ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ പ്രതിഷേധം. സേനയിലേക്ക് ഹ്രസ്വ കാലത്തേക്ക് നിയമിക്കുമ്പോള്‍ സ്ഥിര ജോലിക്കുള്ള അവസരം നഷ്ടമാകുമെന്ന് ആരോപിച്ചാണ് പ്രതിഷേധം. ദേശീയ പാത ഉപരോധിച്ചും ടയറുകള്‍ കത്തിച്ചുമാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. സേനയിലെ സ്ഥിര നിയമനത്തിനായി തയ്യാറെടുക്കുകയായിരുന്ന ഉദ്യോഗാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. സൈന്യം ബി.ജെ.പിയുടെ പരീക്ഷണശാലയല്ലെന്ന് എ.ഐ. സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു. ഹ്രസ്വകാലത്തേക്കുള്ള സൈനിക സേവന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ച അഗ്‌നിപഥ്. പ്രതിവര്‍ഷം 45,000 പേരെ നിയമിക്കാനുള്ള പദ്ധതിക്കാണ് അംഗീകാരം. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം നിയമനങ്ങള്‍ നടത്താന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയതിനു പിന്നാലെയാണ് സേനകള്‍ പദ്ധതി പ്രഖ്യാപിച്ചത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും സേനാ തലവന്മാരും ചേര്‍ന്നാണ് അഗ്‌നിപഥ് പ്രഖ്യാപിച്ചത്. 45,000 യുവാക്കളെ വര്‍ഷവും ഹ്രസ്വകാലത്തേക്ക് സൈന്യത്തിലെടുക്കാനുള്ള പദ്ധതിയാണിത്. സേനയില്‍ യുവാക്കളുടെ പങ്കാളിത്തം കൂട്ടുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്.
പതിനേഴര മുതല്‍ 21 വയസുവരെ പ്രായമുള്ളവര്‍ക്കാണ് അവസരം നല്‍കുക. നാല് ആഴ്ച്ച മുതല്‍ ആറ് മാസം വരെയാണ് പരിശീലന കാലയളവ്. നാല് വര്‍ഷത്തെ സേവനത്തിന് ശേഷവും ഇവര്‍ക്ക് സൈന്യത്തില്‍ സ്ഥിര സേവനത്തിനായി അപേക്ഷിക്കാന്‍ കഴിയും. തുടക്കത്തില്‍ പുരുഷന്മാര്‍ക്കാവും നിയമനമെങ്കിലും ഭാവിയില്‍ യുവതികള്‍ക്കും അവസരം പ്രതീക്ഷിക്കാം. ഒന്നര വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം നിയമനം നടത്തണമെന്ന് മന്ത്രാലയങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. രണ്ട് വര്‍ഷത്തിനപ്പുറം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തൊഴിലവസരങ്ങള്‍ കൂട്ടാനുള്ള കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നതില്‍ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം പല തവണ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.