X

അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍ നിന്ന് നാട്ടിലേക്ക്

ഷിരൂരിലെ മണ്ണിടിച്ചില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍ നിന്ന് നാട്ടിലേക്ക്. ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം അര്‍ജുന്റേത്് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ വേഗമാക്കിയത്.

അര്‍ജുന്റെ മൃതദേഹവുമായി ആംബുലന്‍സ് കാര്‍വാര്‍ ആശുപത്രിയില്‍ നിന്ന് പുറപ്പെട്ടു. വൈകീട്ട് മൂന്നുമണിയോടെയാണ് പരിശോധനാ ഫലം കുടുംബത്തെ അറിയിച്ചത്. പിന്നാലെ മറ്റു നടപടിക്രമങ്ങള്‍ വേഗത്തിലാക്കി. അര്‍ജുന്റെ മൃതദേഹം കൊണ്ടുവരുന്ന ആംബുലന്‍സില്‍ സഹോദരന്‍ അഭിജിത്തും സഹോദരി ഭര്‍ത്താവ് ജിതിനും ഒപ്പമുണ്ടാകും. മൃതദേഹത്തെ കൊണ്ടുവരുന്നതോടൊപ്പം കര്‍ണാടക പൊലീസും ഉണ്ടാകും. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ മൃതദേഹത്തെ അനുഗമിച്ച് ആബുലന്‍സിന് പുറകിലുണ്ട്.

72 ദിവസത്തിന് ശേഷമാണ് അര്‍ജുന്റെ ലോറി ഗംഗാവലിപുഴയില്‍ നിന്ന് കണ്ടെത്തുന്നത്. CP2 പോയിന്റില്‍ നടത്തിയ തിരച്ചിലില്‍ 12 അടി താഴ്ചയിലായിരുന്നു ലോറി ഉണ്ടായിരുന്നത്. ഡ്രെഡ്ജര്‍ പരിശോധനയിലാണ് ലോറി കണ്ടെത്താനായത്. ക്രെയിന്‍ ഉപയോഗിച്ചാണ് ലോറി കരയിലേക്കെത്തിച്ചത്. ലോറി പൂര്‍ണ്ണമായും ചെളിക്കുള്ളിലായിരുന്നു.

ജൂലൈ 16 ന് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ അപകടത്തിപ്പെടുന്നത്. മണ്ണിടിച്ചിലില്‍ കാണാതായ കര്‍ണാടക സ്വദേശികളായ മറ്റു രണ്ടു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഗംഗിവലിപ്പുഴയില്‍ തുടരുകയാണ്.

lubna sherin: