മനില: ഫിലിപ്പീന്‍സിലെ മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമായ മിന്‍ഡനാവോ മേഖലയില്‍ പ്രഖ്യാപിച്ച പട്ടാള നിയമത്തെ വിമര്‍ശിക്കുന്നവരെ പിടികൂടി ജയിലിലടക്കുമെന്ന് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടര്‍ട്ടെയുടെ ഭീഷണി. ഇസ്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികളില്‍നിന്ന് വര്‍ധിച്ചുവരുന്ന ഭീഷണിയെ തടുക്കുന്നതിന് മേഖലയില്‍ പ്രഖ്യാപിച്ച പട്ടാള നിയമത്തിന്റെ ഭരണഘടനാസാധുത സംബന്ധിച്ച് സുപ്രീംകോടതി ഇന്ന് വിധി പറയും. സുപ്രീംകോടതി വിധി എന്തായിരുന്നാലും താന്‍ അതിനെ അവഗണിക്കുമെന്നും സായുധ സേനയില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ ഗൗരവത്തിലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മിന്‍ഡാനാവോ മേഖലയിലെ പട്ടാള നിയമത്തിന് സുപ്രീംകോടതി ഉത്തരവുകളുമായി ബന്ധമില്ല. മേഖല കലങ്ങിമറിഞ്ഞിരിക്കുമ്പോഴാണ് അത് പിന്‍വലിക്കാന്‍ നിങ്ങള്‍ എന്നോട് ആവശ്യപ്പെടുന്നത്. പട്ടാള നിയമത്തെ എതിര്‍ത്താല്‍ ഞാന്‍ നിങ്ങളെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കും-ഡ്യുടര്‍ട്ടെ മുന്നറിയിപ്പുനല്‍കി. ഫിലിപ്പീന്‍ ഭരണഘടന പ്രകാരം പ്രസിഡന്റ് പ്രഖ്യാപിക്കുന്ന പട്ടാള നിയമം പുനപ്പരിശോധിക്കാന്‍ സുപ്രീംകോടതിക്ക് അധികാരമുണ്ട്. പട്ടാള നിയമത്തിന്റെ പ്രാഥമിക കാലാവധി 60 ദിവസമാണെന്നും പ്രസിഡന്റ് ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ പാര്‍ലമെന്റിന് റദ്ദാക്കാവുന്നതാണെന്നും ഭരണഘടനയില്‍ പറയുന്നു. മിന്‍ഡനാവോ മേഖലയിലെ മറാവി നഗരം പിടിച്ചെടുത്ത തീവ്രവാദികളുമായി ഫിലിപ്പീന്‍ സേന പോരാട്ടം തുടരുകയാണ്. നഗരത്തില്‍ വ്യോമാക്രണം നടത്തുന്നുണ്ടെങ്കിലും തീവ്രവാദികളെ തുരത്താന്‍ സൈന്യത്തിന് സാധിച്ചിട്ടില്ല. ഏറ്റുമുട്ടലില്‍ ഇതുവരെ സാധാരണക്കാരടക്കം 400 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നാലു ലക്ഷത്തോളം പേര്‍ വീടും നാടും ഉപേക്ഷിച്ച് പലയാനം ചെയ്തിരിക്കുകയാണ്.