ടൊവിനോ തോമസ് നായകനായെത്തിയ അജയന്റെ രണ്ടാം മോഷണം (ARM) ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഇന്ന് മുതൽ കാണാൻ കഴിയും. ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ഒടിടിയില്‍ കാണാൻ കഴിയും.
ചിത്രം തിയേറ്ററിൽ റിലീസ് ചെയ്ത് 58 ദിവസം പിന്നിട്ടതിന് പിന്നാലെയാണ് ഒടിടിയിൽ എത്തിയിരിക്കുന്നത്. സെപ്റ്റംബർ 12-നായിരുന്നു ചിത്രത്തിന്റെ റിലീസ്. ജിതിൻ ലാൽ സംവിധാനം ചെയ്തിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് സുജിത്ത് നമ്പ്യാർ ആണ്. തന്റെ ആദ്യ സിനിമകൊണ്ട് സിനിമ പ്രമികളെ ഞെട്ടിക്കാൻ ഒരു പുതുമുഖ സംവിധായകൻ എന്ന നിലയിൽ ജിതിന് കഴിഞ്ഞിരുന്നു.
ടൊവിനോയുടെയും സുരഭിയുടെയും അസാമാന്യ പെർഫോമൻസും ജോമോൻ ടി. ജോൺ എന്ന പകരം വെക്കാനില്ലാത്ത സിനിമാട്ടോഗ്രാഫി ബ്രാൻഡും മ്യൂസിക്കിന്റെ പ്ലേസ്മെന്റും ആഴമുള്ള കഥാപാത്രങ്ങളും കൊണ്ട് തന്നെയാണ് ഈ ചിത്രം വെന്നിക്കൊടി പാറിക്കുന്നത്. മോഹൻലാലിന്റെ ശബ്ദ സാന്നിധ്യം ചിത്രത്തിന്റെ മിസ്റ്ററി എലമെന്റ് കൂട്ടുന്നുണ്ട്.
38 കോടി മുടക്കിയ ചിത്രത്തിന് 100 കോടി ക്ലബിൽ ഇടം നേടാൻ കഴിഞ്ഞുവെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു.