ഷിരൂരില്‍ തിരച്ചിലില്‍ കണ്ടെത്തിയ ലോറി കരയിലെത്തിച്ചു. ക്യാബിന്‍ വിശദമായി പരിശോധിക്കും. ലോറിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനാ ഫലം ഇന്ന് ലഭിക്കും. മൃതദേഹം അര്‍ജുന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചാല്‍ ഉടന്‍ കുടുംബത്തിന് കൈമാറും.
മൃതദേഹം ഇപ്പോള്‍ കാര്‍വാര്‍ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്്. ബുധനാഴ്ച പത്തു മണിയോടെയാണ് ഡ്രഡ്ജര്‍ കമ്പനിയുടെ മുങ്ങല്‍ വിദഗ്ധര്‍ അര്‍ജുന്റെ ലോറിയുടെ ഭാഗം പുഴയുടെ അടിത്തട്ടില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് ലോറി ഉയര്‍ത്തിയത്. കരയില്‍ നിന്ന് 65 മീറ്റര്‍ അകലെയാണ് ലോറി കണ്ടെത്തിയത്. ഷിരൂരില്‍ അപകടം നടന്ന് 71ാം ദിവസമാണ് ലോറി കണ്ടെത്താനാകുന്നത്. സിപി2 വില്‍ നടത്തിയ തിരച്ചിലിലാണ് 12 മീറ്റര്‍ ആഴത്തില്‍ നിന്നും ലോറി കണ്ടെത്തിയത്.
ഗംഗാവലിപുഴയില്‍ ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലാണ് ലോറി കണ്ടെത്താനായത്. കഴിഞ്ഞദിവസങ്ങളില്‍ ലോറിയുടെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ലോറിയിലേതെന്ന് സംശയിക്കുന്ന കയറും കണ്ടെത്തിയിരുന്നു.
ജൂലൈ 16ന് രാവിലെയാണ് ഉത്തര കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് അര്‍ജുനെയും അര്‍ജുന്റെ ലോറിയും കാണാതാകുന്നത്.