ശ്രീനഗര്‍: കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ രാഷ്ട്രീയ ഇടപെടല്‍ വേണമെന്ന് ആവശ്യം ശക്തം. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ഭൂരിപക്ഷം സൈനികരുടെയും അഭിപ്രായം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്ന ആശങ്കയിലാണ് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍. ‘ഒരിടത്ത് സംഘര്‍ഷത്തിന് ശമനമാവുമ്പോള്‍ മറ്റൊരിടത്ത് പൊട്ടിപ്പുറപ്പെടുന്നു. ഏത് സമയത്തും എവിടെയും സംഘര്‍ഷമുണ്ടാകുമെന്നാണ് അവസ്ഥ. ശക്തമായ നടപടി സ്വീകരിക്കുന്നതിന് സൈന്യത്തിനും പരിമിതിയുണ്ട്. സര്‍ക്കാര്‍ തലത്തില്‍ രാഷ്ട്രീയ ഇടപെടലിലൂടെ മാത്രമേ ഇതിന് പരിഹാരമുണ്ടാക്കാനാവൂ’-ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിഷയത്തില്‍ ക്രിയാത്മകമായ നടപടി സ്വീകരിക്കേണ്ടതിന് പകരം കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണെന്നും സൈനികര്‍ക്കിടയില്‍ വിമര്‍ശനമുണ്ട്. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി-പി.ഡി.പി സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്ലായ്മയും പ്രശ്‌നം വഷളാക്കിയെന്നും ആക്ഷേപമുയര്‍ന്നു. മുമ്പത്തെപ്പോലെ പ്രദേശവാസികളില്‍ നിന്ന് സൈനികര്‍ക്ക് രഹസ്യവിവരങ്ങള്‍ കിട്ടുന്നില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കാര്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ തങ്ങള്‍ നിസ്സഹായരാണെന്ന മറുപടിയാണ് നാട്ടുകാരില്‍ നിന്ന് ലഭിക്കുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു കേണല്‍ പറഞ്ഞു. സത്യസന്ധമായ വിവരങ്ങള്‍ ലഭിക്കാതായതോടെ ഇരുട്ടില്‍ തപ്പുന്ന അവസ്ഥയാണെന്ന് മറ്റൊരു സൈനിക ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ പോലും തങ്ങള്‍ക്കെതിരെ തിരിഞ്ഞതോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് സൈനികരെന്ന് ഉന്നത ഓഫീസര്‍ പറയുന്നു.
കശ്മീരില്‍ രാഷ്ട്രീയ ഇടപെടലിനായി സൈനികരുടെ മുറവിളി
Tags: Kashmirkashmir attack