ഷിരൂരില്‍ അര്‍ജുന്റെ ലോറിയുടെ ക്യാബിന്‍ പരിശോധനയില്‍ അര്‍ജുന്റെ രണ്ട് മൊബൈല്‍ ഫോണുകളും പേഴ്സും വാച്ചും മകനുള്ള കളിപ്പാട്ടങ്ങളും ലഭിച്ചു. അര്‍ജുന്റെ വസ്ത്രങ്ങള്‍ ക്യാബിനില്‍നിന്ന് നേരത്തെ പുറത്തെടുത്തിരുന്നു. അസ്ഥിയുടെ കൂടുതല്‍ ഭാഗങ്ങള്‍ ക്യാബിനില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് ലോറി പൂര്‍ണ്ണമായും പുറത്തെടുത്തത്. ലോറി പൊളിച്ച് പരിശോധിക്കാനുള്ള നീക്കങ്ങളാണ് ഉപ്പോള്‍ ഷിരൂരില്‍ നടക്കുന്നത്. ക്യാബിനില്‍ നിന്നും ലഭിച്ച വസ്തുക്കള്‍ അര്‍ജുന്റെ സഹോദരന്‍ അഭിജിത് തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് പൂര്‍ത്തിയാകുമെന്ന് ഉത്തര കന്നഡ എസ്പി എം നാരായണ പറഞ്ഞു. സാമ്പിളുകള്‍ മംഗളൂരു ഫോറന്‍സിക് ലാബിലേക്ക് അയച്ചു. പരിശോധനാഫലം നാളെ ലഭിക്കുമെന്നാണ് സൂചന.
ഡിഎന്‍എ ഫലം പുറത്തുവന്നാല്‍ അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങും. അര്‍ജുന്‍ ഉപയോഗിച്ച, ലോറിയില്‍ നിന്ന് ലഭിച്ച് വസ്തുക്കള്‍ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ഭാര്യ കൃഷ്ണപ്രിയ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനാ ഫലം വന്നാല്‍ നാളെത്തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
കാണാതായ കര്‍ണാടക സ്വദേശികളായ മറ്റ് രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.