിക് തൂങ്ങിമരിച്ചതിന്റെ തൊട്ടടുത്തുനിന്ന് അദ്ദേഹത്തിന്റെ അമ്മ കുമുദിന്റെ മൃതദേഹവും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍, കുമുദ് എങ്ങനെയാണെന്ന് മരിച്ചതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
റിപ്പബ്ലിക് ടിവി നായികിന് നല്‍കാനുള്ള പണം നല്‍കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് നായികിന്റെ ഭാര്യ കുറ്റപ്പെടുത്തി. ഇവരുടെ പരാതി പ്രകാരമാണ് മൂവര്‍ക്കുമെതിരെ കേസെടുത്തതെന്ന് പൊലീസ് സൂപ്രണ്ട് സഞ്ജയ് പാട്ടീല്‍ പറഞ്ഞു. എന്നാല്‍ ചാനലിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ വേണ്ടി കേസ് കെട്ടിചമച്ചതാണെന്ന് റിപ്പബ്ലിക് ചാനല്‍ വാര്‍ത്താകുറിപ്പില്‍ പ്രതികരിച്ചു.