മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൽ ഷുക്കൂർ വധകേസിലെ പ്രതികളായ പി. ജയരാജനും, ടി. വി രാജേഷും നൽകിയ വിടുതൽ ഹരജിയിൽ പ്രോസിക്യൂഷൻ വാദം ഇന്ന് എറണാകുളം സി.ബി.ഐ സ്പെഷ്യൽ കോടതിയിൽ പൂർത്തിയായി. സി.ബി.ഐക്ക് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടറും കേസിൽ നേരത്തെ കക്ഷി ചേർന്ന അബ്ദുൽ ഷുക്കൂറിന്റെ മാതാവ് ആത്തിക്കക്ക് വേണ്ടി അഡ്വ. മുഹമ്മദ് ഷായുമാണ് ഇന്ന് വിടുതൽ ഹരജിയെ എതിർത്ത് കൊണ്ട് വാദങ്ങൾ നിരത്തിയത്.
കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതികളായ പി. ജയരാജനും ടി വി രാജേഷും വിടുതൽ ഹരജി നൽകിയത്. കൊലപാതകം, ക്രിമിനൽ ഗുഡാലോചന തുടങ്ങിയ വകുപ്പുകളാണ് പി. ജയരാജനും ടി വി രാജേഷിനും എതിരെ സിബിഐ ആരോപിച്ചിരിക്കുന്നത്. കേസിൽ പി ജയരാജനും ടി.വി രാജേഷിനും എതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും വിടുതൽ ഹരജി തള്ളിക്കളയണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പി ജയരാജനും ടി.വി രാജേഷും ഷുക്കൂറിനെ വധിക്കാനുള്ള ക്രിമിനൽ ഗൂഡാലോചനയിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും ഗൂഡാലോചനയിൽ പങ്കെടുത്ത പ്രതികളിൽ ചിലർ കൊലപാതകത്തിലും പങ്കെടുത്തിട്ടുണ്ടെന്നും ഗൂഡാലോചന തെളിയിക്കാനാവശ്യമായ ദൃക്‌സാക്ഷി മൊഴികളും രേഖകളും ഫോൺ റെക്കോഡുകളും സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിലുണ്ടെന്നും ക്രിമിനൽ ഗൂഡാലോചന കുറ്റം പ്രഥമ ദൃഷ്ട്യ നിലനിൽക്കുന്നതിനാൽ വിടുതൽ ഹരജിക്ക് നിയമ സാധുതയില്ലെന്നും ആത്തിക്കയുടെ അഭിഭാഷകൻ അഡ്വ. മുഹമ്മദ് ഷാ വാദിച്ചു. പ്രതിഭാഗം വാദം കേൾക്കുന്നതിനായി കേസ് ഒക്ടോബർ 20ന് വീണ്ടും പരിഗണിക്കും. കേസിൽ കൂടുതൽ വാദങ്ങൾ നിരത്താൻ ആത്തിക്കയുടെ അഭിഭാഷകന് കോടതി അനുമതി നൽകിയിട്ടുണ്ട്.