ഗുഡ്ഗാവ്: ഹരിയാനയില്‍ സി.ബി.എസ്ഇ റാങ്കുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ മുഖ്യപ്രതി സൈനികനാണെന്ന് അന്വേഷണസംഘം.
കോളജ് വിദ്യാര്‍ഥിനിയായ 19 കാരിയെ കോച്ചിങ് സെന്ററിലേക്ക് പോകും വഴിയാണ് തട്ടിക്കൊണ്ടുപോയത്്. നിലവില്‍ രാജസ്ഥാനില്‍ ജോലി ചെയ്യുന്ന മുഖ്യപ്രതിയായ സൈനികനെതിരെ ഉടന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നും ഹരിയാനാ ഡി.ജി.പി ബി.എസ് സന്‍ന്ദു പറഞ്ഞു.
കൂട്ടബലാത്സംഗത്തിനിരയായ 19 കാരിയുടെ മൊഴി രേഖപ്പെടുത്താനായി സ്ഥലം എസ്.പി നാസ്‌നിന്‍ ഭാസിന്‍ റെവാരിയിലെ ജില്ലാ ആസ്പത്രിയില്‍ സന്ദര്‍ശനം നടത്തി.
കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുമായി സംസാരിച്ചതായും അവളുടെ ആരോഗ്യനില തൃപിതികരമാണെന്നും എസ്.പി നാസ്‌നിന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേസ് സംബന്ധിച്ച എല്ലാ വശങ്ങളും പഠിച്ചുവരികയാണെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
സി.ബി.എസ്.ഇ പരീക്ഷയില്‍ ഉന്നത റാങ്ക് നേടി രാഷ്ട്രപതിയുടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയ പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിനിരയായത്.
കോച്ചിങ് സെന്ററിലേക്കുള്ള യാത്രയ്ക്കിടെ കാറിലെത്തിയ മൂന്നു പേര്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകുകയായിരുന്നു. കൂട്ടബലാത്സംഗത്തിനിരയായി ബോധരഹിതയായ പെണ്‍കുട്ടിയെ ബുധനാഴ്ച സമീപത്തെ ബസ്റ്റാന്റില്‍ ഉപേക്ഷിക്കുകയും ചെയ്തതായാണ് കേസ്.