X

അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്ററും ഉടമയുമായ അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍. മുംബൈ പൊലീസ്‌ അര്‍ണബിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വീട്ടിലെത്തി പൊലീസ് വാഹനത്തില്‍ അദ്ദേഹത്തെ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ഇന്നു രാവിലെയാണ് സംഭവം. 2018 ലെ ഒരു ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ മുംബൈ പൊലീസ് ഇതു വരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

പൊലീസ് കയ്യേറ്റം ചെയ്‌തെന്ന് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. രേഖകളോ സമന്‍സോ ഇല്ലാതെ പൊലീസ് വീട്ടില്‍ വരികയായിരുന്നുവെന്നും ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നെന്നും റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്തു.

അര്‍ണബിനെയും ഭാര്യയെയും മകനെയും പൊലീസ് ശാരീരികമായി ആക്രമിച്ചെന്നും മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്റീരിയര്‍ ഡിസൈനറായ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അര്‍ണബിന്റെ അറസ്റ്റ്. 2018ലായിരുന്നു സംഭവം. കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എംഡിയായിരുന്നു അന്‍വായ് നായിക് ആര്‍കിടെക്ട്, ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയായിരുന്നു ഇത്.

റിപ്പബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന അന്‍വായ് നായികിന്റെ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. റിപബ്ലിക് ടിവി 83 ലക്ഷവും ഫിറോസ് ഷെയ്ഖ് 4 കോടി രൂപയും നിതീഷ് സര്‍ദ 55 ലക്ഷവും നല്‍കാനുണ്ടെന്നായിരുന്നു കുറിപ്പ്.

സ്ഥാപനങ്ങള്‍ ഡിസൈന്‍ ചെയ്ത വകയില്‍ കോടികള്‍ ലഭിക്കാതിരുന്നതോടെ അന്‍വായ് കടക്കെണിയിലകപ്പെട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

 

web desk 1: