യെരവാന്‍: കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ അര്‍മീനിയയെ രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് തള്ളി പ്രക്ഷോഭം ശക്തമാകുന്നു. പ്രതിപക്ഷ നേതാവ് നികോല്‍ പഷ്‌നിയാനെ ഇടക്കാല പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ പാര്‍ലമന്റ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് തലസ്ഥാനമായ യെരവാനെ സ്തംഭിപ്പിച്ച് പതിനായിരങ്ങള്‍ തെരുവിലിറങ്ങി. തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തിയ പ്രക്ഷോഭകര്‍ റോഡുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും സ്തംഭിപ്പിച്ചു. പഷ്‌നിയാനെ പ്രധാനമന്ത്രിയാക്കാനുള്ള നിര്‍ദേശത്തിനെതിരെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വോട്ടുചെയ്തു. രണ്ടാഴ്ചയായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം പുതിയ വഴിത്തിരിവിലെത്തിയതോടെ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിച്ചിരിക്കുകയാണ്.
രാജ്യവ്യാപകമായി സമാധാനപരമായ നിസ്സഹകരണ പ്രക്ഷോഭത്തിന് പഷ്‌നിയാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. വിമാനത്താവള ജീവനക്കാരും നിര്‍മാണ തൊഴിലാളികളും മെഡിക്കര്‍ സ്റ്റാഫും യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും പ്രൊഫസര്‍മാരും പ്രക്ഷോഭത്തില്‍ അണിനിരന്നിട്ടുണ്ട്. അര്‍മീനിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ഗ്യുംറിയിലെ സര്‍ക്കാര്‍ ഓഫീസുകളും ജനം ഉപരോധിച്ചു. ആംബുലന്‍സുകള്‍ക്കും പൊലീസ്, സൈനിക വാഹനങ്ങള്‍ക്കും പ്രക്ഷോഭകര്‍ റോഡ് തുറന്നുകൊടുത്തു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെത്തുടര്‍ന്ന് പ്രധാനമന്ത്രി സെര്‍ഷ് സഗ്‌സ്യാന്‍ രാജിവെച്ചതോടെയാണ് രാജ്യത്ത് ഭരണപ്രതിസന്ധി ഉടലെടുത്തത്. മെയ് എട്ടിന് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ പഷ്‌നിയാനെ ഇടക്കാല പ്രധാനമന്ത്രിയാക്കാനുള്ള നീക്കമാണ് ഭരണകക്ഷി ഇടപെട്ട് പാര്‍ലമെന്റില്‍ പരാജയപ്പെടുത്തിയത്. പഷ്‌നിയാനെ ഇടക്കാല പ്രധാനമന്ത്രിയാക്കിയില്ലെങ്കില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നടപടി ജനങ്ങളെ നിന്ദിക്കുന്നതിന് തുല്യമാണെന്ന് പഷ്‌നിയാന്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്റില്‍ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു.