ഡല്‍ഹി: ടി.വി അവതാരകന്‍ അര്‍ണബ് ഗോസ്വാമിയും ടെലിവിഷന്‍ റേറ്റിങ് കമ്പനിയായ ബാര്‍ക് സി.ഇ.ഒയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നതോടെ നിരവധി അന്തര്‍നാടകങ്ങള്‍ക്കാണ് ചുരുളഴിയുന്നത്. തന്റെ ചാനലിന്റെ റേറ്റിങ് വര്‍ധിപ്പിക്കാനായാല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സഹായം ലഭ്യമാക്കാമെന്നാണ് അര്‍ണബ് ബാര്‍ക് മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്തോ ദാസ് ഗുപ്തയോട് പറയുന്നത്.
അങ്ങിനെയെങ്കില്‍ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സ്ഥാനം തനിക്ക് വാങ്ങിനല്‍കണമെന്ന് പാര്‍ത്തോ ദാസ് ആവശ്യപ്പെടുന്നു. രാജ്യത്തെ മറ്റ് ടെലിവിഷന്‍ അവതാരകരെകുറിച്ചും മോശം അഭിപ്രായമാണ് അര്‍ണബ് പങ്കുവയ്ക്കുന്നത്. പ്രത്യേകിച്ചും ബിജെപി അനുഭാവികളായ അവതാരകരായ രജത് ശര്‍മ, നവികകുമാര്‍ തുടങ്ങിയവരെ സംബന്ധിച്ച് മോശം പദപ്രയോഗങ്ങളും അര്‍ണബ് നടത്തുന്നുണ്ട്. രജത് ശര്‍മ മണ്ടനും ചതിയനുമാണെന്നാണ് അര്‍ണബ് പറയുന്നത്. വനിതാ അവതാരകയായ നവിക കുമാറിനെ ‘കച്ചറ’ എന്നും വിശേഷിപ്പിക്കുന്നു.
കേന്ദ്രമന്ത്രി പ്രകാശ്ജാവദേക്കറിനെ കാണാന്‍ താന്‍ പോകുന്നുണ്ടെന്ന് അര്‍ണബ് പാര്‍ത്തോദാസിനോട് പറയുമ്പോള്‍ ജാവദേക്കര്‍ ഒരു ഉപയോഗശൂന്യനാണെന്നാണ് പാര്‍ത്തോദാസ് പറയുന്നത്. ചാറ്റുകളില്‍ ആവര്‍ത്തിച്ചുവരുന്ന ‘എ.എസ്’ അമിത്ഷായാണോ എന്ന സംശയവും സോഷ്യല്‍മീഡിയയില്‍ നിരവധിപേര്‍ ഉയര്‍ത്തിയിട്ടുണ്ട്. ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത്ഭൂഷന്‍ ട്വിറ്ററില്‍ പങ്കുവച്ചു.