ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ മേജര്‍ നിഖില്‍ ഹാണ്ടക്ക് പ്രേരണയായത് വിവാഹാഭ്യര്‍ഥന നിരസിച്ചത് മൂലമുള്ള വൈരാഗ്യമെന്ന് പൊലീസ്. ശനിയാഴ്ചയാണ് മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷലീസ ദ്വിവേദിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷലീസയും നിഖിലും രണ്ട് വര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. ഭര്‍ത്താവ് അമിത് ദ്വിവേദി നാഗാലാന്റില്‍ ആയിരുന്നപ്പോഴാണ് ഇരുവരും അടുത്തത്. പിന്നീട് അദ്ദേഹം ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റം കിട്ടി വന്നതിന് ശേഷവും ഇരുവരും ബന്ധം തുടര്‍ന്നു. ഒരിക്കല്‍ ദ്വിവേദി ഇവരുടെ ഫോണ്‍ സംഭാഷണം പിടികൂടുകയും ഇരുവരേയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
ശനിയാഴ്ച ഷലീസയെ കാണാന്‍ ഡല്‍ഹിയിലെത്തിയ നിഖില്‍ കന്റോണ്‍മെന്റ് സ്‌റ്റേഷന് സമീപം വെച്ച് കാണാമെന്ന് പറഞ്ഞു. തുടര്‍ന്ന് ഫിസിയോതെറാപ്പിക്ക് വേണ്ടി ഡല്‍ഹിയിലെ ആര്‍മി ആശുപത്രിയിലെത്തിയ ഷലീസ നിഖിലിന്റെ കാറില്‍ കയറി. തന്നെ വിവാഹം കഴിക്കണമെന്ന നിഖിലിന്റെ ആവശ്യം ഷലീസ നിരസിച്ചതോടെ കയ്യില്‍ കരുതിയ കത്തിയെടുത്ത് നിഖില്‍ ഷലീസയെ കൊലപ്പെടുത്തുകയായിരുന്നു.
കഴുത്തില്‍ മുറിവേല്‍പ്പിച്ച ശേഷം ഷലീസയെ നിഖില്‍ റോഡിലേക്ക് തള്ളിയിട്ടു. ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കുകയും ചെയ്തു. അപകടമരണമെന്ന് വരുത്താനായിരുന്നു ഇങ്ങനെ ചെയ്തതെന്ന് നിഖില്‍ പൊലീസിനോട് പറഞ്ഞു.