ഇന്ത്യന്‍ ആര്‍മിയുടെ പുതിയ ഡ്രോണ്‍ യോദ്ധാക്കളില്‍ ഒരാളായി അര്‍ജുന്‍. അതിര്‍ത്തിയില്‍ അതിക്രമിച്ച് കയറുന്ന ഡ്രോണുകളെ അര്‍ജുന്‍ ഇനി പറന്ന് കണ്ടെത്തും. എതിരാളിയുടെ സാന്നിധ്യം കണ്ടെത്തുന്നതില്‍ അതിസാമാര്‍ത്ഥ്യമാണ് അര്‍ജുന്‍ കാഴ്ച വെയ്ക്കുന്നത്. ഉത്തരാഖണ്ഡിലെ ഔലിയില്‍ നടന്ന ഇന്ത്യ-യുഎസ് സംയുക്ത അഭ്യാസ പ്രകടനമായ യുദ്ധ് അഭ്യാസിനിടെയാണ് അര്‍ജുന്റെ അമ്പരപ്പിക്കുന്ന കഴിവുകള്‍ പ്രകടിപ്പിച്ചത്.
തലയില്‍ ക്യാമറയുമായി പറന്നുയരുന്ന അര്‍ജുന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സാങ്കേതിക സംവിധാനം ഉണ്ടാകും. ഡ്രോണുകളെ വീഴ്ത്താനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമായാണ് അര്‍ജുനെ സേനയിലേക്ക് കൊണ്ട് വന്നിരിക്കുന്നത്. നായകളുടെ സഹജമായ സ്വഭാവത്തിന്റെയും, പരുന്തുകളുടെ കണ്ണിന്റെ ശക്തിയെയും സമന്വയിപ്പിച്ചാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
സംഘര്‍ഷ മേഖലകളിലും അതിര്‍ത്തി പ്രദേശങ്ങളിലും ഡ്രോണുകളെ ചെറുക്കുന്നത് വലിയ വെല്ലുവിളിയാണ്. കേവലം ഡ്രോണ്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ മാത്രമല്ല, പക്ഷികളുടെ തലയില്‍ ക്യാമറകള്‍ ഘടിപ്പിച്ച് നിരീക്ഷണത്തിനും ഉപയോഗിക്കാം. 2020ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്.