ന്യൂഡല്‍ഹി: എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറര്‍ ആയിരുന്ന അരിയില്‍ അബ്ദുല്‍ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ ക്രിമിനല്‍ ഗൂഡാലോചനയും കേരള പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചയും അന്വേഷിക്കുന്നതായി സി.ബി.ഐ. ഷുക്കൂര്‍ വധക്കേസിലെ തുടര്‍ അന്വേഷണ ഉത്തരവിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കേസിലെ ഒന്നാം പ്രതി കെ പ്രകാശന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി അന്വേഷണ റിപ്പോര്‍ട്ടിലാണ് കൊലപാതകത്തിന് പിന്നിലെ ക്രിമിനല്‍ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കുന്നതായി സി.ബി.ഐ വെളിപ്പെടുത്തിയിരിക്കുന്നത്.
കേസിലെ ക്രിമിനല്‍ ഗൂഡാലോചനയെ കുറിച്ച് അന്വേഷിച്ചില്ലെന്ന് ഷുക്കൂറിന്റെ മാതാവ് നേരത്തെ ആരോപിച്ചിരുന്നു. കേസിലെ മുഴുവന്‍ പ്രതികളും പി ജയരാജന്‍, ടിവി രാജേഷ് എം.എല്‍.എ എന്നിവര്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും തല്‍സ്ഥിതി റിപ്പോര്‍ട്ടിലുണ്ട്. ജയരായനും രാജേഷിനുമെതിരെ ശക്തമായ അന്വേഷണം നടന്നില്ലെന്നും ഇരുവര്‍ക്കുമെതിരെ വേണ്ടത്ര തെളിവുകള്‍ കേസ് ആദ്യം അന്വേഷിച്ച കേരള പൊലീസ് ശേഖരിച്ചില്ലെന്നും ഷുക്കൂറിന്റെ മാതാവ് പരാതിപ്പെട്ടിരുന്നു. ഇരുവര്‍ക്കുമെതിരായ അന്വേഷണം ദുര്‍ബലപ്പെടുത്തിയോ എന്നതിനെ കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി സി.ബി.ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രതികള്‍ക്കെതിരെ ശക്തവും നിഷ്പക്ഷവുമായ തെളിവുകള്‍ ശേഖരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അന്വേഷണത്തില്‍ പരിഗണിക്കാത്ത ഏതെങ്കിലും തെളിവുകള്‍ കേരള പൊലീസിന്റെ പക്കല്‍ ഉണ്ടോ എന്ന കാര്യവും സി.ബി.ഐ അന്വേഷിക്കുന്നതായും തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2012 ഫെബ്രുവരി 20നാണ് സി.പി.എം ശക്തി കേന്ദ്രമായ കീഴറ വള്ളുവന്‍ കടവില്‍ വെച്ച് അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയത്. സി.പി.എം പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം തടഞ്ഞു വെച്ച് വിചാരണ നടത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്.