ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ കരസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഒരു മേജറാണ് കൊല്ലപ്പെട്ടത് എന്നാണ് പുറത്തുവരുന്ന വിവരം. സ്‌ഫോടകവസ്തുകള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയുണ്ടായ സ്‌ഫോടനമാണ് മേജറുടെ മരണത്തിന് കാരണമായത്. നിയന്ത്രണരേഖയില്‍ നിന്നും ഒന്നരകിലോമീറ്റര്‍ മാറിയാണ് സ്‌ഫോടകവസ്തുകള്‍ കണ്ടെത്തിയത്. അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികളാവാം സ്‌ഫോടക വസ്തുകള്‍ സ്ഥാപിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കരസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്തിന് പിന്നാലെയാണ് നൗഷെരയിലും കരസേന ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരിക്കുന്നത്. പുല്‍വാമാ സംഭവത്തിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കശ്മീരിലെത്തി സേനമേധാവികളുടെ യോഗം വിളിച്ചു കൂട്ടിയതിന് പിന്നാലെയാണ് സ്‌ഫോടനത്തില്‍ കരസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത പുറത്തു വരുന്നത്.