ന്യൂഡല്‍ഹി: ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ അടിയന്തര ഉന്നതതലയോഗം വിളിച്ച് പ്രതിരോധമന്ത്രാലയം. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, മൂന്നു സേനാമേധാവിമാര്‍, പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കുന്ന ഉന്നതതലയോഗം കേന്ദ്ര പ്രതിരോധമന്ത്രാലയ സെക്രട്ടറിയാണ് വിളിച്ചു ചേര്‍ത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതിര്‍ത്തിയിലെ സംഘര്‍ഷം സംബന്ധിച്ച് കരസേന മേധാവി ജനറല്‍ എം എം നാരാവ്നെ പ്രതിരോധമന്ത്രി രാജ്നാഥ് സിങിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സ്ഥിതിഗതികള്‍ അറിയിച്ചതായാണ് വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ ലഡാക്കിലുണ്ടായ സാഹചര്യത്തെക്കുറിച്ച് യോഗത്തില്‍ വിലയിരുത്തുമെന്നാണ് സൂചന. കിഴക്കന്‍ ലഡാക്കിലെ പാംങ്ഗോങ് ത്സോ തടാകത്തിന് സമീപം വെടിവെപ്പ് നടന്നതായ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമാവുന്ന സാഹചര്യമാണ്.
നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തു എന്നാണ് ചൈനീസ് സൈന്യം ആരോപിച്ചത്. ഇന്ത്യയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും വെസ്റ്റേണ്‍ കമാന്‍ഡ് ആരോപിച്ചു. എന്നാല്‍ ഈ ആരോപണം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍എസി) ലംഘിച്ചിട്ടില്ലെന്നും വെടിവെപ്പ് ഉള്‍പ്പെടെയുള്ള നടത്തിയിട്ടില്ലെന്നും ഇന്ത്യന്‍ കരസേന പ്രസ്താവനയില്‍ അറിയിച്ചു. ചൈനീസ് സൈന്യമാണ് വെടിയുതിര്‍ത്തതെന്നും സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി.
യഥാര്‍ത്ഥ നിയന്ത്രണ രേഖയിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചത് ചൈനീസ് സൈന്യമാണ്. ഇന്ത്യൻ സൈനികർ അത് തടയുകയായിരുന്നു. ചൈനീസ് സൈനികര്‍ ഏതാനും റൗണ്ട് ആകാശത്തേക്ക് വെടിയുതിര്‍ത്തുവെന്നും കരസേന പറഞ്ഞു. സൈനിക, നയതന്ത്ര, രാഷ്ട്രീയ തലങ്ങളില്‍ ഇടപെടലുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കെ, ചൈനീസ് സൈന്യമാണ് കരാറുകള്‍ ലംഘിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തതെന്ന് കരസേന പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ചൈന-ഇന്ത്യ അതിര്‍ത്തിയില്‍ നാല് പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് വെവെപ്പുണ്ടായതായി ആരോപണം ഉയരുന്നത്. നേരത്തെ ഗാല്‍വന്‍ സംഘര്‍ഷ വേളയിലും ഇരുവിഭാഗവും തോക്കുകളുപയോഗിച്ചിരുന്നില്ല.