X

കര്‍ഷക നേതാക്കളെ വെടിവെച്ചുകൊല്ലാന്‍ പദ്ധതി; അക്രമിയെ പിടികൂടി കര്‍ഷകര്‍

ഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടെ കര്‍ഷക നേതാക്കളെ വെടിവെച്ചുകൊല്ലാന്‍ പദ്ധതിയിട്ടെന്ന് കര്‍ഷക സംഘടനകള്‍. നാലു നേതാക്കളെ കൊലപ്പെടുത്തുന്നതിനായി രണ്ടു സംഘങ്ങളെ നിയോഗിച്ചെന്നും റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടസപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കര്‍ഷകര്‍ പറഞ്ഞു.

കര്‍ഷക നേതാക്കളെ ആക്രമിക്കാനെത്തിയ വ്യക്തിയെ വെള്ളിയാഴ്ച രാത്രിയോടെ കര്‍ഷകര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് മുഖംമൂടി ധരിപ്പിച്ച് ഇയാളെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഹാജരാക്കിയ ശേഷം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന കര്‍ഷകരുടെ ആരോപണങ്ങളെ ശരിവെക്കുന്നതായിരുന്നു വെള്ളിയാഴ്ചയിലെ സംഭവം. കര്‍ഷകര്‍ പിടികൂടിയ അക്രമിയും മാധ്യമങ്ങളോട് സംസാരിച്ചു. ‘ജനുവരി 26ലെ ട്രാക്ടര്‍ റാലി അലങ്കോലമാക്കാനായിരുന്നു പദ്ധതി. പൊലീസ് യൂനിഫോമില്‍ കര്‍ഷക റാലിയിലെത്തുന്ന ഒരു ഡസനോളം വരുന്ന സംഘാംഗങ്ങള്‍ കര്‍ഷകരെ വഴിതെറ്റിക്കും. വെടിവെച്ച് കൊലപ്പെടുത്തേണ്ട നാലുപേരുടെ ഫോട്ടോ കൈമാറിയിരുന്നു. തങ്ങളെ നിയന്ത്രിക്കുന്നതില്‍ ഒരാള്‍ പൊലീസുകാരനാണ്’ അക്രമി മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടു സംഘങ്ങളായാണ് പ്രവര്‍ത്തനം. ജനുവരി 19ന് താന്‍ പ്രക്ഷോഭ സ്ഥലത്തെത്തിയിരുന്നു. പ്രതിഷേധക്കാരുടെ കൈവശം ആയുധമുണ്ടോയെന്ന് മനസിലാക്കാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായും അക്രമി പറഞ്ഞു.

ജനുവരി 26ന് റാലി നടക്കുമ്പോള്‍ കര്‍ഷകരോട് പിന്തിരിഞ്ഞുപോകാന്‍ പൊലീസ് ആദ്യം മുന്നറിയിപ്പ് നല്‍കും. പിന്മാറാന്‍ തയാറായില്ലെങ്കില്‍ ആദ്യം കാല്‍മുട്ടിന് കീഴില്‍ വെടിവെക്കാനായിരുന്നു നിര്‍ദേശം. പ്രക്ഷോഭത്തില്‍ കര്‍ഷകര്‍ തോക്കുപയോഗിക്കുന്നതായി തെറ്റിദ്ധരിപ്പിക്കാന്‍ പത്തംഗ സംഘം പിന്നില്‍ നിന്ന് വെടിയുതിര്‍ക്കുമെന്നും അക്രമി പറഞ്ഞു.

അതേസമയം മുഖംമൂടി ധരിച്ച വ്യക്തിയെക്കുറിച്ച് കുടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും ഈ സമയം വരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു. അക്രമിയെ കര്‍ഷകര്‍ ഹരിയാന പൊലീസിന് കൈമാറി. കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു.

 

Test User: