X

വിജയാസ്ത്രങ്ങളുമായി അര്‍ജുന്‍ ജയരാജ്

ടി.കെ ഷറഫുദ്ദീന്‍

കോഴിക്കോട്: അര്‍ജന്റീനക്കാരന്‍ ഫാബ്രിസിയോ ഓര്‍ട്ടിസ്, ഉഗാണ്ടയുടെ മുഡ്ഡൈ മൂസ, ബ്രസീലിയന്‍ താരം ഗില്ലെര്‍മോ കാസ്‌ട്രോ, ഘാനന്‍ കൗമാരതാരം ക്രിസ്ത്യന്‍ സാബ… ഐലീഗില്‍ ഏതുടീമിനെയും നേരിടാന്‍ നെഞ്ചുറപ്പുള്ള വിദേശതാരനിരയാണ് ഗോകുലം കേരള എഫ്.സിയുടേത്. സീസണ്‍ പാതിവഴി പിന്നിടുമ്പോള്‍ പ്രമുഖ ടീമുകളെ അട്ടിമറിച്ച് ജൈത്രയാത്ര തുടരുന്ന കേരളടീമിന്റെ മധ്യനിരയില്‍ പടനയിക്കുന്നത് പക്ഷെ, ഈ പറഞ്ഞ വിദേശതാരങ്ങളാരുമല്ല… മലയാളി യുവതാരം അര്‍ജുന്‍ ജയരാജാണ്.

പരിചയസമ്പന്നരായ കളിക്കാര്‍ക്ക് നടുവില്‍ തന്റെ കളിമികവ് പുറത്തെടുത്ത മലപ്പുറം മഞ്ചേരിക്കാരന്‍ ടീം മലബാറിയന്‍സിന്റെ കരുത്തും ആവേശവുമാണിപ്പോള്‍…. മൈതാനത്ത് അവസരങ്ങള്‍ സൃഷ്ടിച്ചും ഗോളടിച്ചും അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ റോളില്‍ തിളങ്ങുന്ന 22-കാരന്‍ ഇതിനകം രണ്ട് തവണ കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ താരങ്ങളോട് മത്സരിച്ച് ഐലീഗില്‍ കഴിഞ്ഞ ആഴ്ചയിലെ മികച്ച താരപട്ടവും സ്വന്തമാക്കി. ശനിയാഴ്ച കൊല്‍ക്കത്തയില്‍ കരുത്തരായ ഈസ്റ്റ്ബംഗാളിനെ നേരിടാനൊരുങ്ങുന്ന ഗോകുലം ടീമിന്റെ പ്രതീക്ഷകള്‍ ചുമലിലേറ്റുന്നതും ഈ കൊച്ചുമിടുക്കനാണ്.

അവസാന ഹോംമാച്ചില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരെയുള്ള പ്രകടനം മാത്രംമതി അര്‍ജുന്റെ പ്രതിഭ തിരിച്ചറിയാന്‍. ഒരു ഗോളിന് പിന്നില്‍ നിന്ന സ്വന്തം ടീമിന് സമനില നേടിക്കൊടുത്തത് യുവതാരത്തിന്റെ ബൂട്ടില്‍ നിന്നുപിറന്ന സുന്ദരഷോട്ടാണ്. എണ്ണംപറഞ്ഞ നിരവധി ഗോളുകള്‍ക്ക് സാക്ഷ്യം വഹിച്ച കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ സ്വന്തം പേരെഴുതിച്ചേര്‍ക്കാനും ഈ പ്രകടനത്തിലൂടെ അര്‍ജുന്‍ ജയരാജിന് കഴിഞ്ഞു.

കാല്‍പന്തുകളിയുടെ വലിയലോകം സ്വപ്‌നംകണ്ട് നാട്ടിലെ ഫുട്‌ബോള്‍ ക്ലബുകളിലൂടെയാണ് കരിയറിന്റെ തുടക്കം. ആദ്യമൊക്കെ എതിര്‍പ്പുമായി മാതാപിതാക്കള്‍ എത്തിയെങ്കിലും അര്‍ജുന്റെ നിശ്ചയദാര്‍ഢ്യം അവരെ മാറിചിന്തിപ്പിച്ചു. കായികാധ്യാപകന്‍ മനോജിന്റെ അവധിക്കാല ക്യാമ്പുകളിലൂടെ തുടക്കം. മലപ്പുറം എം.എസ.്പി സ്‌കൂളില്‍ ചേര്‍ന്നത് ജീവിതത്തില്‍ വഴിത്തിരിവായി. 2012ല്‍ സുബ്രതോകപ്പ് ഫൈനല്‍ കളിച്ച എം.എസ്.പി ടീം അംഗമായിരുന്നു. സുബ്രതോകപ്പിലെ മിന്നുംപ്രകടനം പുണെ എഫ്.സിയുടെ അക്കാദമിയിലേക്ക് വഴിതെളിയിച്ചു. അണ്ടര്‍ 17, 19 ദേശീയ മത്സരങ്ങളിലും പങ്കെടുത്തു. മഞ്ചേരി എന്‍എസ്എസ്‌കോളേജിലെ ബിരുദപഠനകാലത്ത് കാലിക്കറ്റ് സര്‍വകലാശാല ജേതാക്കളായ ഫുട്‌ബോള്‍ ടീമില്‍ അംഗമായി.
ഗോകുലം ടീമുമായി കരാറിലൊപ്പിട്ടാണ് ഐ ലീഗിലേക്കുള്ള വരവ്. പ്രഥമസീസണിന്റെ തുടക്കത്തില്‍ മങ്ങിപോയെങ്കിലും അവസാനത്തില്‍ വമ്പന്‍ടീമുകളെ അട്ടിറിച്ച ഗോകുലത്തിന്റെ പോരാട്ടവീര്യത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് അര്‍ജുനായിരുന്നു.. ഇത്തവണ ഐലീഗിലെ മുന്‍നിരടീമുകളില്‍ നിന്ന് വലിയഓഫറുകള്‍ തേടിയെത്തിയെങ്കിലും കേരളടീമിനോടുള്ള ഇഷ്ടവും കോച്ച് ബിനോ ജോര്‍ജ്ജില്‍ വിശ്വാസവും താരത്തെ ഇവിടെതന്നെ നിര്‍ത്തി. ഇന്ത്യയുടെ നീലജഴ്‌സി സ്വപ്‌നം കാണുന്ന യുവതാരം കഠിനാദ്ധ്വാനത്തിലൂടെ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ്.

chandrika: