X

സച്ചിന്‍ തെണ്ടുല്‍ക്കറെ ‘രാജ്യദ്രോഹി’യാക്കിയ അര്‍ണബ് ഗോസ്വാമിക്കെതിരെ മലയാളികളുടെ പൊങ്കാല

ന്യൂഡല്‍ഹി: വരുന്ന ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായി ഇന്ത്യ മത്സരിക്കുകയാണ് വേണ്ടതെന്ന നിലപാടറിയിച്ച മുന്‍ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കെതിരെ രാജ്യദ്രോഹ പരാമര്‍ശം നടത്തിയ അര്‍ണബ് ഗോസ്വാമിക്കെതിരെ മലയാളികളുടെ പ്രതിഷേധം. അര്‍ണബ് ഗോസ്വാമിയുടെ ഫേസ്ബുക്ക് പേജിലാണ് മലയാളികള്‍ പ്രതിഷേധമറിയിച്ചത്.

സച്ചിന്റെ പ്രതികരണത്തെ മുന്‍നിര്‍ത്തിയുള്ള അര്‍ണബ് നയിച്ച ചര്‍ച്ചയുടെ തലക്കെട്ട് ‘ദേശദ്രോഹികളെ കുറിച്ച് അപമാനം തോന്നുന്നു’ എന്നായിരുന്നു.

ലോകകപ്പില്‍ ഇന്ത്യ എല്ലായ്‌പ്പോഴും പാകിസ്ഥാനെ പരാജയപ്പെടുത്താറുണ്ട്. ഒരിക്കല്‍ കൂടി പരാജയപ്പെടുത്താനുള്ള സമയമാണിത്. വ്യക്തിപരമായി ഇന്ത്യ മത്സരം ബഹിഷ്‌കരിച്ച് രണ്ട് പോയിന്റ് നല്‍കി പാകിസ്ഥാനെ സഹായിക്കുന്നതിനോട് യോജിപ്പില്ല. ഇരു ടീമും തമ്മില്‍ കളിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. രാജ്യം എന്തു തീരുമാനമെടുത്താലും അംഗീകരിക്കും’- സച്ചിന്‍ പറഞ്ഞു.

സച്ചിന്റെ രണ്ടു പോയിന്റ് കൊണ്ടു പോയി ചവറ്റുകുട്ടയിലിടാന്‍ അര്‍ണബ് ഗോസ്വാമി ആവശ്യപ്പെട്ടു. സച്ചിനെ ക്രിക്കറ്റിലെ ദൈവം എന്നു ആരാധകര്‍ വിശേഷിപ്പിക്കുന്നതിനെയും അര്‍ണബ് പരിഹസിച്ചു.

സച്ചിനെ രാജ്യദ്രോഹി എന്നു മുദ്ര കുത്തിയതില്‍ പ്രതിഷേധിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത രാഷ്ട്രീയ നിരീക്ഷകരായ സുധീന്ദ്ര കുല്‍ക്കര്‍ണിയും അശുതോഷും ചര്‍ച്ചക്കിടെ ഇറങ്ങിപ്പോയിരുന്നു. അതോടെ അര്‍ണബ് നിലപാട് മയപ്പെടുത്തുകയായിരുന്നു. സച്ചിനെ രാജ്യദ്രോഹിയെന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹമായിരുന്നു പാകിസ്ഥാനെതിരെ കളിക്കരുത് എന്ന് ആദ്യം നിലപാടെടുക്കേണ്ടിയിരുന്നതെന്നുമാണ് ഉദ്ദേശിച്ചതെന്നും അര്‍ണബ് പറഞ്ഞു.

നേരത്തെ സുനില്‍ ഗവാസ്‌കറും ശശി തരൂറും സച്ചിന്റെ അതേ ആവശ്യം ഉന്നയിച്ചിരുന്നു. മുന്‍താരങ്ങളായ സൗരവ് ഗാംഗുലിയും ഹര്‍ഭജന്‍ സിങ്ങും പാകിസ്ഥാനെതിരെ കളിക്കരുതെന്നും ആവശ്യമുയര്‍ത്തിയിരുന്നു.

web desk 1: