ഗുവാഹത്തി: രാജ്യത്തിനു വേണ്ടി 30 വര്‍ഷം സൈനിക സേവനമനുഷ്ടിച്ച വിരമിച്ച സൈനികനോട് പൗരത്വം തെളിയിക്കണമെന്ന് അസമിലെ ബി.ജെ.പി സര്‍ക്കാര്‍. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി കഴിഞ്ഞ വര്‍ഷം വിരമിച്ച മുഹമ്മദ് അസ്മല്‍ ഹഖിനെയാണ് അസം പൊലീസ് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരനായി മുദ്ര കുത്തിയിരിക്കുന്നത്.
മൂന്ന് പതിറ്റാണ്ട് സൈനിക സേവനം നടത്തി ഗുവാഹത്തിയില്‍ കുടുംബത്തോടൊപ്പം കഴിയുന്ന അസ്മല്‍ ഹഖിന് പൗരത്വം തെളിയിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ നോട്ടീസ് നല്‍കിയത്. ബംഗ്ലാദേശ് രൂപീകരണത്തിന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയ ബംഗ്ലാദേശി പൗരന്‍മാരെ തിരിച്ചറിയുന്നതിനായി അസമില്‍ 100 വിദേശ ട്രൈബ്യൂണലുകളാണ് സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ളത്. 1971 മാര്‍ച്ച് 25നു ശേഷം രേഖകളില്ലാതെ ബംഗ്ലാദേശില്‍ നിന്നും അനധികൃതമായാണ് ഹഖ് കുടിയേറിയതെന്ന് ആരോപിച്ച് ജില്ലാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ ആറിന് നല്‍കിയ നോട്ടീസില്‍ സെപ്തംബര്‍ 11നകം പൗരത്വം തെളിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം നാടുകടത്തലിനാവശ്യമായ നടപടി എടുക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം 49 കാരനായ ഹഖിന്റെ തറവാട് വീട്ടില്‍ നോട്ടീസ് ലഭിക്കുന്നത് സെപ്തംബര്‍ 11ന് ശേഷമാണ്. അതിനാല്‍ ഒക്ടോബര്‍ 13ന് മുന്‍പായി ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരാവാനാണ് അറിയിച്ചിരിക്കുന്നത്.
രാജ്യത്തിന് വേണ്ടി 30 വര്‍ഷം സേവനം അനുഷ്ടിച്ച ശേഷം പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ നോട്ടീസ് തന്നെ വല്ലാതെ വേദനിപ്പിച്ചെന്നു ഹഖ് പറഞ്ഞു. ഇത് അനാവശ്യമായ പീഡനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1986ല്‍ സൈന്യത്തില്‍ ചേര്‍ന്ന ഹഖ് 2016ലാണ് വിരമിച്ചത്. നേരത്തെ 2012ല്‍ ഇയാളുടെ ഭാര്യ മുംതാസ് ബീഗത്തിനോടും ഇതേപോലെ പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രേഖകള്‍ ഹാജരാക്കി പൗരത്വം തെളിയിക്കുകയായിരുന്നു. ഹഖിന്റെ മകന്‍ ഡെറാഡൂണിലെ സൈനിക കോളജിലും മകള്‍ ഗുവാഹത്തിയിലെ സൈനിക സ്‌കൂളിലും പഠിക്കുകയാണ്. 1986നു ശേഷം 80,000ത്തോളം പേരെയാണ് രേഖകളില്ലാത്തതിന്റെ പേരില്‍ അസമില്‍ ബംഗ്ലാദേശുകാരെന്നു കണ്ടെത്തിയത്. ഇതില്‍ 29729 പേരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
- 7 years ago
chandrika
30 വര്‍ഷം രാജ്യത്തെ സേവിച്ച സൈനികനോട് ബി.ജെ.പി സര്‍ക്കാര്‍ പൗരത്വ രേഖയെവിടെ
Tags: army